കുമ്മനത്തിന്റെ 'ഇല്ലായ്മ'കളെ ആഘോഷിക്കുന്നവരോട്...
സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നല്‍കിയ സത്യവാങ്മൂലത്തിലെ 'ഇല്ല' എന്ന പരാമര്‍ശം സംഘപരിവാരം ആഘോഷിക്കുകയാണ്. എന്നാല്‍, ഇല്ലായ്മകള്‍ ഒരുപാടുണ്ടെങ്കിലും അതിലെ അപകടം ഫേസ്ബുക്കിലൂടെ തുറന്നുകാട്ടുകയാണ് സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റ്. അത്തരം ഇല്ലായ്മകളുടെ മറ്റൊരു രൂപമായിരുന്നു കണ്ഡമാലിലെ ക്രിസ്ത്യന്‍ സമൂഹത്തെ തീയിട്ടുകൊന്ന കേസിലെ പ്രതിയായ പ്രതാപ് ചന്ദ്ര സാരംഗിയെന്നും അദ്ദേഹത്തിന് അതിനു ലഭിച്ച പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവിയെന്നും കെ സഹദേവന്‍ തുറന്നുപറയുന്നു.
സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഇല്ലായ്മ'കളുടെ ആഘോഷമാണല്ലോ എങ്ങും. ആര്‍എസ്എസ് നേതാവ് കുമ്മനത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ 'ഇല്ലായ്യ'കളുടെ സമൃദ്ധിയെക്കുറിച്ചാണ് മാധ്യമ ഘോഷം. വീടില്ല, പണമില്ല, കാറില്ല, കടമില്ല, അങ്ങിനെ പോകുന്നു ഇല്ലായ്മ പട്ടിക... വേറെയും ചില 'ഇല്ലായ്മ'കളുണ്ട്. അത് കുമ്മനത്തിന്റെ മാത്രം ഇല്ലായ്മകളല്ല. സംഘപരിവാര്‍ ജനുസ്സില്‍പ്പെട്ട സകലരുടെയുമാണ്. അവ ഇവയാണ്; ഭരണഘടനയോട് കൂറില്ലായ്മ, ജനാധിപത്യത്തില്‍ വിശ്വാസമില്ലായ്മ, മാനവികതയോട് ആദരവില്ലായ്മ, ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ, മതനിരപേക്ഷതയെ അംഗീകരിക്കായ്ക, ഫെഡറല്‍ സംവിധാനങ്ങളെ അംഗീകരിക്കായ്ക, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളായ്ക... ഈ ഇല്ലായ്കകളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത്. സംഘപരിവാറിനെ തൂത്തെറിയേണ്ടതും ഇതുകൊണ്ടുതന്നെ...
വേറൊരു 'ഇല്ലായ്മ'ക്കാരനെക്കുറിച്ച് പറയാം. പേര്, പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ നീലാന്‍ഗിരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ്. കേന്ദ്ര മന്ത്രിയാണ്. കുടിലില്‍ ആയിരുന്നു താമസം. സൈക്കിള്‍ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. കീറിയ ജുബ്ബയും മറ്റും. ഇല്ലായ്മകള്‍ പൂത്തു നിറഞ്ഞ മനുഷ്യന്‍. കന്ധമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തെ പച്ചയ്ക്ക് വെട്ടിയരിഞ്ഞപ്പോഴും മാന്യ ദേഹത്തിന്റെ 'ഇല്ലായ്മകള്‍ ' പൂത്തുലഞ്ഞു. കന്ധമാല്‍ കലാപത്തിന് നേരിട്ട് നേതൃത്യം വഹിച്ച മഹാനില്‍ മനുഷ്യത്വത്തിന്റെയോ കാരുണ്യത്തിന്റെയോ കണിക പോലും ഇല്ലായിരുന്നു. ഈ 'ഇല്ലായ്മ'യ്ക്ക് കിട്ടിയ പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവി.