കുട്ടികള്‍ വഴി തെറ്റുന്നു,അല്ലെങ്കില്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ല എന്നിങ്ങനെയുള്ള ഒട്ടനവധി പരാതികളുമായി കൗണ്‍സിലര്‍മാരെയും,സൈക്കോളജിസ്റ്റുകളെയുമൊക്കെ തേടി പോകുന്ന രക്ഷിതാക്കളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ച് വരികയാണ്.എന്തു കൊണ്ടാണ് ഇന്നത്തെ തലമുറ വഴി തെറ്റി പോകുന്നതെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെയും,സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റത്തെയുമൊക്കെ പഴിചാരുന്നവരുണ്ടാകാം.അതൊക്കെ വസ്തുതകള്‍ തന്നെ.എന്നാല്‍ കുട്ടികളിലെ ഈ വഴി തെറ്റലുകള്‍ക്ക് മുതിര്‍ന്നവരും ഒരു പരിധി വരെ കാരണക്കാരാണ് എന്നതാണ് വസ്തുത.
കുട്ടികളോട് സംസാരിക്കുക എന്നത് അങ്ങേയറ്റം ക്ഷമ വേണ്ട ഒരു കാര്യമാണെന്ന സത്യം നമ്മള്‍ ആദ്യം മനസിലാക്കേണ്ടതുണ്ട്.കുട്ടികളിലെ അനുസരണ ഇല്ലായ്മക്കും,വാശിക്കുമൊക്കെ നമ്മള്‍ കാരണക്കാരായി മാറുന്നത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.
1. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ് പതിക്കുന്നതെന്ന് ഓര്‍ക്കുക.
2. നായ, കഴുത, പോത്ത് തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.
3. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത് അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത് അവരെ വെറുക്കാനും ഇടയാക്കുന്നു.
4. മക്കളെ ഉപാധികള്‍ വെച്ച് സ്‌നേഹിക്കരുത്.സ്‌നേഹത്തിന് ഉപാധികള്‍ വെക്കുന്നത് കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച് സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ് കുട്ടികള്‍ അവരോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്.
5. കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
6. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക് പിശാചേ, നിന്നെകൊണ്ട് ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.
7. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).
8. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.
9. നാശം പിടിച്ചവന്‍, നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട് ഒരിക്കലും പറയരുത്.
10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അരുത്.
ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്.കുട്ടികള്‍ സ്വതന്ത്രരായി വളരട്ടെ.എല്ലാ കുട്ടികളും ഒരു പോലെയല്ല.അതിനാല്‍ നമ്മുടെ കുട്ടികളെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കുക.മറ്റൊരാളെ കണ്ടു പഠിക്കൂ എന്ന് അവരോട് പറയാതിരിക്കുക.അവര്‍ നല്ലവരായി വളര്‍ന്നില്ലെങ്കില്‍ അതിന് നമ്മള്‍ കൂടി കാരണക്കാരാണെന്ന് ഓര്‍ക്കുക.ആദ്യ നാളുകളിലെ കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത് സ്വന്തം വീടുകളില്‍ നിന്നാണെന്ന് മറക്കാതിരിക്കുക.