ചെര്‍പ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; കൂടുതല്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പ്രതിയായേക്കും
പാലക്കാട്: ചെര്‍പ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പില്‍ ചെയര്‍മാന്‍ അറസ്റ്റിലായതോടെ കൂടുതല്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പ്രതിയാകുമെന്ന് സൂചന. ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എച്ച്ഡിബി) പേരില്‍ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി. മുന്‍ ആര്‍എസ്എസ് നേതാവായ ചെയര്‍മാന്‍ സുരേഷ് കൃഷ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
നിലവില്‍ മൂന്ന് പരാതികളാണ് സുരേഷ് കൃഷ്ണയ്‌ക്കെതിരെ ചെര്‍പ്പുളശേരി പോലിസില്‍ ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ തട്ടിപ്പ് വ്യക്തമാകൂവെന്ന് പോലിസ് പറഞ്ഞു. ബാങ്ക് ഭരണസമിതിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളാണുള്ളത്. ഒമ്പതംഗ ഭരണസമിതിയില്‍ മൂന്നുപേര്‍ അംഗീകരിച്ചാല്‍ പണം ഇടപാട് നടത്താം.
എന്നാല്‍ തട്ടിപ്പില്‍ ഒമ്പതംഗങ്ങള്‍ക്കും തുല്യപങ്കാണെന്ന് സുരേഷ് കൃഷ്ണ പറയുന്നു. സുരേഷ് കൃഷ്ണയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ ചെര്‍പ്പുളശേരി സിഐ എം സുജിത് കോടതിയില്‍ നല്‍കി.
കൂടുതല്‍ നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭൂരിഭാഗവും ബിജെപി അനുകൂലികളില്‍നിന്നാണ് പണം പിരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണ വിധേയനായ ബിജെപി കള്ളപ്പണക്കേസിന് പിന്നാലെ ഹിന്ദു ബാങ്ക് തട്ടിപ്പും വലിയ വാര്‍ത്തയായി. കള്ളനോട്ട് കേസില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ വീണ്ടും അറസ്റ്റിലായതും പാര്‍ട്ടിക്ക് വലിയ ക്ഷീണമായി.
ഹിന്ദു ബാങ്ക് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെയാണ് ബിജെപി ചുമതലപ്പെടുത്തിയത്. തട്ടിപ്പ് ആസൂത്രിതമായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും പറയുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.