യുകെയില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

Update: 2023-01-14 05:07 GMT

കൊച്ചി: യുകെയില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയായ നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ബ്രിട്ടനില്‍നിന്നുള്ള വിമാനത്തില്‍ ഇന്ന് രാവിലെയെത്തിച്ച മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഒരുമണിയോടെ സംസ്‌കരിക്കും. യുകെയിലെ കെറ്ററിങ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായ അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16ന് അഞ്ജു ജോലി സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്.

വീട്ടുകാരുടെ ഫോണ്‍കോള്‍ എടുക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ യുകെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലിസ് വാതില്‍ കുത്തിത്തുറന്നപ്പോള്‍ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയായ സാജുവിനെ യുകെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News