'ഇസ്‌ലാമിക് ബാങ്കും ഹിന്ദു ബാങ്കും'
പലരും കരുതുന്നത് ഹിന്ദു ബാങ്ക് പോലെ എന്തോ വര്‍ഗീയപരിപാടിയാണ് ഇസ്‌ലാമിക് ബാങ്ക് എന്നാണ്. സത്യത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച് മുസ്‌ലിംകള്‍ക്ക് മാത്രം വായ്പ നല്‍കി മുസ്‌ലിംകളെ മാത്രം ജോലിക്കുവയ്ക്കുന്ന ഒരു പരിപാടിയേ അല്ല. ആര്‍ക്കും നിക്ഷേപിക്കാം, ആര്‍ക്കും വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം, ആര്‍ക്കും തൊഴില്‍ തേടാം എന്ന അടിസ്ഥാന വ്യത്യാസം ഇസ്‌ലാമിക് ബാങ്കിന്റെ കാര്യത്തിലുണ്ട്
നസറുദ്ദീന്‍ മണ്ണാര്‍ക്കാട്
കോഴിക്കോട്: ഇസ്‌ലാമിക് ബാങ്കിന് ബദലായി 'ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്' മുദ്രാവാക്യവുമായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാരം ഹിന്ദു ബാങ്കുകള്‍ ആരംഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. മിനിസ്ട്രി ഓഫ് കോ- ഓപറേറ്റിവ് അഫയേഴ്‌സിന് കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് 800 ലധികം കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ഇസ്‌ലാമിക് ബാങ്ക് രൂപീകരിച്ചതിനെ വര്‍ഗീയവല്‍ക്കരിച്ച് ഹിന്ദുക്കളെ ഇളക്കിവിടുന്നതിനായി സംഘപരിവാര്‍ ആരംഭിച്ച ഹിന്ദു ബാങ്ക് നടത്തിയ കോടികളുടെ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്ന പേരില്‍ നടപ്പാക്കുന്ന ഹിന്ദു ബാങ്കിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരിയിലാണ് സംഘപരിവാരം നിരവധി നിക്ഷേപകരില്‍നിന്ന് കോടികള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്.
പണം തിരിച്ചുനല്‍കാത്തതിനെത്തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇസ്‌ലാമിക് ബാങ്കിന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയ വര്‍ഗീയപ്രചാരണവും ഹിന്ദു ബാങ്കിന്റെ തട്ടിപ്പും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നുകാട്ടുകയാണ് നസറുദ്ദീന്‍ മണ്ണാര്‍ക്കാട്. പലരും കരുതുന്നത് ഹിന്ദു ബാങ്ക് പോലെ എന്തോ വര്‍ഗീയപരിപാടിയാണ് ഇസ്‌ലാമിക് ബാങ്ക് എന്നാണ്.
സത്യത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച് മുസ്‌ലിംകള്‍ക്ക് മാത്രം വായ്പ നല്‍കി മുസ്‌ലിംകളെ മാത്രം ജോലിക്ക് വയ്ക്കുന്ന ഒരു പരിപാടിയേ അല്ല. ആര്‍ക്കും നിക്ഷേപിക്കാം. ആര്‍ക്കും വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം. ആര്‍ക്കും തൊഴില്‍ തേടാം എന്ന അടിസ്ഥാന വ്യത്യാസം ഇസ്‌ലാമിക് ബാങ്കിന്റെ കാര്യത്തിലുണ്ട്- നസറുദ്ദീന്‍ മണ്ണാര്‍ക്കാട് കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഹിന്ദുക്കളെ മാത്രം നിക്ഷേപകരായി സ്വീകരിച്ച് ഹിന്ദുക്കള്‍ക്ക് മാത്രം ലോണ്‍ കൊടുത്ത് ഹിന്ദുക്കളെ മാത്രം ജോലിക്കെടുത്ത് ആരംഭിച്ച ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് നിക്ഷേപകരെ മുഴുവന്‍ പറ്റിച്ച് പൂട്ടി. ഇതുവരെ മാത്രം പോലിസില്‍ റിപോര്‍ട്ട് ചെയ്ത വെറും 15 പേര്‍ക്ക് മാത്രം 97 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കണക്കിനു നോക്കിയാല്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്. വീണ്ടും ഹിന്ദുക്കളെ പറ്റിച്ച് സംഘപരിവാറിന്റെ പോക്കറ്റിലേക്ക് പണമെത്തി. ഇനി കേസ് അതിന്റെ വഴിക്ക് പോവട്ടെ. പക്ഷെ, നിലവിലെ സ്ഥിതി വച്ച് നോക്കിയാല്‍ കക്കാന്‍ മാത്രമല്ല, നില്‍ക്കാന്‍ കൂടി ബിജെപിക്ക് അറിയാം. പോലിസ് കേസ് ആവിയാവും ഉറപ്പ്.
