സെന്‍കുമാറിന്റേത് മൈതാനപ്പുറങ്ങളിലെ വര്‍ഗീയത പുലമ്പല്‍; നുണക്കഥ പൊളിച്ചടുക്കി തോമസ് ഐസക്
കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവര്‍ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നുണയാണ്
കോഴിക്കോട്: കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്ന മുന്‍ ഡിജിപിയും സംഘപരിവാര സഹയാത്രികനുമായ ടി പി സെന്‍കുമാറിന്റെ നുണക്കഥയെ കണക്കുകള്‍ നിരത്തി പൊളിച്ചടുത്തി മന്ത്രി ഡോ. ടി എം തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഐസക് സെന്‍കുമാറിന്റെ വര്‍ഗീയ വിദ്വേഷ പ്രചാരണത്തെ പൊളിച്ചടക്കുന്നത്.
ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി പി സെന്‍കുമാര്‍ നടത്തുന്ന വര്‍ഗീയവിദ്വേഷ പ്രചാരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് നെബൂ ജോണ്‍ എബ്രഹാം(Nebu John Abraham) സമര്‍ത്ഥിച്ചിരുന്നു. അതിനോട് സെന്‍കുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാന്‍ കഴിഞ്ഞില്ല. സെന്‍കുമാറിന്റെ മറുപടിക്കായി കൗതുകപൂര്‍വം കാത്തിരിക്കുകയായിരുന്നു ഞാന്‍. കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവര്‍ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നുണയാണ്. 'ഇങ്ങനെ പോയാല്‍ ബാലഗോകുലത്തിനൊക്കെ യുപിയില്‍ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരും' എന്നാണ് സെന്‍കുമാര്‍ രോഷം കൊണ്ടത്. ഇത് വര്‍ഗീയത പുലമ്പലാണ് എന്ന വിമര്‍ശനം അദ്ദേഹത്തെ കൂടുതല്‍ രോഷാകുലനാക്കി. 'സത്യം ആരും അറിയരുത്. അറിയിക്കുന്നവന്‍ വര്‍ഗീയന്‍' എന്നൊക്കെ ആക്രോശിക്കുന്നു. എന്നിട്ട് കേരള സര്‍ക്കാരിന്റെ 'വിറ്റാള്‍ സ്റ്റാറ്റസ്റ്റിക്‌സ്'(അക്ഷരത്തെറ്റായിരിക്കും, വൈറ്റല്‍ സ്റ്റാറ്റസ്റ്റിക്‌സ് ആണ്) പ്രസിദ്ധീകരണത്തില്‍ നിന്ന് ജനനനിരക്ക് തെളിവായി വിവരിക്കുകയാണ്.
സെന്‍കുമാര്‍ പറയുന്ന കണക്ക് തെറ്റാണ്. 2011ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തിലെ ജനസംഖ്യയുടെ 54% ആണെന്നത് ശരി. പക്ഷേ അവരുടെ ജനന നിരക്ക് സെന്‍കുമാര്‍ പറയുന്നതുപോലെ 41% അല്ല. ഒരുപക്ഷേ, ജനിക്കുന്ന കുട്ടികളില്‍ ഹിന്ദുക്കളുടെ വിഹിതമായിരിക്കാം ഉദ്ദേശിക്കുന്നത്. പക്ഷേ അത് 41 ശതമാനം അല്ല 42.87 ശതമാനമാണ്. മുസ്‌ലിംകളുടെ 41.45 ശതമാനവും ക്രിസ്ത്യാനികളുടേത് 15.42 ശതമാനവും മറ്റുള്ളവരുടേത് 0.18 ശതമാനവുമാണ്. 'ഈ രീതിയില്‍ കുറയുമ്പോള്‍ കുട്ടികള്‍ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങനെ വര്‍ഗീയമാകും? തങ്ങള്‍ക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്'.. എന്നൊക്കെയാണ് അദ്ദേഹം പുലമ്പുന്നത്.
ഈ മേല്‍പ്പറഞ്ഞ വര്‍ഗീയവാദത്തിന് നെബു നല്‍കിയ മറുപടി പരിപൂര്‍ണമായി ശരിയാണ്. ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാല്‍ 1000 പേര്‍ക്ക് എത്ര കുട്ടികള്‍ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാന്‍ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ. അതുകൊണ്ട് പ്രജനന നിരക്കാണ്(fertiltiy rate) ഭാവി ജനസംഖ്യാമാറ്റത്തെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാല്‍ പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകള്‍ക്ക് എത്ര കുഞ്ഞുങ്ങള്‍ ജനിക്കാം എന്നുള്ളതാണ്. നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലങ്ങളില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണ്.
1992-93 കാലത്തായിരുന്നു ആദ്യസര്‍വേ. തുടര്‍ന്ന് 1998-99ലും 2005-06ലും 2015-16ലും മൂന്ന് സര്‍വേകളുടെ ഫലം കൂടി ലഭ്യമാണ്. അതുപ്രകാരം ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93ലും 2015-16നുമിടയ്ക്ക് 1.66ല്‍ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78ല്‍ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്‌ലിംകളുടേത് 2.97ല്‍ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയര്‍ന്നത്. എന്നാല്‍ അതിന്ന് ഏറ്റവും വേഗതയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റെയും പ്രജനന നിരക്ക് ഇന്ന് replacement level ആയ 2.0ന് മുകളിലല്ല. ഇതാണ് യാഥാര്‍ഥ്യം. എന്താണ് ജനന നിരക്കിനേയും പ്രജനന നിരക്കിനേയും നിര്‍ണയിക്കുന്നത്? പല ഘടകങ്ങളുണ്ടാവാം. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ജനനനിരക്കിലെ അന്തരം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തപ്പോള്‍ കണ്ടത് സ്ത്രീകളുടെ സാക്ഷരതയാണ് ഏറ്റവും പ്രധാനഘടകം എന്നതാണ്. ഇന്ത്യ മൊത്തത്തില്‍ എടുത്താല്‍ മതം ഒരു പ്രധാനപ്പെട്ട ഘടകമേയല്ല. 40 വര്‍ഷം മുമ്പ് എംഫില്ലിന് പഠിച്ചിരുന്നപ്പോള്‍ ഇതു സംബന്ധിച്ച പ്രബന്ധം ഞങ്ങളുടെ നിര്‍ബന്ധിത വായനാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഓര്‍ക്കുന്നു. എന്നു മാത്രമല്ല കേരളത്തില്‍ ഏറ്റവും താഴ്ന്ന ജനന/പ്രജനന നിരക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രാമുഖ്യമുള്ള കോട്ടയം ജില്ലയായിരുന്നു.
ജനസംഖ്യാവളര്‍ച്ചയുടെ കാനേഷുമാരി കണക്കെടുത്താല്‍ 1971നും 2011നും ഇടയില്‍ ഏറ്റവും വേഗതയില്‍ ജനസംഖ്യ വളര്‍ച്ചയില്‍ കുറവുണ്ടായത് കൃസ്ത്യന്‍ സമൂഹത്തിലാണ്. കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളോടുള്ള ക്രിസ്ത്യന്‍ സഭയുടെ എതിര്‍പ്പ് വളരെ പ്രസിദ്ധമാണല്ലോ. പക്ഷേ ഇതൊന്നും ജനസംഖ്യാപരിണാമത്തെ ബാധിച്ചിട്ടില്ല. ഇതൊക്കെയാണ് ശാസ്ത്രം. സെന്‍കുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വര്‍ഗീയത പുലമ്പല്‍ മാത്രമാണ്.
Full View