തിരുവനന്തപുരം: വേഗതയുടെ പോരാട്ടം,അതിവേഗക്കാര്‍,നിമിഷാര്‍ധങ്ങളുടെ പാച്ചില്‍,62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം ട്രാക്കിലൂം ഫീല്‍ഡിലും പോരാട്ടം കനക്കുമ്പോള്‍ എറണാകുളം തന്നെ മുന്നില്‍. റെക്കോഡുകള്‍ക്ക് ഏറെ വരള്‍ച്ച അനുഭവപ്പെട്ട ഈ ദിനത്തില്‍ പ്രതീക്ഷ നല്‍കി പേരെഴുതിച്ചേര്‍ത്തത് ഒരു കൗമാര പ്രതിഭമാത്രം. റെക്കോഡുകള്‍ കുത്തനെ കുറവായിരുന്നുവെങ്കിലും കായിക പ്രേമികളില്‍ ആവേശം വിതറിയാണു രണ്ടാം ദിനവും സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് സമാപനം കുറിച്ചത്.
192 പോയിന്റുമായാണ് എറണാകുളം മുന്നിലോടുന്നത്. 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. പാലക്കാട് 130 പോയിന്റമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാടിന്റെ മെഡല്‍ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് ആറ് സ്വര്‍ണവും 10 വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പടെ 77 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള ആതിഥേയരായ തിരുവനന്തപുരത്തിന് 67 പോയിന്റാണുള്ളത്. എട്ട് സ്വര്‍ണവും നാല് വെള്ളിയും 10 വെങ്കലവുമാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമടക്കം 54 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്തുള്ളത്.ആദ്യ ദിനത്തെ സമ്പാദ്യമായ 83 പോയിന്റില്‍ നിന്നാണ് ഇന്നലെ എറണാകുളം നൂറിലധികം പോയിന്റ് കൂട്ടിച്ചേര്‍ത്തത്.