ബോട്ടുകളും വള്ളങ്ങളും വൈദ്യുതീകരിക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് യെസെന്‍ സസ്‌റ്റെയ്ന്‍

യെസെന്‍ സസ്‌റ്റെയ്ന്‍ അവതരിപ്പിക്കുന്ന ഇമറൈന്‍ സാങ്കേതികവിദ്യ നിലവിലുള്ളതും പുതിയതുമായ ബോട്ടുകളേയും വള്ളങ്ങളേയും കുറഞ്ഞ ചെലവിലും നിക്ഷേപം വേഗത്തില്‍ തിരിച്ചു പിടിക്കാവുന്ന വിധവും വൈദ്യുതീകരിക്കാന്‍ സഹായിക്കുന്നതാണെന്ന് യെസെന്‍ സസ്‌റ്റെയ്ന്‍ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മാത്യു പറഞ്ഞു

Update: 2022-06-04 13:00 GMT

കൊച്ചി: നിലവിലുള്ളതും പുതിയതുമായ ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി വൈദ്യുതീകരിക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് യെസെന്‍ സസ്‌റ്റെയ്ന്‍.യെസെന്‍ സസ്‌റ്റെയ്ന്‍ അവതരിപ്പിക്കുന്ന ഇമറൈന്‍ സാങ്കേതികവിദ്യ നിലവിലുള്ളതും പുതിയതുമായ ബോട്ടുകളേയും വള്ളങ്ങളേയും കുറഞ്ഞ ചെലവിലും നിക്ഷേപം വേഗത്തില്‍ തിരിച്ചു പിടിക്കാവുന്ന വിധവും വൈദ്യുതീകരിക്കാന്‍ സഹായിക്കുന്നതാണെന്ന് യെസെന്‍ സസ്‌റ്റെയ്ന്‍ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മാത്യു പറഞ്ഞു.ഡീസലിലുളള ആശ്രയത്വം കുറച്ച് മല്‍സ്യബന്ധന, വാട്ടര്‍ ടൂറിസം മേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാനും സഹായിക്കുന്നു.ഇമറൈന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് മോഡ്യുലര്‍ കിറ്റുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.


നിലവിലുള്ള ബോട്ടുകളിലേയും വള്ളങ്ങളിലേയും ഡീസല്‍ എന്‍ജിനുകള്‍ മാറ്റി അതിനു പകരം ഘടിപ്പിക്കാവുന്ന (റിട്രോഫിറ്റിംഗ്) സോളാര്‍, ഇലക്ട്രിക് മോഡ്യുലാര്‍ കിറ്റുകള്‍ ലോകത്താദ്യമായാണ് ഒരു സ്ഥാപനം അവതരിപ്പിക്കുന്നതെന്നും ജോര്‍ജ് മാത്യു പറഞ്ഞു. ഡീസല്‍ തുടങ്ങിയ ജൈവഇന്ധനങ്ങളുടെ ഉപഭോഗം ഒഴിവാക്കുന്നതിലൂടെ ലോകമെങ്ങുമുള്ള ഫിഷറീസ്, ടൂറിസം മേഖലകള്‍ക്ക് ഇമറൈന്‍ വന്‍കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യെസെന്‍ സസ്‌റ്റെയ്‌ന്റെ കൊച്ചിയിലുള്ള കേന്ദ്രത്തിലാണ് ഈ രംഗത്തെ ആഗോള നിര്‍മാണകമ്പനികളായ ഹൈപ്പര്‍ ക്രാഫ്റ്റ്, എല്‍കോ, പോളാരിയം, സിഇടിഎല്‍, എന്‍ആര്‍കാ എന്നിവയുടെ സാങ്കേതികസഹായത്തോടെ ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.

ലോകമെങ്ങും വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറുന്നുണ്ടെങ്കിലും ഒരു പുതിയ ഇലക്ട്രിക് വാഹനം നിര്‍മിക്കുമ്പോള്‍ അത് നിലവിലുള്ള ഐസിഎന്‍ജിന്‍ വാഹനങ്ങളേക്കാള്‍ വലിയ കാര്‍ബണ്‍ ഫുട്പ്രിന്റ് അവശേഷിപ്പിക്കുമെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. പെട്ടെന്ന് പുതിയ വാഹനങ്ങളിലേയ്ക്കു മാറുന്നതിലെ കനത്ത ചെലവാണ് മറ്റൊരു പ്രശ്‌നം. നിലവിലുള്ള വാഹനങ്ങളുടെ എന്‍ജിന്‍ മാത്രം മാറ്റി പ്രശ്‌നം പരിഹരിക്കുകയാണ് പ്രധാനം. ഇതു കണക്കിലെടുത്താണ് യെസെന്‍ സസ്‌റ്റെയ്‌ന്റെ ഗവേഷണ, വികസന വിഭാഗം പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നിലവിലുള്ള ബോട്ടുകള്‍ക്ക് ഒരു നിശ്ചിത ആയുസ്സുണ്ട്. അതിനു മുമ്പ് അവ ഉപേക്ഷിക്കുന്നത് അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ കാര്‍ബണ്‍ വികിരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഗ്യാസ്, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതുപോലെ നിലവിലുള്ള ബോട്ടുകളിലും വള്ളങ്ങളിലും ഫിറ്റു ചെയ്യാവുന്ന പ്രിഎന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്‍, സോളാരൈസേഷന്‍ കിറ്റുകളാണ് ഇമറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഐസി എന്‍ജിനുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ എളുപ്പത്തില്‍ നിക്ഷേപം തിരിച്ചു പിടിയ്ക്കുന്നതും ചെലവു കുറഞ്ഞുതും വേഗത്തില്‍ സ്ഥാപിക്കാവുന്നതുമാണെന്നും ജോര്‍ജ് മാത്യു വിശദീകരിച്ചു.

മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിക്ഷേപം തിരിച്ചു പിടിയ്ക്കാം.ഔട്ട്‌ബോഡ് എന്‍ജിനുകളുടെ റിട്രോഫിറ്റിംഗ് രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ടും ഇന്‍ബോഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാം. ഐആര്‍എസ് നിബന്ധനകള്‍ക്കനുസൃതമായ ഉയര്‍ന്ന ഗുണനിലവാരവും ഇമറൈന്‍ സാങ്കേതികവിദ്യ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ലിക്വിഡ്കൂള്‍ഡ് മറൈന്‍ ബാറ്ററി പാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

കഠിനമായ സാഹചര്യങ്ങളിലും മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. ജലയാനങ്ങളുടേയും അതിലെ യാത്രക്കാരുടേയും പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ബഹുമുഖ സുരക്ഷാ സംവിധാനങ്ങളും ഈ സാങ്കേതികവിദ്യയുടെ ഭാഗമാണ്. ഒരു എച്ച്പി മുതല്‍ 2000 എച്ച്പി വരെ ശക്തിയുള്ള ഫിഷിംഗ് ബോട്ടുകള്‍, വള്ളങ്ങള്‍, ഹൗസ്‌ബോട്ടുകള്‍ തുടങ്ങിയവയ്ക്ക് ഇമറൈന്‍ കിറ്റുകള്‍ അനുയോജ്യമാണെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

Tags:    

Similar News