'വാളയാര്‍ പീഡനക്കേസ് വിധി: കേസന്വേഷണത്തിലെ ഉപേക്ഷ ഗൗരവത്തോടെ കാണണം'

അന്വേഷണത്തില്‍ ഉപേക്ഷ വരുത്തിയെന്ന് തെളിയുന്നപക്ഷം പോലിസിനെതിരേ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. 'പോക്‌സോ', എസ്‌സി, എസ്ടി അട്രോസിറ്റി ആക്ട്, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസിന്റെ ഇത്തരത്തിലുള ദയനീയമായ പര്യവസാനത്തെ അധികാരികളും രാഷ്ട്രീയനേതൃത്വവും ഗൗരവത്തോടെ കാണേണ്ടതുണ്ട്.

Update: 2019-10-26 14:23 GMT

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി രണ്ട് ദലിത് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതേവിട്ടതില്‍ വിമര്‍ശനം ശക്തമാവുകയാണ്. പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. പോലിസിന്റെ അന്വേഷണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ദലിത് കുടുംബത്തിന് നീതിനിഷേധിക്കപ്പെടാനിടയാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ കുടുംബവും പോലിസിനെതിരേ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു. കേസില്‍ അപ്പീല്‍ പോവാനുള്ള സാധ്യത തേടുകയാണ് സര്‍ക്കാരും. പോലിസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ ഉപേക്ഷയുണ്ടായെന്ന കുടുംബത്തിന്റെ പരാതി ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്ഡിപിഐ.

പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്പി അമീര്‍ അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    2017 ല്‍ വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട് ദുരൂഹമായി മരണമടഞ്ഞ കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ട ദൗര്‍ഭാഗ്യകരമായ വിധിയിലേക്ക് നയിച്ചത് പോലിസിന്റെ കാര്യക്ഷമമല്ലാത്ത അന്വേഷണമാണന്ന കുടുംബത്തിന്റെ പരാതി ഗൗരവത്തോടെ കാണേണ്ടതുണ്ട്. പോലിസ് അന്വേഷണത്തില്‍ ഗുരുതരമായ ഉപേക്ഷകള്‍ സംഭവിച്ചുവെന്നത് വ്യക്തമാണ്. 2017 ജനുവരി 13 ല്‍ ആദ്യം ആത്മഹത്യചെയ്ത പെണ്‍ക്കുട്ടിയുടെ കേസ് അന്വേഷിച്ച എസ്‌ഐക്കെതിരേ നടപടി സ്വീകരിക്കേണ്ടിവന്നത് കേസന്വേഷണത്തിന്റെ തുടക്കംതന്നെ കാര്യക്ഷമമായിരുന്നില്ലായെന്നതിന്റെ തെളിവാണ്.

വാളയാര്‍ കേസന്വേഷണം കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എം ജെ ജോര്‍ജിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെ കാണാതിരുന്നത് കേസ് സംബന്ധിച്ച ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രകൃതി വിരുദ്ധ പീഡനം നടന്നുവെന്നും കൊലപാതകമാണെന്ന് സംശയിപ്പിക്കുന്നതാണെന്നുമുള്ള ഫോറന്‍സിക് സര്‍ജന്റെ മെഡിക്കല്‍ റിപോര്‍ട്ടുണ്ടായിട്ടുപോലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ നമ്പര്‍ മാറ്റി നല്‍കി പോലിസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവുമുയരുന്നുണ്ട്. 9 വയസ്സുകാരിക്ക് തൂങ്ങിമരിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത് എന്നുകൂടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍തന്നെ പ്രതിഭാഗം വക്കീലായിരുന്ന എന്‍ രാജേഷിനെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചത് ഇവകളോട് ചേര്‍ത്തുവായിക്കണം. കേസിന്റെ വിധി ദിവസം പോലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നല്ല പോലും!. 'എന്നിട്ടും അവരെ എന്തിനാണ് വെറുതെ വിട്ടത് ?!' എന്ന പെണ്‍കുട്ടികളുടെ മാതാവിന്റെ രോദനം രാജ്യത്തിന്റെ നിയമവ്യവസ്ഥയോടും നീതിന്യായസംവിധാനത്തോടും കൂടിയാണ്. വിധിപ്പകര്‍പ്പ് ലഭിച്ചതിനുശേഷം അപ്പീല്‍ പോവുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ഡിഐജി എസ് സുരേന്ദ്രനും പറയുന്നുണ്ടെങ്കിലും കേസിന്റെ സുതാര്യവും കാര്യക്ഷമവുമായ പുനരന്വേഷണത്തിന് വഴിയൊരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.

അന്വേഷണത്തില്‍ ഉപേക്ഷ വരുത്തിയെന്ന് തെളിയുന്നപക്ഷം പോലിസിനെതിരേ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. 'പോക്‌സോ', എസ്‌സി, എസ്ടി അട്രോസിറ്റി ആക്ട്, ആത്മഹത്യാ പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസിന്റെ ഇത്തരത്തിലുള ദയനീയമായ പര്യവസാനത്തെ അധികാരികളും രാഷ്ട്രീയനേതൃത്വവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേസിന്റെ പുനരന്വേഷണത്തിനാവശ്യമായ നിയമപരമായ ഇടപെടലുകള്‍ക്കുള്ള പിന്തുണയും സഹായവും അറിയിച്ചുകൊണ്ട് എസ്ഡിപിഐ ജില്ലാ നേതൃത്വം കുടുംബത്തെ സന്ദര്‍ശിക്കുന്നുണ്ട്. 

Tags:    

Similar News