പലരും കരുതുന്നത് ഹിന്ദു ബാങ്ക് പോലെ എന്തോ വര്‍ഗീയപരിപാടിയാണ് ഇസ്‌ലാമിക് ബാങ്ക് എന്നാണ്. സത്യത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച് മുസ്‌ലിംകള്‍ക്ക് മാത്രം വായ്പ നല്‍കി മുസ്‌ലിംകളെ മാത്രം ജോലിക്കുവയ്ക്കുന്ന ഒരു പരിപാടിയേ അല്ല. ആര്‍ക്കും നിക്ഷേപിക്കാം, ആര്‍ക്കും വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം, ആര്‍ക്കും തൊഴില്‍ തേടാം എന്ന അടിസ്ഥാന വ്യത്യാസം ഇസ്‌ലാമിക് ബാങ്കിന്റെ കാര്യത്തിലുണ്ട്.
എന്താണ് ഇസ്‌ലാമിക് ബാങ്ക്
ഇസ്‌ലാമിക് ബാങ്ക് ഇന്ന് ലോകത്തെ 50 ലധികം രാജ്യങ്ങളില്‍ സ്വീകരിക്കപ്പെട്ട ഒരു സമാന്തര ബാങ്കിങ് സിസ്റ്റമാണ്. അറബ്- മുസ്‌ലിം രാജ്യങ്ങളെ കൂടാതെ യൂറോപ്യന്‍ യൂനിയനിലും ഇസ്‌ലാമിക് ബാങ്കുകളുണ്ട്. യൂറോപ്പില്‍ ഫ്രാന്‍സ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ളത്. അമേരിക്കയില്‍ ഇസ്‌ലാമിക് ബാങ്ക് പ്രത്യേക ബാങ്കുകളായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പല ബാങ്കുകളും ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്ന് ഈ ആശയത്തിന്റെ സാധ്യതയെ ഉപയോഗിച്ചുവരുന്നു. നിലവില്‍ 1,389 സ്ഥാപനങ്ങളുള്ള 2.4 ട്രില്യന്‍ യുഎസ് ഡോളര്‍ വലുപ്പമുള്ള ബാങ്കിങ് സിസ്റ്റമാണ് ഇസ്‌ലാമിക് ബാങ്കിങ്. ഇതിന്റെ പതിന്‍മടങ്ങ് വളര്‍ച്ചാ സാധ്യതയും ഇനിയുണ്ട്.
പേരിന് പിന്നില്‍:
ഇസ്‌ലാമിക് ബാങ്കിന്റെ അടിസ്ഥാന ആശയം പലിശമുക്തമായ ബാങ്കിങ് സിസ്റ്റം എന്നതാണ്. ഒരു ചൂഷണവ്യവസ്ഥ ആയതിനാല്‍ മുസ്‌ലിംകള്‍ക്ക് പലിശ നിഷിദ്ധമാണെന്ന് ഇസ്‌ലാമില്‍ നിയമമുണ്ട്. ഒരാള്‍ക്ക് കടമായി നല്‍കുന്ന പണം തിരിച്ചു നല്‍കുമ്പോള്‍ നിശ്ചിത തുകയിലും കൂടുതലായി നല്‍കുന്ന നിശ്ചിതസംഖ്യയാണ് പലിശ. പലിശയ്ക്കുമേല്‍ പലിശ കണക്കാക്കി കൂട്ടുപലിശയെന്ന പേരില്‍ കടക്കാരനെ തീരാ കെണിയില്‍ അകപ്പെടുത്തുന്ന ചൂഷണം ഇന്ന് പരക്കെയുണ്ട്.
