ചൈനയുടേത് മോശം വഴി; ഇന്ത്യ അവരെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം പി

കൊവിഡിനെയും ഇപ്പോഴത്തെ ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യന്‍ പട്ടാളക്കാര്‍ ധൈര്യശാലികളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു.1965ലും 1991ലുമെല്ലാം ഇന്ത്യ തകരുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വളരെ മികച്ച നിലയിലേക്ക് ഇന്ത്യ വളരുകയാണ് ചെയ്തത്. വളരെ ശക്തമായ കഴിവുകളുള്ള രാജ്യമാണ് ഇന്ത്യ

Update: 2020-06-20 09:22 GMT

കൊച്ചി: മോശം വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൈനയെ കവച്ചു വെക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം പി. കേരള മാനേജ്മെന്റ് അസോസിയേഷന്‍ സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തില്‍ കൊവിഡും ഇപ്പോഴത്തെ ചൈനീസ് നീക്കങ്ങളും നമ്മുടെ സാമ്പത്തിക രംഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും. കൊവിഡിനെയും ഇപ്പോഴത്തെ ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യന്‍ പട്ടാളക്കാര്‍ ധൈര്യശാലികളുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

1965ലും 1991ലുമെല്ലാം ഇന്ത്യ തകരുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വളരെ മികച്ച നിലയിലേക്ക് ഇന്ത്യ വളരുകയാണ് ചെയ്തത്. വളരെ ശക്തമായ കഴിവുകളുള്ള രാജ്യമാണ് ഇന്ത്യ. ആദ്യകാലത്ത് ആവശ്യത്തിന് ഉല്‍പാദനമില്ലായ്മയാണ് ഇന്ത്യയെ വലച്ചിരുന്നതെങ്കില്‍ ആസൂത്രിതമായ പദ്ധതികളിലൂടെ കേവലം 10 വര്‍ഷംകൊണ്ട് മികച്ച കാര്‍ഷികോല്‍്പാദന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഒറ്റ വിളവെടുപ്പ് മാത്രം നടത്തുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ കൃഷി നടത്തിയാല്‍ ഉല്‍പാദനം ഇനിയും വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങളായി കൃത്യമായ നയങ്ങളിലൂടെയല്ല ഇന്ത്യ സഞ്ചരിക്കുന്നത്. സാമ്പത്തിക രംഗത്തുള്ളവര്‍ കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ലെന്നും മോശം നയങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡിനെ തുടര്‍ന്ന് ധനകാര്യമന്ത്രി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും അത് സാധാരണ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലുമുള്ള ശേഷി പൊതുജനത്തിനില്ലെന്നാണ് അടുത്ത കാലത്തെ കണക്കുകള്‍ കാണിക്കുന്നത്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയും അതുവഴി സാമ്പത്തിക മേഖലയെ ചലിപ്പിക്കുകയുമാണ് വേണ്ടത്. ഉല്‍പാദന വര്‍ധനവിലൂടെയാണ് സാമ്പത്തിക രംഗത്തെ വികസിപ്പിക്കേണ്ടത്.നിലവില്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള യുദ്ധ സമാന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് മുതലെടുത്ത് ആയുധങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കണം. അത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ചൈനയുടെ നീക്കങ്ങള്‍ക്ക് രാജ്യാന്തര പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ മേഖലയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന ചൈനക്കാര്‍ അവിടം ഒഴിവാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിന്റെ ആക്രമണം ഉണ്ടായില്ലെങ്കിലും ഇന്ത്യന്‍ സാമ്പത്തിക രംഗം താഴേക്ക് പോകുമായിരുന്നു. അടുത്ത വര്‍ഷത്തോടെ കൊവിഡ് ഇല്ലാതാകുമെന്നും അതോടെ കാര്യങ്ങള്‍ തിരികെ പിടിക്കാന്‍ സാധിച്ചേക്കുമെന്നും സുബ്രഹ്മണ്യംസ്വാമി പറഞ്ഞു.കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിബു പോള്‍, കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ് രാജ്മോഹന്‍ നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍, ഹോണററി സെക്രട്ടറി ബിബു പുന്നൂരാന്‍ സംസാരിച്ചു. 

Tags:    

Similar News