ജന്‍ഡര്‍ ന്യൂട്രല്‍ വിഷയമുന്നയിച്ച് സാംസ്‌കാരിക ഫാഷിസത്തിന് ശ്രമിക്കുന്നുവരെ കരുതിയിരിക്കുക: എസ്എസ്എഫ്
കൊല്ലം: സമൂഹത്തില്‍ നിരാക്ഷേപം അനുവര്‍ത്തിച്ച് പോരുന്ന നന്‍മകളെ ഇല്ലായ്മ ചെയ്ത് ലിബറല്‍ കപട മൂല്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്ന് എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി കണ്ണൂര്‍ പറഞ്ഞു. ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി എന്ന പ്രമേയത്തില്‍ പതാരത്ത് നടന്ന കൊല്ലം ജില്ലാ കാമ്പസ് അസംബ്ലിയുടെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയോട് വികല സമീപനം പുലര്‍ത്തുന്ന ലിബറല്‍ ചിന്താഗതിക്കാര്‍ നമ്മുടെ നാടിന്റെ വൈവിധ്യത്തെയും, സംസ്‌കാരത്തെയുമാണ് നശിപ്പിക്കുന്നത്. സാംസ്‌കാരിക ഫാഷിസത്തിന് വഴിയൊരുക്കുന്ന ലിബറല്‍ അജണ്ടകള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാംപസ് അസംബ്ലി നഗരിയില്‍ സ്വാഗതസംഘം ഉപദേശകസമിതി ചെയര്‍മാന്‍ ഹംസ സഖാഫി പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ വിശിഷ്ടാതിഥിയായി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞ് സഖാഫി സംബന്ധിച്ചു. ജില്ലയിലെ വിവിധ കാംപസുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയം, പഠനം, സാമൂഹികം തുടങ്ങി വിവിധ സെഷനുകള്‍ക്ക് എബി പാപ്പച്ചന്‍, നൗഫര്‍ പി നാസര്‍, സിദ്ദീഖ് അലി, ടി.കെ റമീസ്, സിദ്ദീഖ് ജൗഹരി, എച്ച് എഫ് ഷമീര്‍ ജൗഹരി, ജുനൈദ് ജൗഹരി എന്നിവര്‍ നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ എസ് ഷമീര്‍ ജൗഹരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷമീര്‍ വടക്കേവിള സ്വാഗതവും കാമ്പസ് സെക്രട്ടറി സാബിത്ത് കയ്യാലയ്ക്കല്‍ നന്ദിയും പറഞ്ഞു. പ്രൗഢമായ വിദ്യാര്‍ത്ഥി റാലിയോടെ കാമ്പസ് അസംബ്ലിക്ക് സമാപനം കുറിച്ചു. സംസ്ഥാന കാമ്പസ് അസംബ്ലി 2022 ജനുവരി 27, 28, 29 തീയതികളില്‍ തൃശ്ശൂരില്‍ നടക്കും.