മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈറല്‍ ഡാന്‍സ്: 'ലൗ ജിഹാദ്' ആരോപണത്തിനെതിരേ എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കി

ഡാന്‍സിനെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ സംഘപരിവാര്‍ അനുകൂലികള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

Update: 2021-04-08 14:20 GMT

കോഴിക്കോട്: തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും വൈറല്‍ ഡാന്‍സ് 'ലൗ ജിഹാദു'മായി കൂട്ടിക്കെട്ടി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അഭിഭാഷകനെതിരേ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) ഡിജിപിക്ക് പരാതി നല്‍കി. ഫേസ്ബുക്കിലൂടെ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ച അഡ്വ.കൃഷ്ണരാജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

ഡാന്‍സിനെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ സംഘപരിവാര്‍ അനുകൂലികള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു. ഇതിനിടേയാണ് എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണരൂപം:

'തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും മികച്ച നര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമാണ്. ചെറുപ്പം മുതലേ നൃത്തം പരിശീലിച്ചുവരുന്നവരുമാണ്. കോളജിലെ ഡാന്‍സ് ടീം അംഗങ്ങളുമായ ഇവര്‍ മെഡിക്കല്‍ കോളജ് കാംപസിലെ ഹൗസ് സര്‍ജന്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഒരുമിച്ചുള്ള ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് വീഡിയോ ആയി ചിത്രീകരിച്ചു. അത് നവമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ അത് കാണുകയും അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ അഡ്വ.കൃഷ്ണരാജ് എന്ന വ്യക്തി ഇതിനെ വര്‍ഗീയവല്‍ക്കരിച്ചുകൊണ്ട് ലവ് ജിഹാദുമായി കൂട്ടിക്കെട്ടിരിക്കുകയാണ്. (ഫേസ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇതിനോടൊപ്പം അയയ്ക്കുന്നു). സമൂഹ മാധ്യമത്തിലൂടെ അഭിഭാഷകനായ കൃഷ്ണ രാജ് മനഃപൂര്‍വം ജനങ്ങളെ ധ്രുവീകരിക്കാനും ഒപ്പം വര്ഗീയ കലാപം ഇളക്കി വിടാനാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നത്. വിദ്യാര്‍ഥികളുടെ ഇത്തരം കലാപ്രവര്‍ത്തനങ്ങളെ ദുഷ്ടലാക്കോടെ കണ്ടുകൊണ്ട് സമൂഹത്തില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന അഡ്വ.കൃഷ്ണരാജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

Tags:    

Similar News