തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം, ഖത്തറില്‍ പുതിയ എക്‌സിറ്റ് നിയമം പ്രാബല്യത്തില്‍
ദോഹ : ഖത്തറില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാനുള്ള അനുമതി നല്‍കുന്ന പുതിയ എക്‌സിറ്റ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എക്‌സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി സെപ്തംബര്‍ ആദ്യ വാരമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പ്രഖ്യാപിച്ചത്. പുതിയ നിയമനുസരിച്ച്, കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ തൊഴിലുടമയുടെ അനുവാദമായ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. രണ്ട് മാസത്തോളം നീണ്ട ബോധവല്‍ക്കരണ കാമ്പയിനുകള്‍ക്ക് ശേഷമാണ് പുതിയ നിയമം തൊഴില്‍ മന്ത്രാലയം യാഥാര്‍ത്ഥ്യമാക്കിയത്. അതേസമയം ഓരോ കമ്പനിയിലും ഉടമ നിര്‍ദേശിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്‌സിറ്റ് പെര്‍മിറ്റ് ബാധകമാക്കാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി തൊഴില്‍ മന്ത്രാലയത്തിന് കൈമാറാം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയും നിരവധി പ്രവാസി സംഘടനകളും നിയമഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.