ബദല്‍ സത്യങ്ങള്‍ അഥവാ സത്യാനന്തര സത്യങ്ങള്‍...; നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത് എഴുതുന്നു
സത്യം ചെരുപ്പിന്റെ വാര്‍ ഇടുമ്പോഴേക്കും നുണ ലോകത്തിന്റെ പാതി ചുറ്റിയിരിക്കും എന്നല്ലേ...
കോഴിക്കോട്: അസത്യങ്ങളും അര്‍ധസത്യങ്ങളും വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്, അതിനെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് കൊച്ചിയിലെ കണ്‍സല്‍ട്ടിങ് കമ്പനി ഉടമയായ നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഇന്ത്യയൊട്ടാകെ ഏകോപിപ്പിക്കാന്‍ സാമൂഹിക മനഃശാസ്ത്രഞ്ജരും പരസ്യ തന്ത്രങ്ങള്‍ ഒരുക്കുന്നവരും, ഡാറ്റ അനാലിസിസ് ചെയ്യുന്നവരും, മാധ്യമ പ്രവര്‍ത്തകരും ഒക്കെയായി വളരെയധികം പണം ചെലവാക്കി നിലനിര്‍ത്തിയിരിക്കുന്ന പ്രൊഫഷനലുകളുടെ ഒരു ടീം ഉണ്ടെന്നും അദ്ദേഹം വിവരിക്കുന്നു.
നസീര്‍ ഹുസയ്ന്‍ കിഴക്കേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറിയപ്പോഴാണ് വാഷിങ്ടണില്‍ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്' ട്രംപ് അധികാരത്തില്‍ കയറിയ സമയത്ത് പ്രസ് സെക്രട്ടറിയായി നിയമിച്ച ഷോണ്‍ സ്‌പൈസെര്‍ പറഞ്ഞതാണ്. പക്ഷേ, അമേരിക്കയിലെ മാധ്യമങ്ങള്‍ ആ അവകാശവാദം പൊളിച്ചു കൈില്‍ കൊടുത്തു. ഉദ്ഘാടന സമയത്തെ ഏരിയല്‍ ഫോട്ടോ, അന്ന് എത്രപേര്‍ പൊതു ഗതാഗതം ഉപയോഗിച്ചു എന്നെല്ലാമുള്ള ഡാറ്റ ഉപയോഗിച്ച് ട്രംപ് അധികാരത്തില്‍ കയറിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പേര്‍ ഒബാമയുടെ ഇനാഗുറേഷന് വന്നിരുന്നു എന്ന് തെളിവുസഹിതം സമ്മതിച്ചപ്പോള്‍ ട്രംപ് പറഞ്ഞു: 'അത് നിങ്ങളുടെ സത്യം, ഞങ്ങള്‍ പറഞ്ഞത് ഞങ്ങളുടെ സത്യം...'. ബദല്‍ സത്യം അഥവാ സത്യാനന്തര സത്യം എന്ന ഒരു പുതിയ സംഗതിയുടെ ഉദ്ഘാടനം ആയിരുന്നു അത്. തിരഞ്ഞെടുപ്പ് സമയം മുഴുവന്‍ ട്രംപിന്റെ ടീം ഉപയോഗിച്ച് കൊണ്ടിരുന്ന, സത്യത്തെ വളച്ചൊടിച്ച്, ആടിനെ പട്ടിയാക്കുക എന്ന സംഗതിയാണ് സത്യാനന്തര സത്യം, alternative truth as an a post truth.
