കണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന

ജന്മാനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹന്ന ലോകത്തെ കാണുന്നു.ആസ്വദിക്കുന്നു.ഒപ്പം യുവ തലമുറയ്ക്ക് മാതൃകയുമാകുന്നു.നിസാര കുറവുകള്‍ പോലും പെരുപ്പിച്ച് കാട്ടി നിരാശയിലേക്ക് കൂപ്പു കുത്തുന്നവര്‍ക്ക് പ്രചോദനമാണ് 19 വയസുളള ഹന്ന ആലിസ് സൈമണ്‍ എന്ന പെണ്‍കുട്ടി.തീവ്രമായ ആഗ്രഹവും പരിശ്രവും ഉണ്ടെങ്കില്‍ എത്ര വലിയ കുറവുണ്ടെങ്കിലും സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് അത് തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ഹന്ന

Update: 2022-07-16 06:44 GMT

ഇത് ഹന്ന ആലിസ് സൈമണ്‍. കണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി സ്വപ്നത്തെ എത്തിപ്പിടിച്ച പെണ്‍കുട്ടി.ജന്മാനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹന്ന ലോകത്തെ കാണുന്നു.ആസ്വദിക്കുന്നു.ഒപ്പം യുവ തലമുറയ്ക്ക് മാതൃകയുമാകുന്നു.നിസാര കുറവുകള്‍ പോലും പെരുപ്പിച്ച് കാട്ടി നിരാശയിലേക്ക് കൂപ്പു കുത്തുന്നവര്‍ക്ക് പ്രചോദനമാണ് 19 വയസുളള ഹന്ന ആലിസ് സൈമണ്‍ എന്ന പെണ്‍കുട്ടി.തീവ്രമായ ആഗ്രഹവും പരിശ്രവും ഉണ്ടെങ്കില്‍ എത്ര വലിയ കുറവുണ്ടെങ്കിലും സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് അത് തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ഹന്ന.ദീര്‍ഘകാലമായി താന്‍ മനസില്‍ കൊണ്ടു നടന്നിരുന്ന ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഹന്ന.


സ്വകാര്യ കമ്പനിയിലെ നിയമോപദേശകനായ സൈമണ്‍ മാത്യുവിന്റെയും ഡോണ്‍ബോസ്‌കോ സ്‌കൂളിലെ അധ്യാപികയായ ലിജയുടെയും മകളായ ഹന്നയ്ക്ക് ചെറുപ്പം മുതലെ പുസ്തങ്ങളും സംഗീതവുമായിരുന്നു ഏറെ പ്രിയപ്പെട്ടതായിരുന്നത്.പാട്ടും കഥകളും ഏറെ ഇഷ്ടപ്പെടുന്ന ഹന്നയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പുസ്തകം എഴുതുകയെന്നത്. കണ്ണുകളില്‍ ഇരുട്ടാണെങ്കിലും ഹന്നയുടെ ആഗ്രഹത്തിന് ആ ഇരുട്ട് ഒരു തടസ്സമായില്ല.പിതാവ് സൈമണ്‍ ചൊല്ലിക്കൊടുത്ത കഥകളും അമ്മ ലിജ പാടിക്കൊടുത്ത പാട്ടുകളും ഹന്നയ്ക്ക് ഊര്‍ജ്ജമായി മാറി.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പ്രോഗ്രാമുകളില്‍ സ്വന്തമായി പാട്ടെഴുതി ഹന്ന പാടി.പാട്ടിനെ ഹൃദയത്തില്‍ ചേര്‍ത്ത ഹന്ന പത്താം ക്ലാസുവരെ സംഗീതം പഠിച്ചു. പാട്ടെഴുത്തും നടത്തി.ഒമ്പതു ഭക്തിഗാനങ്ങള്‍ ഹന്ന എഴുതി സംഗീതം നല്‍കി ആലപിച്ചു.ഒപ്പം കഥാ രചനയും നടത്തി.കംപ്യൂട്ടറിലായിരുന്നു എഴുത്ത്.ഹന്നയുടെ പരിശ്രമിത്തിന് പൂര്‍ണ്ണ പിന്തുണയുമായി പിതാവ് സൈമണും മാതാവ് ലിജയും നിഴല്‍ പോലെ ഒപ്പം നിന്നു.

എഴുത്തുകാരിയാകുകയെന്ന ഹന്നയുടെ ചിരകാല സ്വപ്‌നം അങ്ങനെ ഒടുവില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടു.ഹന്ന എഴുതിയ ആദ്യ പുസ്തകമായ 'വെല്‍ക്കം ഹോം' എന്ന പുസ്തകം കഴിഞ്ഞ ദിവസം പ്രകാശം ചെയ്യപ്പെട്ടു.ആറു കഥകളിലൂടെ വ്യത്യസ്തമായ ആറു പെണ്‍കുട്ടികളുടെ ജീവിതമാണ് ഹന്ന ഈ പുസ്തകത്തിലൂടെ പറയുന്നത്.ഫാ.ബോബി ജോസ് കട്ടിക്കാട് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.

എല്ലാ വിഷയറങ്ങളിലും എ പ്ലസ് നേടിയാണ് ഹന്ന പത്താം ക്ലാസ് പാസായത്.കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം.സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ ബിരുദ പഠനം നടത്തുകയെന്നതും ഹന്നയുടെ സ്വപ്‌നമായിരുന്നു. ഇതിനും ഹന്നയ്ക്ക് അവസരമൊരുങ്ങിക്കഴിഞ്ഞു. നോട്ടര്‍ഡാം സര്‍വ്വകലാശാലയില്‍ സൈക്കോളിജിയില്‍ ബിരുദം നേടാനായിട്ടാണ് ഹന്ന തയ്യാറെടുക്കുന്നത്. ഇതിനായി അടുത്ത മാസം ഹന്ന അമേരിക്കയിലേക്ക് വിമാനം കയറും.മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ ഹന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് കാസും എടുക്കുന്നുണ്ട്.വിദ്യാര്‍ഥികളായ ഹനോക്ക്,ഡാനിയേല്‍ എന്നിവരാണ് ഹന്നയുടെ സഹോദരങ്ങള്‍.

Tags:    

Similar News