പലിശയുടെ മറ്റൊരു പ്രശ്‌നം അതൊട്ടും ക്രിയാത്മകല്ല എന്നതാണ്. കടം നല്‍കപ്പെട്ട തുക ക്രിയാത്മകമായി വിനിയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നില്ല. എന്താവശ്യത്തിനായാലും മാസാവസാനം പലിശക്കാരന് പലിശ കിട്ടിയാല്‍ മതി. അതിനാല്‍തന്നെ സമൂഹത്തില്‍ ആ പണം എന്ത് ഗുണമുണ്ടാക്കുന്നു എന്ന് ബാങ്കോ പലിശക്കാരനോ നോക്കുന്നില്ല, നോക്കേണ്ടതുമില്ല. പലിശയ്ക്ക് പണമെടുത്ത് ധൂര്‍ത്തടിച്ച് ഒടുവില്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ തൂങ്ങിമരിക്കുന്നത് അതുകൊണ്ടാണ്. വിവാഹ ധൂര്‍ത്ത്, ഉല്ലാസ യാത്ര, ലക്ഷ്വറി ജീവിതം ഇവയൊക്കെ ബാങ്ക് ലോണ്‍ വഴി നടത്തുന്നവര്‍ സമൂഹത്തിനോ സ്വന്തത്തിനോ പ്രൊഡക്ടീവ് ആയ ഒന്നും ചെയ്യുന്നില്ല. അവസാനം അവരുടെ ജീവിതം ഒരുമുഴം കയറില്‍ തൂങ്ങുമ്പോള്‍ ആ ഇടപാട് അവിടെ തീരുന്നു.
പലിശ ഒഴിവാക്കി ക്രിയാത്മകമായി ഫണ്ട് എങ്ങനെ വിനിയോഗിക്കാമെന്ന ചിന്ത ഇസ്‌ലാമിക ലോകത്ത് നടക്കുകയും അതിന്റെ ഭാഗമായി ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയം പിറക്കുകയും ചെയ്തിട്ട് പതിറ്റാണ്ടുകളായി. അത് പ്രയോഗതലത്തില്‍ നടപ്പിലാക്കി വിജയിച്ചതിന്റെ മാതൃകകള്‍ എമ്പാടുമുണ്ട്.
ബാങ്കില്‍ നിക്ഷേപിക്കുന്ന നിക്ഷേപന് കുറഞ്ഞ പലിശ നല്‍കി അയാളുടെ നിക്ഷേപം കൂടിയ പലിശയ്ക്ക് വായ്പ്പക്കാരന് നല്‍കിയാണ് സാധാരണ ബാങ്ക് വരുമാനമുണ്ടാക്കുന്നത്. ഉദാഹരണത്തിന് 10% നിക്ഷേപകന് നല്‍കുന്ന ഒരു ബാങ്ക് 15% വായ്പക്കാരനില്‍നിന്ന് ഈടാക്കിയാല്‍ 5 ശതമാനവുമാണ് ഇവിടെ ബാങ്കിന്റെ പലിശ. ഇവിടെ ലോകം അവസാനിച്ചാലും നിക്ഷേപകനും ബാങ്കിനും പലിശ വേണം. അതുകൊണ്ടുതന്നെ ഇതിന്റെ ഭാരം. സ്വന്തം തല പോയാലും കടക്കാരന്‍ ചുമക്കേണ്ടിവരും. ബാങ്കിനോ നിക്ഷേപകനോ ഒരു റിസ്‌ക്കുമില്ല. ഇവിടെയാണ് ഇസ്‌ലാമിക് ബാങ്കിന്റെ ആശയം വ്യത്യസ്തമാവുന്നത്. നിക്ഷേപകന്റെ പണത്തിന് ബാങ്ക് ഒരു നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്നില്ല.
പകരം ഈ തുക ബാങ്ക് ക്രിയാത്മകമായ ഒരാവശ്യത്തിന് മാത്രം നല്‍കുന്നു. സമൂഹത്തിന് ഗുണം കിട്ടുന്ന ഒരു ഉത്പാദന സേവനമേഖലയിലേക്ക് ഈ പണം ചാനലൈസ് ചെയ്യപ്പെടുന്നു. ലഹരി, ചൂതാട്ടം തുടങ്ങിയവയില്‍ ഈ പണം എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. അതായത് ഇവിടെ നിക്ഷേപകന്‍ അയാളുടെ നിക്ഷേപത്തിലൂടെ ഒരു പ്രൊഡക്ടീവ് ആയ സംരംഭത്തിന്റെ ഭാഗമാവുകയാണ്. ബിസിനസ് ആയതിനാല്‍തന്നെ അയാള്‍ക്കും ഏതൊരു സംരംഭകന്റെയും പോലെ അതിന്റേതായ റിസ്‌കുണ്ട്, ലാഭസാധ്യതയുമുണ്ട്. ഈ ലാഭവിഹിതമാണ് അയാളുടെ ലാഭം.
