സംഘപരിവാര്‍ ഇന്ത്യാ വിഭജനം ആഘോഷിക്കുമ്പോള്‍....

ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യമായി ആദ്യമായി ഉന്നയിച്ചത്, ആര്യസമാജത്തിന്റെ നേതാവായിരുന്ന ലാല ലജ്പത് റായിയാണ് 1890 ല്‍ ഖോരക്പൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ അയാള്‍ ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ജിന്നയ്ക്ക് വെറും 14 വയസ്സേയുള്ളൂ, ജിന്ന ജനിച്ചത് 1876 ലാണ് ! ഹിന്ദു മഹാസഭയുടെ പൂര്‍വരൂപമായ ഭാരത് ധര്‍മ മഹാമണ്ഡല്‍ നേതാവും ജാതിവെറിയനുമായിരുന്ന നാരായണ്‍ ബസുവില്‍നിന്നാണ് വിഭജന ആശയം റായിക്ക് കിട്ടിയത് !

Update: 2021-08-14 12:46 GMT

കോഴിക്കോട്: ആഗസ്ത് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടിവന്നുവെന്നും പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

സംഘപരിവാര്‍ ഇന്ത്യാ വിഭജനം ആഘോഷിക്കുന്നതിനെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദ്യം ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകനായ ആബിദ് അടിവാരം. മുസ്‌ലിംകള്‍ ഇന്ത്യയില്‍ നിന്ന് അവകാശം വാങ്ങിപ്പോയവരാണ്, ഒരുത്തനെയും ഇവിടെ കണ്ടുപോവരുതെന്ന ആക്രോശങ്ങള്‍ കൂടുതല്‍ ആവേശത്തോടെ മുഴങ്ങുന്ന ഇക്കാലത്ത്, വിഭജനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യാ വിഭജനം ആരുടെ വകയായിരുന്നു എന്ന് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണെന്ന് കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആഗസ്ത് 14 വിഭജനഭീതി ദിനമായി കൊണ്ടാടണമെന്ന് നരേന്ദ്രമോദി, ഹിന്ദുരാജ്യം സ്ഥാപിക്കാന്‍ വേണ്ടി സംഘപരിവാര്‍ നടത്തിയ വിഭജന ഓപറേഷന്‍ അവര്‍ ആഘോഷിക്കുന്നത് സ്വാഭാവികമാണ്.

ഇന്ത്യാ പാകിസ്താന്‍ വിഭജനത്തിന് ഉത്തരവാദി ആരാണ് ?

എന്താ സംശയം മുഹമ്മദലി ജിന്ന, ഒരു സെക്കന്റ് പോലും ആലോചിക്കാതെ ആരും മറുപടി പറയും, അത്രയേറെ കേട്ട് തഴമ്പിച്ചതാണ് ജിന്നയും വിഭജനവും തമ്മിലുള്ള ബന്ധം.

സത്യത്തില്‍ ഇന്ത്യ വിഭജിച്ചത് ആരാണ്? ആര്‍ക്കുവേണ്ടിയാണ് ഇന്ത്യ വിഭജിച്ചത് ?

മുസ്‌ലിംകള്‍ ഇന്ത്യയില്‍നിന്ന് അവകാശം വാങ്ങിപ്പോയവരാണ്, ഒരുത്തനെയും ഇവിടെ കണ്ടുപോവരുതെന്ന ആക്രോശങ്ങള്‍ കൂടുതല്‍ ആവേശത്തോടെ മുഴങ്ങുന്ന ഈ കാലത്ത്, വിഭജനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യാ വിഭജനം ആരുടെ വകയായിരുന്നു എന്ന് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.

ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യമായി ആദ്യമായി ഉന്നയിച്ചത്, ആര്യസമാജത്തിന്റെ നേതാവായിരുന്ന ലാല ലജ്പത് റായിയാണ് 1890 ല്‍ ഖോരക്പൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ അയാള്‍ ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ജിന്നയ്ക്ക് വെറും 14 വയസ്സേയുള്ളൂ, ജിന്ന ജനിച്ചത് 1876 ലാണ് ! ഹിന്ദു മഹാസഭയുടെ പൂര്‍വരൂപമായ ഭാരത് ധര്‍മ മഹാമണ്ഡല്‍ നേതാവും ജാതിവെറിയനുമായിരുന്ന നാരായണ്‍ ബസുവില്‍നിന്നാണ് വിഭജന ആശയം റായിക്ക് കിട്ടിയത് !

