കാത്തിരിക്കാന്‍ പോലും സമയം ലഭിക്കണമെന്നില്ല; ഇന്നവര്‍, നാളെ നമ്മള്‍, അത്രയേയുള്ളൂ...!!
ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബലികഴിക്കുന്ന, ഫാഷിസ്റ്റ് നിയമങ്ങളുടെ ഓരോ തടവറകള്‍ ഒരുങ്ങിവരുന്നുണ്ട്.
കോഴിക്കോട്: ജനാധിപത്യ ഇന്ത്യയില്‍ ഒറ്റ രാത്രികൊണ്ട് പൗരത്വം നിഷേധിച്ച് ആട്ടിയറക്കെപ്പെടുന്ന അസം ജനത ഒരു നോവായി മാറിയിരിക്കുകയാണ്. കാര്യമാത്രമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ പോലുമില്ലാത്ത വണ്ണം ബന്ദിയാക്കപ്പെട്ടൊരു ജനതയാണ് നാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നീക്കങ്ങളിലുമുള്ള നിസ്സഹായത വിളിച്ചുപറയുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈയിടെ ഏറെ ചര്‍ച്ചയാവുന്ന അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ മറ്റു രാഷ്ട്രങ്ങളും ഇന്ത്യയും സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ചാണ് ആസ്തപ്പന്‍ സണ്ണി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ആസ്തപ്പന്‍ സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിറിയയില്‍യില്‍ നിന്ന് ജര്‍മ്മനിയിലേക്ക് നാലായിരം കി. മീ. ദൂരമുണ്ട്. എല്ലാം ഉപേക്ഷിച്ചു വെറും കൈയോടെ നാലായിരം കി.മീ. താണ്ടി, സിറിയയില്‍ നിന്നു ജര്‍മ്മനിയില്‍ എത്തിയ ആറര ലക്ഷം പേരെയാണ്, എട്ടേകാല്‍ കോടിയുള്ള ജര്‍മ്മന്‍ സമൂഹത്തിന്റെ ഭാഗമാക്കിയത്. അതില്‍തന്നെ പകുതിയോളം പേര്‍ ജര്‍മ്മനിയില്‍ എത്തിയത് അനധികൃതമായിട്ടാണ് എന്നതും മനസ്സിലാക്കണം.
ഇനി ജര്‍മ്മനിയില്‍ എത്തിയാലോ, ആദ്യം അഭയാര്‍ത്ഥികള്‍ക്കുള്ള ഷെല്‍ട്ടര്‍ നല്‍കും. ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും ചികില്‍സയും നല്‍കും. അവര്‍ നേരിട്ട മാനസികാഘാതത്തില്‍ നിന്നും മോചനം ലഭിക്കാന്‍ മാനസിക ചികില്‍സയും ലഭ്യമാക്കും. പിന്നീട് അവരെ സ്വതന്ത്രരായി താമസിക്കാനുള്ള അനുവാദവും, ഒപ്പം ജീവിക്കാനാവശ്യമായ പണവും മാസംതോറും നല്‍കും. പഠിക്കാനുള്ള സാഹചര്യങ്ങള്‍ക്കായി സഹായം നല്‍കും. ചെലവുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ വഹിക്കും. വരുമാനം പൂര്‍ണമായി ലഭിക്കുന്ന മുറക്ക് മാത്രമേ സര്‍ക്കാര്‍ സഹായം നില്‍ക്കൂ. കുറച്ചു സമ്പാദിക്കുന്നയാള്‍ക്ക് ബാക്കിയുള്ള തുകയും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കും.
അതായത് ഒരു അഭയാര്‍ഥിക്കു വേണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ലക്ഷങ്ങളാണ് മുടക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ ഒരു അഭയാര്‍ഥിക്ക് ഒരു വര്‍ഷം 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ ചെലവാക്കുന്നുണ്ട്. തുര്‍ക്കി മാത്രം 36 ലക്ഷം അഭയാര്‍ഥികളെയാണ് സ്വീകരിച്ചത്. അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള പുനരധിവാസം അവര്‍ നല്‍കുന്നു. ദരിദ്രരാജ്യമായ സൊമാലിയ പോലും ആയിരത്തിലേറെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി. (21 ലക്ഷം സൊമാലിയക്കാര്‍ ലോകത്താകെ അഭയാര്‍ഥികളായി പോയ രാജ്യത്തിന്റെ കാര്യമാണ് കേട്ടത്.)
ഇനി ഇന്ത്യയിലേക്ക് വന്നാല്‍, ഇന്ത്യയില്‍ എത്തുന്ന ഔദ്യോഗികമായ അഭയാര്‍ഥികളുടെ ജീവിത നിലവാരം എന്താണ്...?. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്...?. വീടുകള്‍ ? പഠന സഹായം ? പുനരധിവാസം ? കാര്യമായി ഒന്നും തന്നെ നല്‍കുന്നില്ലെന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായി കഴിയുന്നവരില്‍ ഒരു ഭാഗം രാജ്യത്തെത്തിയ അഭയാര്‍ത്ഥികളാണ്. സര്‍ക്കാര്‍ ഒന്നും നല്‍കുന്നുമില്ല, കൂലിവേല ചെയ്തും അരപ്പട്ടിണി കിടന്നും ജീവിക്കുന്ന അവരെ ഭവംശീയ പകപോക്ക് എന്ന വിധത്തില്‍ അവരെ സ്വതന്ത്രരായി ജീവിക്കാനനുവദിക്കാതെ മുള്‍മുനയില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു. (അതിനു വേണ്ടി ചെലവഴിച്ച ഭീമമായ തുകയ്ക്ക് അര ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചെങ്കിലും നല്‍കാമായിരുന്നു.)
മറുവശത്തോ, ഇവിടെ ജനിച്ചു ജീവിക്കുന്ന പത്തരമാറ്റ് ഒറിജിനല്‍ ഇന്ത്യക്കാര്‍ കൃഷിചെയ്തു ദാരിദ്ര്യരായി ആത്മഹത്യ ചെയ്യുമ്പോഴും, പട്ടിണികിടന്നു മരിക്കുമ്പോഴും തിരിഞ്ഞു നോക്കാതെ, കുത്തകകളുടെ ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന ഭരണകൂടമാണ്. ഓരോ ദിവസവും ആവറേജ് 22 കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന രാജ്യവും കൂടിയാണ് നമ്മുടേത്. അങ്ങനെയുള്ള ഭരണാധികാരികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വര്‍ഗീയത വേണം, വംശീയ ധ്രുവീകരണങ്ങള്‍ക്ക് കോപ്പുകൂട്ടണം. ഒരു പ്രത്യേക വിഭാഗത്തെ മുള്‍മുനയില്‍ നിര്‍ത്തിയാല്‍ അതുവഴി അധികാര വീഥിയില്‍ ലാഭം കൊയ്യാം. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തെ ബലികഴിക്കുന്ന, ഫാഷിസ്റ്റ് നിയമങ്ങളുടെ ഓരോ തടവറകള്‍ ഒരുങ്ങിവരുന്നുണ്ട്.
കാത്തിരിക്കാന്‍ പോലും സമയം ലഭിക്കണമെന്നില്ല.
ഇന്നവര്‍, നാളെ നമ്മള്‍, അത്രയേയുള്ളൂ...!!
Full View