തിരുവനന്തപുരം: ബിജെപി നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജ്ജിത നീക്കം. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കി കേസൊതുക്കാനാണു നീക്കം നടക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ്നടപടികളിലേക്ക് നീങ്ങുന്നതിനു മുമ്പ് പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. പരാതി നല്‍കിയ ആറന്‍മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചതായാണു വിവരം.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ മുന്‍ പ്രസിഡന്റ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലാം പ്രതിയായത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കള്ളക്കേസാണെന്നും പോലിസ് ബിജെപി വേട്ട നടത്തുകയാണെന്നും ആരോപിച്ച് ബിജെപി ഇതിനെതിരേ രംഗത്തെത്തിയെങ്കിലും കുമ്മനത്തിനെതിരായ കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് നേതൃത്വം ഇടപെട്ടതെന്നാണു സൂചന. മാത്രമല്ല, കേസ് പെട്ടെന്ന് തീര്‍ക്കാന്‍ ആര്‍എസ്എസ്സും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് പരാതിക്കാരനുമായി അടുത്തുതന്നെ ചര്‍ച്ച നടത്തുമെന്നാണു വിവരം. ആറന്‍മുളയിലെത്തിയ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ഇടപെടലിന് ചിലരെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.
അതേസമയം, പാരതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നതായി കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി.എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും കുമ്മനത്തെ വലിച്ചിഴച്ചതാണെന്നു പ്രവീണ്‍ പറയുന്നു. മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറമിലേക്ക് ഗവര്‍ണറാക്കിയപ്പോള്‍ തന്നെ ഒതുക്കിയതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈയിടെ നടന്ന ബിജെപി പുനസംഘടനയില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയപ്പോഴും കുമ്മനത്തെ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടി പ്രതിചേര്‍ക്കപ്പെട്ടതോടെ കുമ്മനത്തിന്റെ പ്രതിഛായ കൂടുതല്‍ മോശമായതിനു പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിനു കൂടി പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Attempt to settle financial fraud case against Kummanam