കടക്കാരനാവട്ടെ, ആ കടം വഴി നിക്ഷേപകനെ തന്റെ ബിസിനസ്സിന്റെ പങ്കാളിയാക്കുകയാണ്. ധൂര്‍ത്തിനും ടൂറടിക്കാനും സ്ത്രീധനം കൊടുക്കാനുമല്ല, പണം ഉല്‍പ്പാദന മേഖലയില്‍ ഇറക്കി സംരംഭമാക്കി തൊഴില്‍ നല്‍കിയും എകണോമിയെ പരിപോഷിപ്പിച്ച് മൂല്യം വര്‍ധിപ്പിച്ചുമാണ് ഈ ഇടപാട് മുന്നോട്ടുപോവുന്നത്. ഇതാണ് ഇസ്‌ലാമിക് ബാങ്കിന്റെ അടിസ്ഥാനം.
ഒരു നിക്ഷേപം സമാന്തരമായി ഒരു സംരംഭമാവുകയാണ്. കച്ചവടവും പലിശയും ഒന്നുതന്നെ എന്ന് വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യമാണിത്. ഇതില്‍ സമൂഹത്തിലെ ആര്‍ക്കും നിക്ഷേപകനാവാം, സംരംഭകനാവാം. ഹിന്ദു ബാങ്കിനെ പോലെ പേര് നോക്കി ഓടിക്കുന്ന വര്‍ഗീയ ആശയമല്ല, ഒരു ബദല്‍ സാമ്പത്തിക വ്യവസ്ഥിതിയാണ്.
വാല്‍ക്കഷ്ണം: സാമ്പത്തികമായി ഒരല്‍പമെങ്കിലും മെച്ചപ്പെട്ട പ്രവാസി മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള ചെറുകിട സംരംഭത്തിന്റെയെങ്കിലും നിക്ഷേപകരായി അവരുടെ പണത്തിന്റെ വളര്‍ച്ച ഉറപ്പിക്കുന്നത് പരമ്പരാഗത ബാങ്ക് പലിശയില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. അവരുടെ പണം നാട്ടിലെ ബാങ്കിലേക്ക് റെമിറ്റ് ചെയ്ത് ആ പലിശയില്‍ ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കാത്തതിനാല്‍ ഏറ്റവും ചുരുങ്ങിയത് ഒരു കഫ്തീരിയയില്‍ എങ്കിലും ആ പണമിറക്കി അത് വര്‍ധിപ്പിക്കുന്ന രീതിയാണ് അവരെ സംരംഭകരാക്കിയത്. അതിന്റെ ഒരു ഐശ്വര്യം അവരില്‍ കാണാറുമുണ്ട്.
ബാങ്കുകളില്‍ ഇടപാട് നടത്താത്ത ഈ വലിയൊരളവ് ജനവിഭാഗത്തെ ബാങ്കിങ് മേഖലയിലെത്തിച്ചാല്‍ അതിന്റെ ഗുണം കിട്ടുക രാജ്യത്തിനും സമൂഹത്തിനുമാണ്. കോടിക്കണക്കിന് രൂപയാണ് ഈ സമ്പാദ്യം. ഇത് കണക്കിലെടുത്താണ് 2008 ല്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് ആശയം കൊണ്ടുവന്നത്. എന്നാല്‍, ഇതെന്തോ മുസ്‌ലിംകള്‍ക്ക് മാത്രം ഗുണം കിട്ടുന്ന പരിപാടിയാണെന്ന് പറഞ്ഞുകൊണ്ട് ബിജെപി സര്‍ക്കാര്‍ അതിന്റെ വാതില്‍ അടച്ചു. അമുസ്‌ലിം രാജ്യങ്ങളില്‍ അമുസ്‌ലികള്‍ പോലും ഭാഗമായി മുന്നോട്ടുപോവുന്ന ഒരു ബദല്‍ ബാങ്കിങ് അങ്ങനെ ഇന്ത്യയില്‍ നടപ്പായില്ല. ഹിന്ദു ബാങ്കും ഇസ്‌ലാമിക് ബാങ്കിങ്ങും ഒരേ ആശയമാണെന്ന് കരുതുന്ന വിവരദോഷികള്‍ക്ക് വേണ്ടിയാണ് ഇത്രയും എഴുതിയത്.