വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരായിരിക്കണമെന്ന് ശ്യാം ശ്രീനിവാസന്‍
കെഎംഎ യുടെ 2022 23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു. 'ഗ്ലോബല്‍ ഇക്കോണമി മൂവിങ്ങ് ഫ്രം ദി ഡെവിള്‍ ടു ദി ഡീപ് സീ മാനേജേരിയല്‍ ചലഞ്ചസ് ' എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിറഞ്ഞ കാലമാണ് കഴിഞ്ഞു പോയതെന്നും വെല്ലുവിളികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജിക്കുകയാണ് വേണ്ടതെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ലോകമൊന്നടങ്കം റീബാലന്‍സ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രതിസന്ധികള്‍ക്കൊടുവിലും കയറ്റുമതി വ്യവസായം ഇന്ത്യയില്‍ ശകതിപ്പെടുന്നത് ശുഭസൂചനയാണ്. യു എസില്‍ പോലും പണപ്പെരുപ്പം രണ്ടക്കത്തില്‍ എത്തിയ സ്ഥിതി വിശേഷമാണ്.ലോകരാജ്യങ്ങളെല്ലാം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. എന്നാല്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള നേതൃത്വം ഇതിനാവശ്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നും മലയാളികള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ഇന്ത്യയിലെ ചില വ്യവസായ മേഖലകള്‍ വളര്‍ച്ചയുടെ പാതയിലാണ് . എങ്കിലും വര്‍ധിച്ച ഇന്ധന ഉപഭോഗവും ഇന്ധനവില വര്‍ധനവും കനത്ത വെല്ലുവിളിയാണ്. അടുത്ത രണ്ട് വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. പുതു തലമുറ ബാങ്കുകള്‍ കൂടുതലായി വരുന്നുണ്ടെങ്കിലും രാജ്യത്തെ നിയമം അനുസരിച്ച് ശക്തമായ ചട്ടക്കൂടുകള്‍ അവയ്ക്കുണ്ട്. മറ്റ് രാജ്യങ്ങളിലെ നിയോ ബാങ്കുകളുമായി നമ്മുടെ രാജ്യത്തെ നിയോ ബാങ്കുകളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് എസ് ആര്‍ നായര്‍ ഗ്ലോബല്‍ ഇക്കോണമി മൂവിങ്ങ് ഫ്രം ദി ഡെവിള്‍ ടു ദി ഡീപ് സീ മാനേജേരിയല്‍ ചലഞ്ചസ് ' എന്ന വിഷയത്തില്‍ ശ്യാം ശ്രീനിവാസനുമായി സംവാദം നടത്തി. കെ എം എ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ ആമുഖ പ്രസംഗം നടത്തി. കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ സ്വാഗതവും ഓണററി സെക്രട്ടറി അല്‍ഗേഴ്‌സ് ഖാലിദ് നന്ദിയും പറഞ്ഞു.