സിപിഎം തണലില്‍ 'ലൗ ജിഹാദി'ലൂന്നി 'ഇസ് ലാമോഫോബിയ' വമിപ്പിക്കുന്ന മാണി പുത്രന്‍
പി ജെ ജെയിംസ്
പി ജെ ജെയിംസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിമോചന സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന തൊപ്പിപ്പാള, കുറുവടി സംഘം ഇഎംഎസ് സര്‍ക്കാര്‍ തുടക്കമിട്ട ഭൂപരിഷ്‌കരണത്തിലൂടെയും വിദ്യാഭ്യാസ നയത്തിലൂടെയും സമാഹരിച്ച സാമ്പത്തികാടിത്തറയിലാണ് 1960കളുടെ മധ്യത്തില്‍ സവര്‍ണ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ കേരള കോണ്‍ഗ്രസ് രൂപവല്‍വല്‍കരിക്കുന്നതിലേക്കെത്തിയത്. 'തമ്പ്രാനെന്നു വിളിപ്പിക്കും, പാളയില്‍ കഞ്ഞി കുടിപ്പിക്കും', 'ചാത്തന്‍ പാടം പൂട്ടാന്‍ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ' തുടങ്ങിയ വിമോചന സമര മുദ്രാവാക്യങ്ങള്‍ അര്‍ത്ഥമാക്കുന്നതുപോലെ, എക്കാലവും കേരളത്തിലെ ദലിത് ജനതയുടെ ഒന്നാം നമ്പര്‍ ശത്രുവായി നിലയുറപ്പിച്ചു പോന്ന കേരള കോണ്‍ഗ്രസ്, പ്രത്യേകിച്ചും അതിലെ മാണി പക്ഷം ആറര ദശാബ്ദക്കാലത്തെ കേരളീയ രാഷ്ട്രീയ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമാണ്. ഒരുവേള, കേരള രാഷ്ട്രീയത്തിലെ ഈ ദുര്‍ഭഗ സന്തതിയുമായി സിപിഎം ഇടക്കാലത്തുണ്ടാക്കിയ ബാന്ധവങ്ങള്‍ അതിന്റെ തന്നെ സവര്‍ണാഭിമുഖ്യത്തിന്റെയും ദലിത് വിരുദ്ധതയുടെയും കൂടി പ്രതിഫലനമായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
തീര്‍ച്ചയായും, ഭരണവര്‍ഗ രാഷ്ട്രീയത്തിലെ ചക്കളത്തി പോരാട്ടത്തിന്റെ ഭാഗമായി മാണിയെ അഴിമതിയുടെ ആള്‍രൂപമായി കൊണ്ടാടിയതിനൊപ്പം, അയാളുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നു കൂടി പ്രസംഗിച്ചു നടന്ന സിപിഎമ്മിന്റെ തണലിലാണ് മാണി പുത്രനിപ്പോള്‍ പരമോന്നത കോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദില്‍ വീണ്ടും കയറിപ്പിടിച്ചിരിക്കുന്നത്. ഈ വിവരദോഷിക്ക് ഇതിനുള്ള പിന്‍ബലമേകുന്നത് സിപിഎമ്മിനൊപ്പം ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കൂടിയാണെന്ന് വ്യക്തവുമാണ്. മാത്രവുമല്ല, സിപിഎം വരുതിയിലാക്കുന്നതിനു മുമ്പ് ഇയാള്‍ ബിജെപിയിലേക്കു ചാലു കീറാന്‍ നടത്തിയ ശ്രമങ്ങളും അങ്ങാടിപ്പാട്ടാണ്. സവര്‍ണ ക്രിസ്ത്യന്‍ മതനേതൃത്വം മോദി ഭരണത്തില്‍ 'രക്ഷ' കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടതു കൂടിയാണ് വിഷയം. കത്തോലിക്കാ മത നേതൃത്വത്തിന്റെ പരമ്പരാഗതമായ ഇസ് ലാം വിരുദ്ധത(ഇപ്പോഴത്തെ പോപ് ഇതിന് അപവാദമാണെന്ന് സൂചിപ്പിക്കട്ടെ) ഇതിലൊരു ഘടകമാണു താനും.
കേരളത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്ര ഭരണത്തിന്റെ മാതൃകയില്‍ കോര്‍പറേറ്റ് വല്‍ക്കരണത്തോടൊപ്പം ഇസ് ലാമോഫോബിയയില്‍ അധിഷ്ഠിതമായ സംഘിവല്‍ക്കരണവും ഏറ്റെടുത്തിട്ടുള്ള സിപിഎമ്മുമായുള്ള രാഷ്ട്രീയ ബാന്ധവത്തിന്റെ പശ്ചാത്തലത്തിലാണ് യാതൊരടിസ്ഥാനവുമില്ലാത്ത ലൗ ജിഹാദിനെതിരേ ജോസ് മോന്‍ ഇപ്പോള്‍ കത്തിക്കയറുന്നത്. ഇത്ര ഗുരുതരമായ വിവരക്കേട് മാണി പുത്രന്‍ എഴുന്നെള്ളിക്കുമ്പോള്‍, ഇയാളുമായി കൂട്ടുകെട്ടുണ്ടാക്കി 'മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍' (ജോസ്‌മോനുമായി ബാന്ധവുമുണ്ടാക്കിയതിന് സിപിഎം നല്‍കിയിട്ടുള്ള ന്യായീകരണം) ഇറങ്ങിയിട്ടുള്ള സിപിഎം സ്വയം എത്തിപ്പെട്ടിട്ടുള്ള രാഷ്ട്രീയ ജീര്‍ണതയുടെ ദുര്‍ഗന്ധം കൂടിയാണ് പരക്കുന്നതെന്നു പറയാതെ വയ്യ.
'Love Jihad' remarks: P J James critics Jose K Mani