ഒറ്റപ്പെടുത്തരുത്; മുതിര്‍ന്ന പൗരന്‍മാരെ

അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇന്ന് ഒറ്റപ്പെടലുകളുടെ ദുരിതം ഏറ്റവും അധികം ഏറ്റു വാങ്ങുന്ന സമുഹമായി മുതിര്‍ന്ന പൗരന്മാര്‍ മാറിയിരിക്കുകയാണ്.മക്കളും ബന്ധുക്കളും അടുത്തില്ലാതെ നഗരങ്ങളിലെ നിരവധി ഫ്ളാറ്റുകളിലും ഗ്രാമങ്ങളിലെ വീടുകളിലുമായി അനവധിപേരാണ് ഇന്ന് ഒറ്റപ്പെട്ടുകഴിയുന്നത്

Update: 2021-06-04 04:58 GMT

കൊച്ചി: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണ നല്‍കേണ്ടവരും അത് അര്‍ഹിക്കുന്നവരുമാണ് സീനിയര്‍ സിറ്റിസണ്‍സ് എന്നു വിളിക്കുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാര്‍.എല്ലാ മേഖലകളിലും മുതിര്‍ന്ന പൗരന്മാരെ നമ്മള്‍ വേണ്ട വിധം ബഹുമാനിക്കുന്നുമുണ്ട്.എന്നാല്‍ എല്ലായ്പ്പോഴും ഈ പരിഗണന നമ്മള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ടോയെന്നതും വിലയിരുത്തപ്പെടണം.അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇന്ന് ഒറ്റപ്പെടലുകളുടെ ദുരിതം ഏറ്റവും അധികം ഏറ്റു വാങ്ങുന്ന സമുഹമായി മുതിര്‍ന്ന പൗരന്മാര്‍ മാറിയിരിക്കുകയാണ്.

മക്കളും ബന്ധുക്കളും അടുത്തില്ലാതെ നഗരങ്ങളിലെ നിരവധി ഫ്ളാറ്റുകളിലും ഗ്രാമങ്ങളിലെ വീടുകളിലുമായി അനവധിപേരാണ് ഇന്ന് ഒറ്റപ്പെട്ടുകഴിയുന്നത്. വിദേശങ്ങളില്‍ നിന്നും എത്തുന്ന മക്കളുടെയും ചെറുമക്കളുടെയുമൊക്കെ ഒരു ഫോണ്‍ കോള്‍ മാത്രമാണ് പലപ്പോഴും ഇവരുടെ ആശ്വാസം.ചെറുമക്കളുമൊത്ത് സന്തോഷപ്രദമായി ജീവിതത്തിന്റെ സായാഹ്ന കാലം ചെലവഴിക്കേണ്ട ഇവരില്‍ ഭൂരിഭാഗവും കൂട്ടിലടച്ച കിളികളെപ്പോലെ ഫ്ളാറ്റുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒടുങ്ങിത്തീരുകയാണ്. വഴിയോരങ്ങളിലെ ചായക്കടകളിലും മരത്തണലിലുമെല്ലാം വൈകുന്നേരങ്ങളില്‍ സമപ്രായക്കാരുമായി വെടിവട്ടം പറഞ്ഞ് പൊട്ടിചിരിച്ചു സന്തോഷം കണ്ടെത്തുന്ന മുതിര്‍ന്ന വരുടെ കൂട്ടങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യാക്കാര്‍ക്ക് പ്രത്യേകിച്ച് കേരളീയര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വളരെ അപൂവ്വമായി മാത്രമാണ് ഇത്തരം സ്്നേഹ ബന്ധങ്ങള്‍ കാണുന്നത്.ആധുനിക കാലഘട്ടത്തില്‍ മനുഷ്യരില്‍ ഭൂരിഭാഗവും ആധുനിക സാങ്കേതിക വിദ്യകളുടെ യുഗത്തിലാണ് തങ്ങളുടെ ആനന്ദം കണ്ടെത്തുന്നത്.പരസ്പരം സൗഹാര്‍ദ്ദപരമായി ഇടപെടാനോ ഒന്നു ചിരിക്കാനോ പോലും സമയം കണ്ടെത്താനാകാതെ ഭൗതിക നേട്ടങ്ങള്‍ക്കായുള്ള വ്യഗ്രതയിലാണ് ആധുനിക മനുഷ്യര്‍ പ്രത്യേകിച്ച് യുവതലമുറ. ഇതിനിടയില്‍ ഇവര്‍ക്ക് എവിടെയാണ് പ്രായമായവരുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനോ അവരെ പരിഗണിക്കാനോ സമയം.

സ്വന്തം സുഖ സൗകര്യങ്ങള്‍ക്ക് ഇവര്‍ പ്രധാന്യം നല്‍കുമ്പോള്‍ ചോരനീരാക്കി തങ്ങളെ വളര്‍ത്തി വലുതാക്കി ഒരോ ജീവിത പന്ഥാവുകളില്‍ എത്തിച്ച മാതാപിതാക്കന്മാരെ സ്വന്തം സുഖത്തിനും മറ്റുമായി നിഷ്‌കരുണം വലിച്ചെറിയുന്ന ദുരവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ് ഇന്നത്തെ യുവതലമുറയിലെ വലിയൊരു വിഭാഗം.വര്‍ത്തമാന കാലത്തിലെ സംഭവങ്ങള്‍ തന്നെയാണ് ഇതിനുദാഹരണം.വൃദ്ധരായ മാതാപിതാക്കള്‍ സ്വന്തം വീടുകളില്‍ നേരിടുന്ന പീഡനങ്ങളുടെ നിരവധി കഥകളാണ് മാധ്യമങ്ങളിലുടെ പുറത്തുവരുന്നത്.

