കൂടെ നിന്നവര്‍ക്ക് സ്‌നേഹവും കടപ്പാടും അറിയിച്ച് ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനതയെ ഒറ്റുന്നവനോടൊപ്പമല്ല, മനുഷ്യപക്ഷത്ത് തന്നെയാണ് അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍ പകര്‍ന്നു കിട്ടിയതെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

Update: 2019-01-17 17:17 GMT
കോഴിക്കോട്: ഒപ്പം നിന്ന വലിയ മനസ്സുകള്‍ക്കും അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹവും കടപ്പാടും അറിയിച്ച് ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്താന്‍ സംഘപരിവാരത്തിന് അക്രമം നടത്താന്‍ വഴിവെച്ച പോലിസ് കമ്മീഷണറുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂടെനിന്നവര്‍ക്ക് നന്ദിയും കടപ്പാടും അര്‍പ്പിച്ചത്.

ജനതയെ ഒറ്റുന്നവനോടൊപ്പമല്ല, മനുഷ്യപക്ഷത്ത് തന്നെയാണ് അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍ പകര്‍ന്നു കിട്ടിയതെന്നും അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കില്‍ പൊരുതിയേ വീഴൂവെന്നും പോസ്റ്റില്‍ ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കുന്നു. സസ്‌പെന്‍ഷന്‍ കാലയളവ് പുസ്തകങ്ങളും സിനിമകളും യാത്രകളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഒപ്പം നിന്ന പതിനായിരക്കണക്കിന് വലിയ മനസ്സുകള്‍ക്കും സോഷ്യല്‍/പ്രിന്റ്/ വിഷ്വല്‍ മാധ്യമങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളും നന്ദിയും തീരാത്ത സ്‌നേഹവും.?

ജനതയെ ഒറ്റുന്നവനോടൊപ്പമല്ല,

മനുഷ്യപക്ഷത്ത് തന്നെയാണ്

അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള

ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍

പകര്‍ന്നു കിട്ടിയത്.


നിയമവും നീതിയും നടപ്പാക്കാനുള്ള

ഏത് നടപടികളും അംഗീകരിച്ച് ഒപ്പം നില്‍ക്കും.

അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കില്‍

പൊരുതിയേ വീഴൂ.

'സസ്‌പെന്‍ഷന്‍ കിട്ടി വീട്ടിലിരിക്കുമ്പോഴേ അതിന്റെ വിഷമം അറിയൂ' എന്ന് അനുഭവമുള്ള കൂട്ടുകാരി സ്‌നേഹപൂര്‍വ്വം.?

വീട്ടിലിരിക്കുന്നതെന്തിനെന്ന് ഞാന്‍.

പുസ്തകങ്ങള്‍, സിനിമകള്‍, എത്ര ദൂരം പോയാലും തീരാത്ത റോഡുകള്‍, കണ്ടാല്‍ തീരാത്തത്ര ഭൂപ്രദേശങ്ങള്‍,

സ്‌നേഹം കൊളുത്തി വച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍......

ഒരു സസ്‌പെന്‍ഷന്‍ കാലം കൊണ്ട് ഓടിയെത്താനാവുമോ ഇത്തിരിയിടത്തെങ്കിലും.....

Tags:    

Similar News