ഈ സംഗതി ഇന്ത്യയില്‍ ഏറ്റവും ആദ്യമായും ഫലപ്രദമായും ഉപയോഗിക്കുന്നത് ബിജെപിയാണ്. എന്റെ കൂടെ എന്‍ജിനീയറിങ് കോളജില്‍ പഠിച്ച്, ഇന്‍ഫോസിസില്‍ കാംപസ് ഇന്റര്‍വ്യൂ കിട്ടി വലിയ പോസ്റ്റിലിരുന്ന ഒരു സുഹൃത്ത്, ഏതാണ്ട് 6 വര്‍ഷം മുമ്പ്, ജോലി രാജിവച്ച് ബിജെപി ഐടി സെല്ലിന്റെ തിരുവനന്തപുരം ടീമില്‍ ചേര്‍ന്നു എന്ന് കേട്ടപ്പോള്‍ അവരുടെ വെബ്‌സൈറ്റ് എന്തെങ്കിലും ശരിയാക്കാനോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ, അവര്‍ നടത്തുന്ന ആയിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് അര്‍ദ്ധസത്യങ്ങള്‍ നിറഞ്ഞ കണ്ടെന്റ് ട്രോളുകളായും മറ്റും ഉണ്ടാക്കികൊടുത്ത്, അത് പല ഫാമിലി ഗ്രൂപ്പുകള്‍ വഴി ഏറ്റവും അടിത്തട്ടിലുള്ള ആളുകളില്‍ വരെ എത്തിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് അവരും, ബിജെപിയുടെ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ഐടി സെല്ലുകളും ചെയ്യുന്നത് എന്ന് വളരെ വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്. അതും അവരോട് തെറ്റിപ്പിരിഞ്ഞു വന്ന വേറെയൊരു സുഹൃത്ത് വഴി. ഇതെല്ലാം ഇന്ത്യ ഒട്ടാകെ ഏകോപിപ്പിക്കാന്‍ സാമൂഹിക മനഃശാസ്ത്രഞ്ജരും പരസ്യ തന്ത്രങ്ങള്‍ ഒരുക്കുന്നവരും, ഡാറ്റ അനാലിസിസ് ചെയ്യുന്നവരും, മാധ്യമ പ്രവര്‍ത്തകരും ഒക്കെയായി വളരെയധികം പണം ചെലവാക്കി നിലനിര്‍ത്തിയിരിക്കുന്ന പ്രൊഫഷണലുകളുടെ ഒരു ടീം വേറെയും ഉണ്ട്.
നിങ്ങള്‍ ബിജെപിക്ക് എതിരായി ഒരു പോസ്റ്റിട്ടാല്‍ കുറേയാളുകള്‍, മിക്കവാറും ഫേക്ക് ഐഡിയില്‍ നിന്ന് വന്ന് ഒരേ പോലുള്ള കമന്റിടുന്നത് ഒരു പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചു കാണും. ഇത് ബിജെപി ഐടി സെല്ലിന്റെ ചെറിയൊരു രൂപം മാത്രം. ഏറ്റവും വലിയ പണി പക്ഷേ, അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ജവാഹര്‍ലാല്‍ നെഹ്‌റു കുറേ സ്ത്രീകളുമായി നില്‍ക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആയുള്ള ഫോട്ടോകളുടെ ഒരു കൊളാഷ് പ്രചരിപ്പിച്ചത് ബിജെപി ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ തന്നെയാണ്. സംഭവം എല്ലാ ഫോട്ടോയും സത്യം തന്നെയാണ്. പക്ഷേ, അതിലെ രണ്ടു ഫോട്ടോയിലും നെഹ്‌റു കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് സ്വന്തം സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെയാണന്നും, മറ്റൊരു ഫോട്ടോയില്‍ നെഹ്‌റു അഭിനന്ദിക്കുന്ന സ്ത്രീ, നെഹ്‌റുവിന്റെ കൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അമ്മു സ്വാമിനാഥന്റെ മകളും, ഇന്ത്യ കണ്ട പ്രഗല്‍ഭ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായിയെ ഒരു നൃത്ത പരിപാടി കഴിഞ്ഞ് അഭിനന്ദിക്കുന്നതാണെന്നും, അവര്‍ പറയില്ല. ഈ ഫോട്ടോസ് മാത്രം കാണുന്ന, അധികം റിസര്‍ച്ച് ചെയ്യാത്ത സാധാരണക്കാരുടെ കണ്ണില്‍ നെഹ്‌റുവിനെ ഒരു പെണ്ണുപിടിയന്‍ ആക്കാന്‍ ഈ ഫോട്ടോ ധാരാളം മതി എന്നവര്‍ക്കറിയാം.
