ദേശീയ പൗരത്വ പട്ടിക; അസമിൽ 10 തടങ്കൽപ്പാളയങ്ങൾ കൂടി ഉയരുന്നു
സംസ്ഥാനത്ത് പുതുതായി 10 തടങ്കൽപ്പാളയങ്ങൾ തുറക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതിലൊന്നാണ് ഗ്വാൽപാഡയിൽ സ്ഥിതിചെയ്യുന്നത്. ബാക്കിയുള്ളവ നിർമാണത്തിലാണ്.
ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി അസമിൽ ഇപ്പോൾ ആറു താത്കാലിക തടവുകേന്ദ്രങ്ങൾ. ദിബ്രുഗഢ്, സിൽച്ചർ, തേജ്പുർ, ജോർഹാട്ട്, കൊക്രജാർ, ഗ്വാൽപാഡ എന്നിവിടങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലെ ജില്ലാ ജയിലുകളിലാണ് ഈ താത്കാലിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് പുതുതായി 10 തടങ്കൽപ്പാളയങ്ങൾ തുറക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതിലൊന്നാണ് ഗ്വാൽപാഡയിൽ സ്ഥിതിചെയ്യുന്നത്. ബാക്കിയുള്ളവ നിർമാണത്തിലാണ്. ദേശീയ പൗരത്വ പട്ടികയിൽ അന്തിമ തീരുമാനമാകുന്നതോടെ ഇവയിൽ പലതും പ്രവർത്തന സജ്ജമാകുമെന്നാണ് സൂചന.
എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക തടങ്കൽപ്പാളയങ്ങൾ തുറക്കണമെന്ന് നിർദേശിച്ച് 2014ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. ഇന്ത്യയിലേക്കു കുടിയേറിയവർ, വിദേശി ട്രിബ്യൂണലുകൾ വിദേശിയെന്നു വിധിക്കുന്നവർ, നാടുകടത്തപ്പെട്ടവർ എന്നിവരെ തടങ്കൽപ്പാളയത്തിൽ പാർപ്പിക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു. ജൂലായ് 10 ന് കോൺഗ്രസ് അംഗം ഹുസൈൻ ദൽവായി ചോദിച്ചപ്പോൾ, ഇത്തരമൊരു സർക്കുലർ നൽകിയ കാര്യം സർക്കാർ സ്ഥിരീകരിച്ചിരുന്നു.
അസമിലെ ആറു തടങ്കൽപ്പാളയങ്ങളിലായി 988 പേർ അനധികൃത കുടിയേറ്റക്കാരായുണ്ടെന്ന് 2019 നവംബറിൽ അസം സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. ഈ കേന്ദ്രങ്ങളിൽ 2016 മുതൽ ഇതുവരെ 28 പേർ മരണപ്പെട്ടിട്ടുണ്ട്. പീഡനം മൂലമല്ല, രോഗബാധമൂലമാണ് മരണമെന്നും സർക്കാർ വ്യക്തമാക്കിയത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1043 വിദേശ കുടിയേറ്റക്കാരാണ് അസമിലുള്ളത്. ഇതിൽ 1025 പേർ ബംഗ്ലാദേശികളും 18 മ്യാൻമാറുകാരുമാണ്.
1962 മുതലാണ് അസമിൽ ജില്ലാ ജയിലുകൾ കേന്ദ്രീകരിച്ച് തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 11 അനധികൃത കുടിയേറ്റ തീരുമാന ട്രിബ്യൂണലുകളും (ഐഎംഡിടി) സ്ഥാപിച്ചു. 2005-ലെ സുപ്രിംകോടതി വിധികൾ ഐഎംഡിടികൾ റദ്ദാക്കി. പകരം വിദേശി ട്രിബ്യൂണലുകൾ തുറന്നു. ഇപ്പോൾ അസമിൽ മുന്നൂറോളം വിദേശി ട്രിബ്യൂണലുകളുണ്ട്.
ഇവ അനധികൃത കുടിയേറ്റക്കാരെന്നു വിധിക്കുന്നവരെയാണ് തടങ്കൽപ്പാളയങ്ങളിൽ മൂന്നു വർഷം പാർപ്പിക്കുന്നത്. 19 ലക്ഷത്തിലേറെപ്പേർ ഇപ്പോൾ അന്തിമ പൗരത്വ പട്ടികയിൽ നിന്നു പുറത്താണ്.