യുഎപിഎക്കെതിരായ സിനിമാ രംഗം ഫേസ്‌ബുക്കിൽ പങ്കുവച്ച പോലിസുകാരനെതിരേ നടപടി
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു. മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിൻറെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു! എന്ന കുറിപ്പോടെയാണ് ഉമേഷ് വീഡിയോ പോസ്റ്റ് ചെയ്തത്
കോഴിക്കോട്: യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമാ രംഗം ഫേസ്‌ബുക്കിൽ ഷെയര്‍ ചെയ്ത പോലിസുകാരനോട് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷണര്‍ കത്തയച്ചു. പന്തീരങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് രണ്ടു യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയതിതിലെ വിവാദങ്ങള്‍ക്കിടയിലാണ് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനോട് കമ്മീഷണര്‍ വിശദീകരണം ചോദിച്ചത്.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു. മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിൻറെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു! എന്ന കുറിപ്പോടെയാണ് ഉമേഷ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ പോലിസ് സേനാംഗങ്ങള്‍ പാലിക്കേണ്ട സംസ്ഥാന പോലിസ് മേധാവിയുടെ 45/15 സര്‍ക്കുലറിന് വിരുദ്ധമാണെന്ന് കാണിച്ചാണ് നോട്ടീസ്. അഞ്ച് ദിവസത്തിനുള്ളിൽ കാരണം കാണിക്കണമെന്നും കമ്മീഷണര്‍ എവി ജോര്‍ജ് അയച്ച നോട്ടീസിൽ പറയുന്നു.
ഉമേഷിനെതിരായുള്ള പോലിസ് നടപടി കാടുപൂക്കുന്ന നേരത്തിന്റെ സംവിധായകന്‍ ഡോക്ടർ ബിജുവാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 'ഇന്ത്യയില്‍ അണ്‍ റസ്ട്രിക്റ്റഡ് പൊതു പ്രദര്‍ശനത്തിന് സെന്‍സര്‍ അനുമതി ലഭിച്ചിട്ടുള്ള , കേരള സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു പ്രധാന പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും കിട്ടിയ ഒരു ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനാണ് കേരളാ പോലിസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.