കോഴിക്കോട്: വിദ്വേഷരാഷ്ട്രീയം കൊണ്ടുനടക്കുന്നവര്‍ മാത്രമല്ല, വര്‍ഗസമരം വിഭാവനം ചെയ്യുന്നവരില്‍ പോലും വര്‍ഗീയതയുടെ ഒളിയജണ്ടകളാണ് നിലകൊള്ളുന്നതെന്ന് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി പ്രായോഗിക രാഷ്ട്രീയത്തില്‍ എന്തിനെയും തരാതരം ഉപയോഗിക്കുന്ന എന്നതിലേക്ക് കേരള രാഷ്ട്രീയവും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പോലുമുള്ള മുസ് ലിം വിരുദ്ധതയെ കുറിച്ച് എഴുത്തുകാരനായ രൂപേഷ് കുമാര്‍ വിലയിരുത്തുന്നത്.
രൂപേഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ഒരു മുസ് ലിം പെണ്‍കുട്ടിയുടെ വാര്‍ത്തയുടെ ലിങ്കിനു താഴെ കണ്ട കമന്റ് ഇങ്ങനെയാണ്. 'ഇടക്കിടക്ക് ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന മുസ് ലിം പിള്ളേര്‍ വൈറല്‍ ആകും, എന്ത് കൊണ്ടാണ് അതൊരു ഹിന്ദുവോ ക്രിസ്ത്യാനിയോ ആകാത്തത്?'. ഇതാണീ മതേതര കേരളം. ഒരു മുസ് ലിം പെണ്‍കുട്ടിയുടെ ഇംഗ്ലീഷ് അറിവ് സഹിക്കാന്‍ കഴിയില്ല. കേരളത്തിന്റെ 'സ്വപ്നങ്ങളിലെ' പതിനാറാം നൂറ്റാണ്ടിലെ ഒരു വിവരവുമില്ലാത്ത മുസ് ലിം സ്ത്രീ എന്ന വംശീയ സിമ്പലിസത്തില്‍ നിന്നു പുറത്ത് വന്നാല്‍ അപ്പോള്‍ കേരളത്തിനു ചൊറിഞ്ഞു കേറും. ആ ചൊറി മാന്തി മണപ്പിച്ചാല്‍ മാത്രമേ കേരളത്തിനു ഉറങ്ങാന്‍ പറ്റുകയുള്ളൂ. ആ കേരളത്തിനെ തൃപ്തിപ്പെടുത്താനാണ് മുസ് ലിം ലീഗില്‍ നിന്നും ഒരു മുഖ്യമന്ത്രി മുമ്പുണ്ടായിട്ടും പാണക്കാട്ടു പോകുന്നത് വര്‍ഗീയത വളര്‍ത്തുന്നു എന്നു വിജയരാഘവന്‍ സഖാവിനു പറയേണ്ടി വരുന്നത്. വിജയരാഘവന്‍ കേരളത്തിന്റെ മതേതര വംശീയതയുടെ അടിയില്‍ നെഗളിക്കുന്ന ഹിന്ദുത്വ ബോധത്തിനെ മസാജ് ചെയ്തു കൊടുക്കുന്ന പാര്‍ട്ടിയുടെ വെറും നേര്‍ച്ചക്കോഴി മാത്രമാണ്. ഇതേ നാണയത്തിന്റെ മറ്റൊരു വശമാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുസ് ലിം ചെറുപ്പക്കാരനെ സുരേന്ദ്രന്റെ മകള്‍ക്കെതിരേ കമന്റ് എഴുതി എന്നു കുറ്റവാളിവല്‍ക്കരിച്ച് വംശീയബോധത്തില്‍ കേരളവും പോലിസും ചാടിയിറങ്ങിയത്. അതും ഹിന്ദുത്വ വംശീയ ബോധത്തിനു തലോടിക്കൊടുക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്ലാന്‍ഡ് പി ആര്‍ ഓപ്പറേഷന്‍ ആണെന്ന് മനസ്സിലാക്കാന്‍ കേരള പോലിസിന്റെ പോലും ബുദ്ധി ആവശ്യമില്ല. അഥവാ, മതേതര കേരളം മുസ് ലിം വിരുദ്ധ വംശീയതയുടെ ഒരു വലിയ ഗോഡൗണാണ്.
Secular Kerala is a huge godown of anti-Muslim racism