സത്യാനന്തര സത്യത്തിന്റെ ഒരു സ്വഭാവം ഇതാണ്. ഒരു ന്യൂനപക്ഷം ആളുകള്‍ മാത്രം മനസ്സിലാക്കുന്ന വസ്തുതകള്‍ക്ക് പകരം ഭൂരിഭാഗം ആളുകളിലേക്ക് എത്തുന്ന വികാരങ്ങളെ മുതലെടുക്കുക. ഉദാഹരണത്തിന് ശബരിമല വിഷയത്തില്‍ അവര്‍ നടത്തിയ പ്രചാരണം കേരളത്തിലെ ഇടതു ഗവണ്‍മെന്റ് ഹിന്ദു ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്ന നിലയിലാണ്. സുപ്രിംകോടതിയില്‍ കേസിനു പോയത് ഇടതു ഗവണ്‍മെന്റ് അല്ലെന്നും, സുപ്രിംകോടതി ഒരു വിധി പ്രസ്താവിച്ചാല്‍ അത് നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും വിവേകപൂര്‍വം അന്നു പറഞ്ഞ ആളുകളേക്കാള്‍ കൂടുതല്‍ ആളുകളുടെ ഇടയിലേക്ക് ഇടതു സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്ന സന്ദേശം എതിര്‍ക്കാന്‍ അവര്‍ക്കായി. ഈയടുത്ത് പാര്‍ലമെന്റില്‍, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആയതുകൊണ്ട് ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ബിജെപി മന്ത്രി പറഞ്ഞത് പക്ഷേ, എത്ര പേര് കണ്ടുകാണും?. ഇതുപോലെ പറയാന്‍ അനേകം അര്‍ധസത്യങ്ങള്‍ ബിജെപിയുടെ വകയായുണ്ട്. നെഹ്‌റു ആണ് ഇന്ത്യയെ വിഭജിച്ചത് എന്നുമുതല്‍, രാഹുലിന് നാല് പാസ്‌പോര്‍ട്ട് ഉണ്ടെന്നും വരെ. രാഹുലിന് നാലു പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അധികാരത്തില്‍ ഇരിക്കുന്ന ഗവണ്‍മെന്റിനു പുള്ളിയെ പിടിച്ച് അകത്തിടാന്‍ പാടില്ലേ എന്നാരും ചോദിക്കരുത്. സോണിയാഗാന്ധിയുടെ പേരിലും രാജീവ് ഗാന്ധിയുടെ പേരിലും സ്വിസ് ബാങ്കില്‍ ആയിരക്കണക്കിന് കോടി കള്ളപ്പണം ഉണ്ടെന്നും മറ്റും ഒരു വശത്ത് വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിക്കുമ്പോള്‍, ഈ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് സോണിയ ഗാന്ധിയോട് 2011ല്‍ തന്നെ എല്‍ കെ അദ്വാനി മാപ്പു പറഞ്ഞ കാര്യം അവര്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കും.
മലപ്പുറത്ത് നോമ്പുകാലത്ത് ഭക്ഷണം കിട്ടില്ല എന്നതൊക്കെ ഇതിന്റെ ഒരു ലോക്കല്‍ വേര്‍ഷനാണ്, മലപ്പുറത്തെ മുസ് ലിം പുരുഷന്‍മാരില്‍ ഭൂരിഭാഗത്തിനും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിനെ ഞാന്‍ തിരുവനന്തപുരത്ത് കണ്ടിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം എടുത്താണ് ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നത് എന്ന നുണയുടെ സത്യാവസ്ഥ വിഷകലയെ സതീശന്‍ എംഎല്‍എ നിയമസഭയില്‍ പൊളിച്ചടുക്കുന്നത് കണ്ടവര്‍ക്ക് അറിയാം, അല്ലാത്തവര്‍ ഇന്നും അത് വിശ്വസിക്കുന്നുണ്ടാവും. ട്വിറ്റര്‍, ഫേസ്ബുക്, വാട്‌സാപ്പ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തന്നെ ഇങ്ങനെയുള്ള ഫേക്ക് വാര്‍ത്തകള്‍ പറക്കുന്നതിനെ കുറിച്ച് ബോധവാന്‍മാരാണ്. അതുകൊണ്ടാണ് തിരഞ്ഞെടുത്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗൂഗിള്‍ 'എങ്ങനെ ഫേക്ക് വാര്‍ത്തകള്‍' കണ്ടുപിടിക്കാം എന്നു സൗജന്യമായി ട്രെയിനിങ് കൊടുക്കുന്ന പരിപാടിയെല്ലാം തുടങ്ങിയത്.
അമേരിക്കയില്‍ കാംബ്രിഡ്ജ് അനാലിറ്റിക്ക എന്നൊരു കമ്പനി ഒരു ആപ്പ് വഴി ഫേസ്ബുക്കിലെ ഡാറ്റ എടുത്ത്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ട് പൈസ ഉണ്ടാക്കിയിരുന്നു. കാംബ്രിഡ്ജ് അനാലിറ്റിക്കയ്ക്കു സ്വപ്നം പോലും കാണാന്‍ കഴിയാത്ര വലിയ ഡാറ്റ അനാലിസിസും, നുണ പ്രചാരണങ്ങളും മറ്റുമാണ് ബിജെപി ഇന്ത്യയില്‍ നടത്തുന്നത്. ഉത്തരേന്ത്യയില്‍ അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവിയും, കേരളത്തില്‍ ഷാജന്റെ മറുനാടന്‍ മലയാളിയും സ്വതന്ത്ര പത്രങ്ങള്‍ എന്ന വ്യാജേന വളരെ നല്ല നിലയില്‍ ബിജെപിയെ വെള്ള തേക്കുകയും എതിരാളികളെ തേജോവധം ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് ഇതെല്ലം നടക്കുമ്പോള്‍ അല്‍ഭുതം എന്ന് പറയട്ടെ ഇന്ത്യയിലെ മറ്റു പാര്‍ട്ടികള്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതായി അറിയുന്നതേ ഇല്ല, അല്ലെങ്കില്‍ അറിഞ്ഞാലും അറിയാത്ത ഭാവത്തില്‍ പോവുന്നു. കേരളത്തില്‍ ഔട്‌സ്‌പോക്കണ്‍ എന്ന ബിജെപി ട്രോള്‍ പേജിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രെസിനോ ഇടതുപക്ഷത്തിനോ നല്ലൊരു ടീമും ഇല്ല, പേജും ഇല്ല. മുകളില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിയ ചിലര്‍ കോണ്‍ഗ്രസില്‍ മലമറിക്കും എന്നോ മറ്റോ കേട്ടിരുന്നു, പക്ഷേ ഇതുവരെ ഫാഷിസത്തെ പ്രതിരോധിക്കുന്ന ഒരു സംഭവം പോലും കണ്ടിട്ടില്ല. ധ്രുവ് രാതീ, ദിവ്യ സ്പന്ദന പോലുള്ള ചില വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമാണ് കുറച്ചെങ്കിലും പ്രതിരോധം തീര്‍ക്കുന്നത്. ഇടതുപക്ഷത്തിന് പ്രൊഫഷനല്‍ അല്ലാത്ത കുറെ പേജുകള്‍ ഉപകാരത്തേക്കാള്‍ ഉപദ്രവം ചെയ്യുന്നുണ്ട് താനും. ഇടതുപക്ഷവും കോണ്‍ഗ്രസും ഇതെല്ലം മനസിലാക്കി വരുമ്പോഴേക്കും കാല്‍ക്കീഴിലെ മണ്ണുണ്ടാവില്ല. ശബരിമല വിഷയത്തില്‍ ക്ഷേത്രങ്ങളിലെ മാഗ്‌നെറ്റിക് ഫീല്‍ഡ് കൂടുതലാണെന്ന ഒരു ഡോക്ടറുടെ വാദം ഞാന്‍ തെറ്റാണെന്നു തെളിയിച്ചപ്പോള്‍ അത് അമേരിക്കയിലെ അമ്പലം ആയതുകൊണ്ടാണെന്നും ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ മാഗ്‌നെറ്റിക് ഫീല്‍ഡ് കൂടുതല്‍ ആയിരിക്കും എന്നുപറഞ്ഞ, ഉന്നതവിദ്യാഭ്യാസം ഉള്ള മലയാളി കൂട്ടുകാര്‍ എനിക്കുണ്ട്. അങ്ങനെ ശാസ്ത്രബോധം അടുത്തുകൂടെ പോയിട്ടില്ലാത്ത ഒരു ജനതയെ സത്യാനന്തര സത്യമൊക്കെ പറഞ്ഞു മനസ്സിലാക്കി വരുമ്പോഴേക്കും നമ്മുടെ രാജ്യവും ജനാധിപത്യവും ഒക്കെ അവിടെ തന്നെ കാണുമോ ആവോ.
സത്യം ചെരുപ്പിന്റെ വാര്‍ ഇടുമ്പോഴേക്കും നുണ ലോകത്തിന്റെ പാതി ചുറ്റിയിരിക്കും എന്നല്ലേ..
Full View