കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യത്തിനു നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്ന് എസ്എസ്എഫ്

Update: 2021-06-20 14:58 GMT

കൊല്ലം: രാജ്യത്തെ സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതം കെടുത്തുന്ന നിയമങ്ങളും നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും ജനവിരുദ്ധ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എസ്എസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളുടെ ഭാഗമായി 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീര്‍ഷകത്തില്‍ ജില്ലയിലെ 206 യൂണിറ്റ് കേന്ദ്രങ്ങളില്‍ എസ്എസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രതിഷേധ ചിത്രങ്ങള്‍ പങ്കുവെച്ചു.

അച്ഛാദിന്‍ വരുന്നു എന്ന് കൊതിപ്പിച്ച് ജനങ്ങളുടെ വോട്ട് നേടിയവര്‍ നല്ല ദിനങ്ങള്‍ക്ക് പകരം ജനങ്ങള്‍ക്ക് സമ്മാനിച്ചത്

നോട്ടു നിരോധനം, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട കൊലകള്‍, സാമ്പത്തിക മാന്ദ്യം, കോര്‍പ്പറേറ്റ്‌വത്കരണം, ദരിദ്രരുടെ എണ്ണത്തിലെ വളര്‍ച്ച, തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍, ഇന്ധന വിലവര്‍ധന, അഴിമതി, നവമാധ്യമ കര്‍സേവ, മൗലികാവകാശ ധ്വംസനം, സാംസ്‌കാരികാധിനിവേശം, ഇഐഎ, എന്‍ഇപി, എന്‍ആര്‍സി, കര്‍ഷകദ്രോഹ നയങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍, മഹാമാരി കാലത്തെ അനാസ്ഥകള്‍, ഫെഡറലിസത്തെ തകര്‍ക്കല്‍, വിലക്കയറ്റം, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, കാര്യക്ഷമമല്ലാതെയുള്ള ജി.എസ് ടി സംവിധാനം എന്നിവയാണെന്ന് എസ്എസ്എഫ് ജില്ലാസെക്രട്ടറി ഷെമീര്‍ വടക്കേവിള പറഞ്ഞു.

തെരുവിലുയരുന്ന ശബ്ദങ്ങളാണ് ഭരണകൂടങ്ങളെ നേര്‍വരയില്‍ നയിക്കുകയെന്നും വിയോജിപ്പുകളെയെല്ലാം രാജ്യദ്രോഹമായി ചിത്രീകരിച്ച് ജനകീയാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കം അനുവദിച്ച് നല്‍കുകയില്ലെന്നും അക്കാദമിക് ഫാഷിസത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ഉയിര്‍പ്പിനെ തടയാനുള്ള നീക്കം പ്രതിരോധിച്ച് ജനാധിപത്യത്തിന് നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.

Tags:    

Similar News