തെലങ്കാന ടണല്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് കേരളാ പോലിസിന്റെ ഡോഗ് സ്‌ക്വാഡും
ഹൈദരാബാദ്: 15 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ തെലങ്കാന രക്ഷാപ്രവര്‍ത്തനം. ഫെബ്രുവരി 22 മുതല്‍ നാഗര്‍കുര്‍നൂളിലെ എസ്എല്‍ബിസി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന എട്ട് പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് കേരള പോലിസിന്റെ ഡോഗ് സ്‌ക്വാഡിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. കാണാതായ മനുഷ്യരെയും മനുഷ്യശരീരങ്ങളെയും കണ്ടെത്താന്‍ പരിശീലിപ്പിച്ച, ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട ഈ നായ്ക്കള്‍ക്ക് 15 അടി താഴ്ചയില്‍ നിന്ന് പോലും മണം പിടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നിലവില്‍ ഡോഗ് സ്വാഡ് മനുഷ്യ സാന്നിധ്യം ഉള്ള രണ്ട് സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെളി നീക്കം ചെയ്തുവരികയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന ജലസേചന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡി ഇന്ന് തുരങ്ക സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.