ആര്‍എസ്എസ് സഹയാത്രികന് പിണറായി അനുവദിച്ച ഭൂമി മതേതര കേരളത്തിന് ശ്മശാനം പണിയാന്‍: പോപുലര്‍ ഫ്രണ്ട്
കാലങ്ങളായി ബിജെപിയും ആര്‍എസ്എസ്സും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് അധികാരം നിലനിര്‍ത്താനായി ഇപ്പോള്‍ സിപിഎമ്മും കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ്സിനെ പരസ്യമായി എതിര്‍ക്കുകയും പിന്‍വാതില്‍ അവര്‍ക്കായി തുറന്നിടുകയും ചെയ്യുന്ന പിണറായിയുടെ നെറികെട്ട രാഷ്ട്രീയം കേരളത്തിനെ അപകടത്തിലേക്ക് തള്ളിവിടുമെന്നതില്‍ സംശയമില്ല.
കോഴിക്കോട്: ശ്രീ എമ്മിന്റെ സത്‌സംഗ് ഫൗണ്ടേഷന് യോഗ സെന്റര്‍ സ്ഥാപിക്കുന്നതിന് ഭൂമി നല്‍കാനുള്ള തീരുമാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന് ശ്മശാന ഭൂമി ഒരുക്കുകയാണ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്. സിപിഎം സംഘപരിവാരത്തിന് കീഴ്‌പ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സംഘപരിവാര്‍ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന ശ്രീ എം ആര്‍എസ്എസ് നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. ഇക്കാര്യം വ്യക്തമായി അറിയുന്ന ആളാണ് പിണറായി വിജയന്‍.
ശ്രീ എമ്മിന്റെ ഇടപെടലിലൂടെ പിണറായി വിജയന്‍ ആര്‍എസ്എസ്സിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എസ് സംസ്ഥാന നേതാവ് ഗോപാലന്‍കുട്ടി, വിഭാഗ് പ്രചാര്‍ പ്രമുഖ് വല്‍സന്‍ തില്ലങ്കേരി, ജന്മഭൂമി എംഡി എ രാധാകൃഷ്ണന്‍, മുന്‍ പ്രാന്തപ്രചാരക് എസ് സേതുമാധവന്‍ എന്നിവരുമായാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.
കാലങ്ങളായി ബിജെപിയും ആര്‍എസ്എസ്സും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് അധികാരം നിലനിര്‍ത്താനായി ഇപ്പോള്‍ സിപിഎമ്മും കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ്സിനെ പരസ്യമായി എതിര്‍ക്കുകയും പിന്‍വാതില്‍ അവര്‍ക്കായി തുറന്നിടുകയും ചെയ്യുന്ന പിണറായിയുടെ നെറികെട്ട രാഷ്ട്രീയം കേരളത്തിനെ അപകടത്തിലേക്ക് തള്ളിവിടുമെന്നതില്‍ സംശയമില്ല.
ഈ പിന്നാമ്പുറ ബന്ധം ഇപ്പോഴും തുടരുന്നുണ്ട് എന്നതിന്റെ തെളിവാണ്, ആര്‍എസ്എസ്സിന് വേണ്ടി സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയപരാമര്‍ശങ്ങള്‍. ഭൂമിയില്ലാത്തവരും വീടില്ലാത്തവരും സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷയുമായി കാത്തുകെട്ടി കിടക്കുമ്പോഴാണ് ആര്‍എസ്എസ് സഹയാത്രികന് നാലേക്കര്‍ ഭൂമി തലസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി പി റഫീഖ് ആവശ്യപ്പെട്ടു.