പലതവണ പലയിടങ്ങളിലായി ആര്യസമാജക്കാര്‍ ഉന്നയിച്ച ഈ ആവശ്യം പിന്നീട് സജീവമായി ഉന്നയിച്ചത് വി ഡി സവര്‍ക്കാരാണ്, എന്നെ വിട്ടയച്ചാല്‍ ബ്രിട്ടീഷ് രാഞ്ജിക്ക് വേണ്ടി പണിയെടുത്തുകൊള്ളാമെന്നും സ്വാതന്ത്ര്യസമരം നടത്തുന്ന യുവാക്കളോട് കാര്യം പറഞ്ഞുമനസ്സിലാക്കി അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാമെന്നും ബ്രിട്ടീഷുകാര്‍ക്ക് എഴുതി ഒപ്പിട്ടുകൊടുത്ത് ജയില്‍ മോചനം നേടിയ സവര്‍ക്കറാണ് ലാല ലജ്പത് റായിയുടെ മുദ്രാവാക്യം ഏറ്റെടുത്തത്, ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ഇന്ത്യന്‍ സത്വതന്ത്ര്യസമരത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സവര്‍ക്കര്‍ സമാനമനസ്‌കരായ ഹെഡ്‌ഗേവാര്‍, ബി എസ് മൂഞ്ചെ തുടങ്ങിയ ഹിന്ദു വലതുപക്ഷ തീവ്രവാദികളുമായി ചേര്‍ന്ന് ആര്‍എസ് എസ് രൂപീകരിച്ചത്.

1923 ല്‍ ഔദില്‍ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ മൂഞ്ചെ പ്രസംഗിച്ചു

'ഇംഗ്ലണ്ട് ഇംഗഌഷുകാരുടേതും ജര്‍മനി ജര്‍മന്‍കാരുടേതും, ഫ്രാന്‍സ് ഫ്രഞ്ച് കാരുടേതും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്'

1924 ല്‍ സവര്‍ക്കര്‍ എഴുതി ' സിന്ധു നദി മുതല്‍ കടല്‍ വരെയുള്ള ഭാരതവര്‍ഷത്തെ മാതൃഭൂമിയായും വിശുദ്ധ ഭൂമിയായും തന്റെ മതത്തിന്റെ കളിത്തൊട്ടിലായും കരുതുന്നവനാണ് യഥാര്‍ഥ ഹിന്ദു. ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണ്' 1924 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ ദി ട്രിബ്യുണ് പത്രത്തില്‍ ലാല ലജ്പത് റായി ഒരു ലേഖന പരമ്പര എഴുതി.

വിഷയം എന്തായിരുന്നെന്നോ...? ഇന്ത്യാ വിഭജനം!

ബ്രിട്ടീഷുകാരുടെ സഹായത്തോടെ എങ്ങനെ ഹിന്ദുരാഷ്ട്രം സഥാപിക്കാം മുസ്‌ലിംകളെയും മറ്റും എങ്ങനെ ഒഴിവാക്കാം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് കൊണ്ടുള്ള സമഗ്രമായ ലേഖന പരമ്പര !

1925 ല്‍ കാണ്‍പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'പ്രതാപ്' പത്രത്തില്‍ ലാല ഹര്‍ദയാല്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുക്കളുടെ രാജ്യം സ്ഥാപിക്കണമെന്ന് എഴുതി.

ഇതൊക്കെ നടക്കുമ്പോള്‍, 1913 മുതല്‍ ആള്‍ ഇന്ത്യ മുസ്‌ലിം ലീഗിന്റെ നേതാവായി മുഹമ്മദലി ജിന്ന ഇന്ത്യയിലുണ്ടായിരുന്നു, ഒരിക്കല്‍ പോലും വിഭജനം എന്നൊരു വാക്ക് ആ മനുഷ്യന്‍ ഉച്ചരിച്ചിട്ടില്ല. !

1930 ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഹിന്ദുമഹസഭയുടെ സമ്മേളനത്തില്‍ ഇന്ത്യ വിഭജിച്ച് ഹിന്ദുരാഷ്ട്രമുണ്ടാക്കണമെന്ന് പ്രമേയം പാസാക്കി. 1937 ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്് വി ഡി സവര്‍ക്കര്‍ പ്രസംഗിച്ചു.

'ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല, അത് മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്, ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും പരസ്പരം ശത്രുക്കളായ രണ്ട് രാഷ്ട്രങ്ങള്‍'

1939 ല്‍ ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘ ചാലക് എം എസ് ഗോള്‍വാക്കര്‍ വി ഓര്‍ ഔര്‍ നേഷന്‍ ഹുഡ് ഡിഫൈന്‍സ് എന്ന കൃതിയില്‍ 'ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം, മുസ്‌ലിംകള്‍ അടക്കമുള്ള ന്യുനപക്ഷങ്ങള്‍ ഒന്നുകില്‍ ഹിന്ദു സമൂഹത്തില്‍ ലയിച്ച് വംശശുദ്ധീകരണത്തിന് വിധേയമാവുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു' ഹിന്ദുയുവാക്കള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കരുത്, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയൊടിച്ച് ഹിന്ദു രാഷ്ട്രമുണ്ടാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി നിങ്ങളുടെ ശക്തിയും സമ്പത്തും മാറ്റിവയ്ക്കണമെന്ന് ആഹ്വാനം ചെയ്തു.

വെറും എഴുത്തും പ്രസംഗവും മാത്രമായിരുന്നില്ല, വിഭജനത്തെ എതിര്‍ക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്തി, വിഭജനത്തെ എതിര്‍ത്തതിന്റെ പേരില്‍, 1934 മുതല്‍ ഗാന്ധിജിയെ കൊല്ലാന്‍ ശ്രമിച്ചത് 5 തവണയാണ് !

പലയിടങ്ങളിലും ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു. കോണ്‍ഗ്രസ്സിലെ ആര്‍എസ്എസ് ചായ്‌വുള്ളവരെ സ്വാധീനിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ നിന്ന് മുസ്ലിം ലീഗിനെയും മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി, ഒരു കാരണവശാലും ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ്, ഗാന്ധിജിയോടൊത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ നയിച്ചിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രഗത്ഭനായിരുന്ന ജിന്ന, 1940 ലാഹോറില്‍ നടന്ന സമ്മേളനത്തില്‍, വേറെ രാജ്യമല്ല, സ്വയം ഭരണാവകാശമുള്ള പ്രദേശം മുസ്‌ലിംകള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടത്.

7 വര്‍ഷത്തെ നിരന്തരശ്രമങ്ങളുടെ ഫലമായി സ്വയംഭരണ പ്രദേശം എന്നത് മറ്റൊരു രാജ്യം എന്നാക്കി മാറ്റാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞു. മാപ്പെഴുതി ജയില്‍ മോചിതനായ കാലം മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സവര്‍ക്കറിന്റെയും ആര്‍എസ്എസ് നേതാക്കളുടെയും താല്‍പര്യ പ്രകാരമാണ് 1947 ല്‍ സര്‍ സിറില്‍ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് ലോയറെക്കൊണ്ട് വരപ്പിച്ച വിഭജിക്കപ്പെട്ട ഇന്ത്യയെ നെഹ്‌റുവും പട്ടേലും ജിന്നയും ഉള്‍പ്പടെ ഇന്ത്യയിലെ ദേശീയ നേതാക്കളെക്കൊണ്ട് മൗണ്ട് ബാറ്റണ്‍ പ്രഭു അംഗീകരിപ്പിക്കുന്നത്.

ജിന്നയെ സമ്മതിപ്പിച്ച നിമിഷത്തെക്കുറിച്ച് മൗണ്ട് ബാറ്റണെ ഉദ്ധരിച്ച് എഴുതപ്പെട്ട വാക്കുകള്‍ ഇങ്ങനെയാണ്

''കെല്ലിയുടെ ക്യാപ്റ്റനും ഇംഫാല്‍ സമതലത്തില്‍വച്ച് ജപ്പാന്‍കാരാല്‍ വളയപ്പെട്ട സൈന്യവിഭാഗത്തിന്റെ സുപ്രിം കമാണ്ടറുമായിരുന്ന മൗണ്ട് ബാറ്റണ്‍, തന്റെ ജീവിതത്തിലെ ഏറ്റവും ഉത്കണ്ഠാകുലമായ നിമിഷമായി അനുസ്മരിക്കുന്നത് ഈ നിമിഷത്തെയാണ്, അവസാനമില്ലത്ത ഒരു നിമിഷം.

