ഡിജിറ്റല്‍ മാധ്യമസ്വാതന്ത്രത്തെ ഗുരുതരമായി ബാധിക്കുന്ന നയമാണിത്...; ജിജീഷ് പി ബി എഴുതുന്നു
ജിജീഷ് പി ബിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാര്‍ത്താമാധ്യമ രംഗത്ത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റം കൊണ്ടുവന്നിരുന്നു കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ വാര്‍ത്താമാധ്യമ രംഗത്ത് വിദേശ നിക്ഷേപം പ്രിന്റ് മീഡിയയില്‍ എന്നപോലെ 26% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നേരത്തേ ഇത് 100% ആയിരുന്നു. ഇതില്‍ ഡിജിറ്റല്‍ ന്യൂസ് മീഡിയയുടെ നിര്‍വചനമാണ് ശ്രദ്ധേയം. ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കോ വാര്‍ത്തശേഖരണ(ന്യൂസ് ആഗ്രഗേറ്റെഴ്സ്) സ്ഥാപനങ്ങള്‍ക്കോ വെബ്‌സൈറ്റുകള്‍ക്കോ നേരിട്ടോ അല്ലാതെയോ നേരിട്ട് എഴുതുന്ന/വാര്‍ത്ത നല്‍കുന്ന വാര്‍ത്താ ഏജന്‍സികളെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് എല്ലാവിധ വിദേശ മാധ്യമങ്ങളുടെയും ഇന്ത്യന്‍ ബ്യുറോകളെ ഇതു ബാധിച്ചേക്കാം.
അതുപോലെ തന്നെ പ്രധാനമാണ് ന്യൂസ് ആഗ്രഗേറ്റഴ്സിനെക്കുറിച്ചുള്ള പരാമര്‍ശം. ഏതെങ്കിലും വാര്‍ത്താ വെബ്‌സൈറ്റ്, ബ്ലോഗ്, വ്‌ലോഗ്, പോഡ്കാസ്റ്റ്, ഉപഭോക്താക്കള്‍ നല്‍കുന്ന ലിങ്കുകള്‍ മുതലായവയില്‍ നിന്ന് സോഫ്റ്റ് വെയറുകളോ വെബ്-ആപ്ലിക്കേഷനുകളോ ഉപയോഗിച്ചുകൊണ്ട് വാര്‍ത്തകള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുന്ന സംവിധാനങ്ങളാണിവ. ഗൂഗിള്‍ ന്യൂസ്, ഡെയിലി ഹണ്ട്, ഇന്‍ ഷോര്‍ട്സ് തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട് ഇത്തരത്തില്‍. ഇവയിലൊക്കെ 26% മാത്രമേ വിദേശ നിക്ഷേപം പാടുള്ളു എന്ന തരത്തിലും ഈ നയം വ്യാഖ്യാനിക്കപ്പെടാം.
ഉപഭോക്താക്കള്‍ നല്‍കുന്ന വാര്‍ത്താ ഉള്ളടക്കങ്ങളും നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകവഴി വിവിധ സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രിക്കുവാനുള്ള വഴിയൊരുക്കുകയാണ് ഗവണ്‍മെന്റ്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ മധ്യമങ്ങളിലെല്ലാം ഉപഭോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന വാര്‍ത്താ ലിങ്കുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെതന്നെ അനുവദനീയമായ 26% വിദേശനിക്ഷേപം ഗവണ്‍മെന്റ് അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന അവസ്ഥകൂടി വരികയാണ്.
ഒപ്പം സ്ഥാപനങ്ങളിലെ ഭൂരിപക്ഷം ഡയറക്ടര്‍മാരും ഇന്ത്യക്കാരായിരിക്കണം എന്നും സ്ഥാപന മേധാവി (CEO) ഇന്ത്യക്കാരന്‍ ആയിരിക്കണമെന്നും നിബന്ധന വരുന്നു. ഒരുപക്ഷേ സിദ്ധാര്‍ത്ഥ് വരദരാജന്റെ TheWire.in നെ ലക്ഷ്യം വച്ചാകാം ഈ നിബന്ധന. യാതൊരുവിധ പൊതുചര്‍ച്ചകളും ഇല്ലാതെയാണ് ഡിജിറ്റല്‍ മാധ്യമസ്വാതന്ത്രത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഗുരുതരമായതരത്തില്‍ ബാധിക്കുന്ന ഒരു നയവുമായി ഈ മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്.
This is a policy that seriously affects digital media freedom...; Jijeesh PB writes