ജീവിതത്തിന്റെ ഏറിയ കാലവും മക്കളുടെ ഭാവിസുരക്ഷിതമാക്കുന്നതിനായി അഹോരാത്രം കഷ്ടപ്പെട്ട് അവരെ കരയ്ക്കെത്തിക്കുന്നതിനായുള്ള തത്രപ്പാടിലായിരിക്കും ഭൂരിപക്ഷം മാതാപിതാക്കളും.സ്വന്തം കാലില്‍ നില്‍ക്കാറുകുമ്പോഴേക്കും ഇതെല്ലാം മറക്കുന്ന മക്കള്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി അന്യദേശത്തേക്കും സ്വദേശത്ത് തന്നെ ദൂരേയ്ക്കും യാത്രയാകുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ആരാലും സഹായമില്ലാതെ വീടുകളില്‍ ഒറ്റപ്പെടുന്നു.പങ്കാളികളില്‍ ഒരാള്‍ രോഗത്താലോ പ്രായധിക്യത്താലോ മരണപ്പെടുമ്പോള്‍ ജീവിച്ചിരിക്കുന്നയാള്‍ നയിക്കേണ്ടിവരുന്ന ഏകാന്ത ജീവിതം മരണ തുല്യമായി ഇവര്‍ക്ക് മാറുന്നു.

ഇന്ന് ഒറ്റപ്പെട്ടുകഴിയുന്നവരില്‍ ഏറെയും ജീവത പങ്കാളിയെ നഷ്ടപ്പെട്ടവരാണ്. ഒപ്പം മക്കളില്ലാത്തവരും വയോജനങ്ങളും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ ചൂണ്ടികാണിക്കപ്പെടുന്നു.വൃദ്ധ സദനങ്ങള്‍,പകല്‍വീടുകള്‍ എന്നിവയുടെ പ്രാധാന്യം കാലഘട്ടത്തില്‍ വര്‍ധിച്ചുവരികയാണ്.എല്ലാ മുതിര്‍ന്നവരും ആഗ്രഹിക്കുന്നത് മക്കളുടെയും ചെറുമക്കളുടെയും ബന്ധുജനങ്ങളുടെയും ഒപ്പം ജീവിക്കാനാണ്.എന്നാല്‍ വിധി വൈപരീത്യം മൂലം ഇഷ്ടമില്ലെങ്കിലും ഇവര്‍ക്ക് വൃദ്ധ സദനങ്ങളെയോ അതല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വയോജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായിട്ടാണ് കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്.ഈ വര്‍ധനയുടെ അടിസ്ഥാനത്തില്‍ വയോജനങ്ങള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കിരിച്ച് നടപ്പിലാക്കുന്നുണ്ടോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.സമൂഹത്തിലെ വിവിധ മേഖലകളില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനപ്പറുമായുള്ള ക്ഷേമ പദ്ധതികളും കാര്യക്ഷമമായുള്ള അവയുടെ നിര്‍വ്വഹണവുമാണ് വൃദ്ധജനങ്ങള്‍ ആഗ്രഹിക്കുന്നത്.

1991 ല്‍ വയോജന വിഭാഗം ആകെ ജനസംഖ്യയുടെ ഒമ്പതു ശതമാനമായിരുന്നുവെങ്കില്‍ 2021 ല്‍ 15 ശതമാനമായും 2051 ല്‍ 26 ശതമാനമായും വര്‍ധിക്കാനും സാധ്യതയുള്ളതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.വര്‍ധിച്ചുവരുന്ന മുതിര്‍ന്ന ജനവിഭാഗങ്ങളുടെ ആരോഗ്യ പുനരധിവാസ പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമായി പഠിച്ച് അവലോകനം ചെയ്യേണ്ട വിഷയമായി മാറി.കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന്റെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

മുതിര്‍ന്നവര്‍ അനുഭവസമ്പത്തിന്റെ ആഴക്കടലാണെന്ന അവബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും വൃദ്ധമാതാപിതാക്കളെ സരക്ഷിക്കേണ്ടതും ബഹുമാനിക്കേണ്ടതും ഒരോരുത്തരുടെയും കടമയാണെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തുകയും ചെയ്യേണ്ടത് കുടുംബത്തിലെ ഓരോരുത്തരുടെയും സമൂഹത്തിന്റെയും കടമയാണ്.സര്‍ക്കാരന്റെയും സര്‍ക്കാരിതര സംഘടനകളുടെയും കുടുംബത്തിലെ ഓരോരുത്തരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രയ്തനത്തിലൂടെ മാത്രമെ രോഗികളും നിരാലംബരുമായ മുതിര്‍ന്ന ജനവിഭാഗളുടെ സംക്ഷണം ഉറപ്പാകുകയുള്ളുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

Tags:    

Similar News