ആവിക്കല്‍തോട് സമരം: ഐക്യദാര്‍ഢ്യവുമായി എന്‍സിഎച്ച്ആര്‍ഒ സമരഭൂമിയില്‍

അര നൂറ്റാണ്ടു മുമ്പ് സീവേജ് പ്ലാന്റിനായി അക്വയര്‍ ചെയ്ത 90 ഏക്കര്‍ സ്ഥലം കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിലവിലുണ്ടായിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആവിക്കലില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ചിലരുടെ സാമ്പത്തിക നേട്ടത്തിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Update: 2022-08-18 09:19 GMT

കോഴിക്കോട്: ആവിക്കല്‍തോട് മാലിന്യപ്ലാന്റിനെതിരേ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍സിഎച്ച്ആര്‍ഒ സംഘം സമരഭൂമി സന്ദര്‍ശിച്ചു. അര നൂറ്റാണ്ടു മുമ്പ് സീവേജ് പ്ലാന്റിനായി അക്വയര്‍ ചെയ്ത 90 ഏക്കര്‍ സ്ഥലം കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിലവിലുണ്ടായിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആവിക്കലില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ചിലരുടെ സാമ്പത്തിക നേട്ടത്തിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സീവേജ് പ്ലാന്റിനായി നേരത്തേ അക്വയര്‍ ചെയ്ത സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാത്തത് കുത്തകകളേയും വ്യവസായ പ്രമുഖരേയും സഹായിക്കാനാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് തന്നെ നിയമങ്ങള്‍ കാറ്റില്‍പറത്തി പ്ലാന്റ് സ്ഥാപിക്കണമെന്ന് വാശിപിടിക്കുന്നത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തില്‍ നിന്നും കേരള സര്‍ക്കാരും കോഴിക്കോട് കോര്‍പറേഷനും പിന്‍മാറണമെന്ന് സംഘം ആവശ്യപ്പെട്ടു. സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച എന്‍സിഎച്ച്ആര്‍ഒ നിയമ സഹായം നല്‍കുമെന്നും അറിയിച്ചു.

എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍, ദേശീയ സെക്രട്ടറി റെനി ഐലിന്‍, ദേശീയ ട്രഷറര്‍ അഡ്വ. എം കെ ശറഫുദ്ധീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ല, സംസ്ഥാന സെക്രട്ടറി പി നൂറുല്‍ അമീന്‍, എ വാസു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സമരസമിതി ചെയര്‍മാന്‍ പി ദാവൂദ്, കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ്, വൈസ് ചെയര്‍മാന്‍മാരായ എന്‍ പി അബ്ദുള്‍ ഗഫൂര്‍, ത്വല്‍ഹത്ത് വെള്ളയില്‍, ട്രഷറര്‍ എന്‍ പി ലത്തീഫ് പുതിയകടവ്, സമരസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍കുമാര്‍, എന്‍ പി ഷഹീര്‍, അബ്ദുല്‍ അസീസ്, ജ്യോതി കാമ്പുറം എന്നിവര്‍ എന്‍സിഎച്ച്ആര്‍ഒ സംഘത്തെ സ്വീകരിക്കുകയും പ്ലാന്റ് വന്നാലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കുകയും ചെയ്തു.

Tags:    

Similar News