കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഖജാഞ്ചി മഞ്ജുഷാ മാവിലാടം. 2022 ല്‍ മാത്രം 4582 കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷവും കേസുകളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. 2023 ഒക്ടോബര്‍ വരെ മാത്രം 3872 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് 2012ല്‍ പോക്‌സോ നിയമം നിലവില്‍ വന്നെങ്കിലും അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരേ കേസില്‍ തന്നെ ഒന്നിലധികം അതിജീവിതകള്‍ ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 ശിശുക്കളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം മാതാപിതാക്കളും രക്തബന്ധുക്കളും കുടുംബാംഗങ്ങളും പ്രതികളാവുന്ന പോക്‌സോ കേസുകള്‍ മലയാളികള്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. വണ്ടിപ്പെരിയാറില്‍ പിഞ്ചുബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രക്ഷപ്പെടാനിടയായ പ്രോസിക്യൂഷന്റെ വീഴ്ച രാഷ്ട്രീയ സമ്മര്‍ദ്ധത്തിന്റെ ഭാഗമാണന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പഴുതുകളടച്ച നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.