ജിന്നയുടെ നിര്‍വികാരവും ഭാവശൂന്യവുമായ മുഖത്തേക്ക് അദ്ദേഹം തുറിച്ചുനോക്കി, അപ്പോള്‍ പതുക്കെ ഓരോ രോമകൂപത്തിലൂടെയും നിലവിളിക്കുന്ന മനസ്സില്ലായ്മയോടെ തന്നാലാവുന്ന ഏറ്റവും ദുര്‍ബലവും ഏറ്റവും മടിപിടിച്ചതുമായ തലകുലുക്കല്‍ കൊണ്ട് ജിന്ന സമ്മതം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ താടി കഷ്ടിച്ച് അര ഇഞ്ച് താഴോട്ട് ചലിച്ചു, മൗണ്ട് ബാറ്റണ്‍ പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് അതിന് സഞ്ചരിക്കാവുന്ന ഏറ്റവും കുറഞ്ഞ ദൂരം! (Freedom at Midnight, Written by Larry Collins and Dominique Lapierre)

ആ മനുഷ്യനെയാണ് വിഭജനത്തിന്റെ ഉത്തരവാദിയായി മുദ്രകുത്തുന്നത് !

ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്‌ലിംകളെ പുറത്താക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞു, നെഹ്‌റുവും മറ്റു ദേശീയ നേതാക്കളും അവസരത്തിനൊത്ത് ഉയര്‍ന്നതുകൊണ്ട് ഇന്ത്യയുടെ ഭരണത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചില്ല, നിരാശപൂണ്ട സംഘികള്‍ ഗാന്ധിയെ കൊന്നു. ഗാന്ധിക്ക് ശേഷം ബഹുസ്വര ഇന്ത്യയ്ക്ക് ഒരു വന്‍മതില്‍ പോലെ നെഹ്‌റു കാവല്‍ നിന്നു, അന്ന് ഗാന്ധിജിയെ അല്ല, നെഹ്‌റുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പലവട്ടം വിളിച്ചുപറഞ്ഞിട്ടുണ്ട്.

ഇന്ത്യാ വിഭജനം ഒരു രാജ്യദ്രോഹപ്രവര്‍ത്തിയായിരുന്നെങ്കില്‍ അത് ചെയ്ത രാജ്യദ്രോഹികളില്‍ ഒന്നാമന്‍ ലാലാ ലജ്പത് റായിയായിരുന്നു. സവര്‍ക്കറും, ഹെഡ്‌ഗേവാറും, മൂഞ്ചെയും, ഗോള്‍വാക്കറും തുടങ്ങി നൂറ് രാജ്യദ്രോഹികളുടെ പേരെങ്കിലും പറഞ്ഞ ശേഷമേ വിഭജനത്തിന് ഉത്തരവാദിയായി ജിന്നയുടെ പേര് പറയാന്‍ സാധിക്കുകയുള്ളൂ... മുസ്‌ലിംകള്‍ അവകാശം വാങ്ങിപ്പോയതല്ല, പാകിസ്താനിലേക്ക് അവരെ ഓടിച്ചുവിട്ടതാണ്. അന്ന് ഓടിപ്പോവാതിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെ നിരവധി കലാപങ്ങളിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കിയിട്ടുണ്ട്. ഇന്നും അവരത് ചെയ്തുകൊണ്ടിരിക്കുന്നു.

ഒന്നേകാല്‍ കോടി മനുഷ്യരുടെ പാലായനവും പത്തുലക്ഷം മനുഷ്യരുടെ കൊലപാതകവും നടന്ന ഇന്ത്യാ വിഭജനത്തെ ആഘോഷമാക്കാന്‍ ഒരേയൊരു കൂട്ടര്‍ക്കേ കഴിയൂ... രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്‌സെയെ രക്തസാക്ഷിയായി വിശേഷിപ്പിക്കുന്ന, ആ നരാധമന്റെ ചിതാഭസ്മം സ്വന്തം ആസ്ഥാനത്ത് സൂക്ഷിച്ചുവയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ദേശവിരുദ്ധ പ്രസ്ഥാനമായ സംഘപരിവാറിന്. അന്ന് ഇന്ത്യയില്‍ അവര്‍ സൃഷ്ടിച്ച ഭീതിയെ, ചോരയില്‍ മുങ്ങിയ തെരുവുകളെ, പുനസ്സൃഷ്ടിക്കാനാണ് ഭീതി ദിനാചരണവുമായി 4,000 പേരെ കൊന്നതുകൊണ്ട് മാത്രം മഹാനായി വാഴ്ത്തപ്പെടുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

ആബിദ് അടിവാരം


Full View

Tags:    

Similar News