നവീകരിച്ച കെ എം എ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാന മന്ദിരം ആള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കവിന്‍ കെയര്‍ സി എം ഡിയുമായ സി കെ രംഗനാഥന്‍ ഉദ്ഘാടനം ചെയ്തു.മന്ത്രി പി രാജീവ് ശിലാഫലകം അനാച്ഛാദനം ചെയ്തു
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാന മന്ദിരം ആള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കവിന്‍ കെയര്‍ സി എം ഡിയുമായ സി കെ രംഗനാഥന്‍ ഉദ്ഘാടനം ചെയ്തു.മന്ത്രി പി രാജീവ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കെ എം എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിവേഗം മാറുന്ന ബിസിനസ് മോഡലുകള്‍ക്കും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ചും മികച്ച മാനേജ്‌മെന്റ് രീതികള്‍ രൂപപ്പെടുത്തുന്നതില്‍ കെ എം എ വഹിക്കുന്ന പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് എ ഐ എം എ പ്രസിഡന്റ് സി.കെ രംഗനാഥന്‍ പറഞ്ഞു. രാജ്യത്തെ മികച്ച മാനേജ്‌മെന്റ് അസോസിയേഷനുകളില്‍ ഒന്നാണ് കെ എം എ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് കൂടുതല്‍ അറിവ് പകരാനും സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധരാക്കാനും കെ എം എ പരിശ്രമിക്കണമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
കെ എം എ ഹൗസിലെ രണ്ടാം നിലയിലെ 120 പേര്‍ക്കിരിക്കാവുന്ന ഹാള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി സംസാരിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീപ് അഹമ്മദ്, , ജിയോജിത് സ്ഥാപകനും എം ഡിയുമായ സി ജെ ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ മധു അലക്‌സിയസ് ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍, ഓണററി സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ്, എസ് ആര്‍ നായര്‍, വിവേക് കൃഷ്ണ ഗോവിന്ദ്, ബിബു പുന്നൂരാന്‍, സജി വി മാത്യു സംസാരിച്ചു. പൂര്‍ണമായും പുതുക്കി നിര്‍മ്മിച്ച കെട്ടിടം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വെള്ളക്കെട്ടുകള്‍ ഉണ്ടാകാവുന്ന സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടു റോഡ് നിരപ്പില്‍ നിന്നും നാലടിയോളം ഉയര്‍ത്തിയാണ് പുനര്‍വിഭവനം ചെയ്തത്. യോഗങ്ങള്‍, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്കായി പൊതുജനങ്ങള്‍ക്കും ഹാള്‍ ലഭ്യമാകും.