കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച ലാഭം കൊയ്യാന്‍ എയര്‍ ഫ്രഷ്‌നര്‍ നിര്‍മാണം
മികച്ച വിപണിയുണ്ടെങ്കിലും ഇവ നിര്‍മിക്കുന്നതിലോ ഇതുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ ആരംഭിക്കുന്നതിലോ നാം മലയാളികള്‍ ഏറെ പിന്നിലാണ്.ഇത്തരത്തില്‍ ചെറിയ മുതല്‍ മുടക്കില്‍ മികച്ച ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു ഉല്‍പ്പന്നമാണ് എയര്‍ ഫ്രഷ്‌നറുകളുടെ നിര്‍മ്മാണം.
ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങളിലൂടെ അയല്‍സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. മികച്ച വിപണിയുണ്ടെങ്കിലും ഇവ നിര്‍മിക്കുന്നതിലോ ഇതുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ ആരംഭിക്കുന്നതിലോ നാം മലയാളികള്‍ ഏറെ പിന്നിലാണ്.ഇത്തരത്തില്‍ ചെറിയ മുതല്‍ മുടക്കില്‍ മികച്ച ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു ഉല്‍പ്പന്നമാണ് എയര്‍ ഫ്രഷ്‌നറുകളുടെ നിര്‍മ്മാണം.
കേരളം എയര്‍ ഫ്രഷ്‌നറുകളുടെ മികച്ച വിപണി
രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിത നിലവാരത്തില്‍ ഏറെ മുന്നിലാണ് മലയാളികള്‍. ആരോഗ്യ രംഗത്തും പാര്‍പ്പിട മേഖലയിലും മറ്റു ഇതര മേഖലകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍കുതിച്ച് ചാട്ടമാണ് മലയാളികള്‍ നടത്തിയിട്ടുള്ളത്.
ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവരാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. അതോടൊപ്പം മികച്ച പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധാലുക്കളാണ് മലയാളികള്‍.
തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും കേരളക്കാര്‍ ഏറെ മുന്നില്‍ തന്നെയാണ്. തങ്ങളുടെ വീട്ടകങ്ങളും ശുചിമുറികളും ദുര്‍ഗന്ധപൂരിതമായി നില്‍ക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് മലയാളികളില്‍ ഏറെയും. തങ്ങളുടെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും നറു മണം പടര്‍ത്തി നിലകൊള്ളുന്നതിനും മോശമല്ലാത്ത തുക നാം ചെലവഴിക്കാറുമുണ്ട്. കിടപ്പു മുറികളിലും ശുചി മുറികളിലും സൗരഭ്യം നിലനിര്‍ത്താന്‍ ഇപ്പോള്‍ മലയാളികള്‍ എയര്‍ഫ്രഷ്‌നര്‍ പതിവായി ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍, കേരളത്തില്‍ എയര്‍ ഫ്രഷ്‌നര്‍ നിര്‍മ്മാണ കമ്പനികളുടെ എണ്ണം വളരെ കുറവാണ്. പലതും ഇതര സംസ്ഥാനങ്ങളില്‍നിന്നു വാങ്ങി റീബ്രാന്‍ഡ് ചെയ്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഈ രംഗത്തെ നിര്‍മാണ കുത്തക ഇതര സംസ്ഥാനങ്ങള്‍ക്കാണ്. പ്രാദേശിക നിര്‍മ്മാതാവ് എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ ചെറിയ കാലയളവില്‍ തന്നെ വിപണി പിടിച്ചടക്കാന്‍ സാധിക്കും.
കുടില്‍ വ്യവസായമായി തുടങ്ങാന്‍ സാധിക്കുമെന്നത് മേന്മ
വലിയ സാങ്കേതിക വിദ്യകളുടെ ഉപയോഗമില്ലെന്നതും സ്ത്രീകള്‍ക്ക് പോലും യന്ത്രം പ്രവര്‍ത്തിപ്പിച്ച് നിര്‍മ്മാണം നടത്താം എന്നതും ഈ വ്യവസായത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ചെറിയ മുതല്‍ മുടക്കില്‍ പരിമിതമായ സ്ഥലത്തു നിര്‍മാണം നടത്താന്‍ സാധിക്കുമെന്നതും ഇതിന്റെ മേന്മയാണ്.
പ്രാദേശികമായി നേരിട്ട് മാര്‍ക്കറ്റ് ചെയ്യുന്നതോടൊപ്പം മറ്റ് സ്ഥലങ്ങളിലേക്ക് വിതരണക്കാരെ നിയമിച്ചും വില്‍പ്പന സാധ്യമാക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റാളുകള്‍, സ്‌റ്റേഷനറി ഷോപ്പുകള്‍ വഴിയെല്ലാം വില്‍പ്പന സാധ്യമാക്കാം.
നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാരാ ഡി ക്ലോറോബന്‍സില്‍ പൗഡറില്‍ നിശ്ചിത അനുപാതത്തില്‍ ഓയില്‍ ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ പെര്‍ഫ്യൂം, കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാണ് റൂം ഫ്രഷ്‌നര്‍ നിര്‍മ്മിക്കുന്നതിനുള്ള റെഡി മിക്‌സ് നിര്‍മിക്കുന്നത്. തുടര്‍ന്ന് ഈ റെഡിമിക്‌സ് പഞ്ചിംഗ് മെഷീനില്‍ നിറച്ച് കേക്ക് രൂപത്തിലും ബോള്‍രൂപത്തിലും നിര്‍മ്മിച്ചെടുക്കാം. ആവശ്യമുള്ള ആകൃതി ലഭിക്കുന്നതിന് പഞ്ചിംഗ് യന്ത്രത്തിന്റെ ഡൈ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. തുടര്‍ന്ന് ജലാറ്റിന്‍ ഫോയിലുകള്‍ ഉപയോഗിച്ച് വായു കടക്കാതെ കവര്‍ ചെയ്തതിനു ശേഷം പ്ലാസ്റ്റിക് നെറ്റും ലോക്കും ഉപയോഗിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാം. 100 ഗ്രാം കേക്ക് ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കും.
മൂലധന നിക്ഷേപം
എയര്‍ ഫ്രഷ്‌നര്‍ നിര്‍മ്മാണ യന്ത്രത്തിന് 2,70,000.00 രൂപയാണ് മാര്‍ക്കറ്റ് വില. പായ്ക്കിംഗ് യന്ത്രത്തിന് 30,000.00 രൂപ വരെ വരുന്നുണ്ട്. അനുബന്ധ ചെലവുകള്‍ക്കായി 20,000.00 രൂപ മാറ്റി വയ്‌ക്കേണ്ടിവരും.
പ്രവര്‍ത്തന മൂലധനമായി 3.2 ലക്ഷം രൂപ മതിയാകും. കൂടാതെ, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും പായ്ക്കിങ്ങിനുള്ള അനുബന്ധ പായ്ക്കിംഗ് അനുബന്ധ സാമഗ്രികള്‍ക്കും 75000 രൂപയോളം ചെലവ് വരും. പ്രതിദിനം 1000 എയര്‍ ഫ്രഷ്‌നറുകള്‍ വരെ നിര്‍മ്മിക്കാന്‍ കഴിയും. 100 ഗ്രാം എയര്‍ ഫ്രഷ്‌നര്‍ കേക്ക് 30 മുതല്‍ 50 രൂപ വരെയാണ് വിപണി വില.