മലയാളികളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്നതെന്തിന്; കെ എസ് രാധാകൃഷ്ണനോട് സ്വാമി സന്ദീപാനന്ദഗിരി
'ഇസ്‌ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്തുപറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന. ഇതിനാണ് ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ സന്ദീപാനന്ദഗിരി മറുപടി നല്‍കിയത്.
കോഴിക്കോട്: ശ്രീലങ്കയിലെ ആക്രമണവുമായി ബന്ധപ്പെട്ട് വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ എസ് രാധാകൃഷ്ണനെതിരേ സ്വാമി സന്ദീപാനന്ദഗിരി. 'ഇസ്‌ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്തുപറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന. ഇതിനാണ് ഫെയ്‌സ്ബുക്ക് കുറുപ്പിലൂടെ സന്ദീപാനന്ദഗിരി മറുപടി നല്‍കിയത്.
എന്തിനാണ് മലയാളികളുടെ മനസ്സിലേക്ക് ഇത്തരത്തില്‍ വിഷം കുത്തിവയ്ക്കുന്നതെന്ന് സന്ദീപാനന്ദഗിരി ചോദിച്ചു. അങ്ങിത് ചെയ്യരുത്, തന്റെ അപേക്ഷയാണ്. ഗുജറാത്ത് കലാപം, മാലേഗാവ് സ്‌ഫോടനം, ശബരിമല പോലുള്ള ഏതെങ്കിലും വിഷയത്തില്‍ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോയെന്നും സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടുന്നു
സ്വാമിസന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ കെ എസ് രാധാകൃഷ്ണന്‍ജി,
അങ്ങയോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുള്ള ഒരാളെന്ന നിലയില്‍ ചിലത് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യമനസ്സില്‍ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവയ്ക്കാന്‍ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവര്‍ വളരെ ചുരുക്കംപേരാണ് ഇന്ന് കേരളത്തിലുള്ളത്. അങ്ങ് എപ്പോഴെല്ലാം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ടോ അപ്പൊഴെല്ലാം എല്ലാം മറന്ന് ഗാന്ധിജിയെ അനുഭവിക്കുന്നതിന് ഇടവന്നിട്ടുണ്ട്, അതില്‍ ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്. ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ അങ്ങയുടെ ഒരു പരാമര്‍ശം വായിക്കാന്‍ ഇടയായതിനാലാണ് ഈ കുറിപ്പ്.
ഇസ്‌ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. 'നടന്‍മാരായ മമ്മുട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്തുപറയാന്‍ താല്‍പര്യമുണ്ടെന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചു. ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്രമോദി മുതല്‍ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു. രാധാകൃഷ്ണന്‍ജീ, കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്‍മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ? അവരെ നാം സ്‌നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ? ഗുജറാത്ത് കലാപം, മാലേഗാവ് സ്‌ഫോടനം, ശബരിമല ഇതുപോലുള്ള ഏതെങ്കിലും വിഷയത്തില്‍ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തിവയ്ക്കുന്നത്? അപേക്ഷയാണ് അങ്ങിത് ചെയ്യരുത്.
വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗത്തിലെ അവസാനവരികള്‍ ഇവിടെ അന്വര്‍ഥമാണെന്നു തോന്നുന്നു. 'വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കൈയടക്കിയിരിക്കുകയാണ്. അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു. മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു'.
.