മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി പോലിസ്
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ വിലപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കുകയാണ് കേരളാ പോലിസ്. ആരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടത്. കേരള പോലിസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലിസ് സ്‌റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കാം.
പരാതിയില്‍ ഫോണിന്റെ ഐഎംഇഐ(IMEI) നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന് സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങള്‍ നഷ്ടമായ ഫോണില്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി ഉപയോഗിക്കാം. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യാനുമുള്ള മാര്‍ഗങ്ങള്‍ ഈ പേജിലുണ്ട്. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും പോലിസ് ഓര്‍മിപ്പിക്കുന്നു.
Full View