പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക; കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ
ഡിസംബറില്‍ ഭക്ഷ്യ വില സൂചിക 9.5 ശതമാനത്തില്‍ നിന്നും 3.41 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കുറഞ്ഞത് പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ന്യൂഡല്‍ഹി: കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍നിന്നു പതുക്കെ കരകയറുന്നതിനിടെ സാധാരണക്കാര്‍ക്ക് കൂനിന്‍മേല്‍കുരുവായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി.
നേരത്തെ, ബജറ്റില്‍ പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക വികസന സെസ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സെസ് ജനങ്ങളില്‍ അധിക ഭാരമേല്‍പ്പിക്കാതിരിക്കാന്‍ അടിസ്ഥാന എക്‌സൈസ് തീരുവയും അധിക എക്‌സൈസ് തീരുവയും അനുപാതികമായി കേന്ദ്രം കുറച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ 2.5 രൂപയാണ് സാധാരണ പെട്രോളില്‍ പ്രാബല്യത്തില്‍ വരുന്ന ഇറക്കുമതി തീരുവ. ഇതിനൊപ്പം ഓരോ ലിറ്റര്‍ പെട്രോളിനും 14.90 രൂപ നികുതി, 18 രൂപ കസ്റ്റംസ് ഡ്യൂട്ടി, 1.40 രൂപ അടിസ്ഥാന എക്‌സൈസ് തീരുവ, 2.5 രൂപ കാര്‍ഷിക വികസന സെസ് എന്നിവ കൂടി ഈടാക്കപ്പെടും. ഓരോ സംസ്ഥാനത്തും പെട്രോളിലും ഡീസലിലുമുള്ള നികുതി ഘടന വ്യത്യസ്തമാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
എന്തായാലും നികുതി നിരക്കുകള്‍ വെട്ടിക്കുറച്ച് പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാവണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം. രാജ്യത്തെ ഭക്ഷ്യ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിസംബറില്‍ ഭക്ഷ്യ വില സൂചിക 9.5 ശതമാനത്തില്‍ നിന്നും 3.41 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കുറഞ്ഞത് പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പു വര്‍ഷം നാലാം പാദം 5.2 ശതമാനമായിരിക്കും ചില്ലറ പണപ്പെരുപ്പ നിരക്കെന്ന് പ്രവചനം റിസര്‍വ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം ആദ്യ പാദം ഇത് 5.2 മുതല്‍ 5.0 ശതമാനം വരെയായി ചുരുങ്ങാം. 2022 സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 4.3 ശതമാനം പണപ്പെരുപ്പ നിരക്കാണ് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നത്.