സ്ത്രീധന മുക്ത കേരളം; കാംപയിനുമായി സാക്ഷരതാമിഷന്‍
സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുക, സ്ത്രീധനത്തിന്റെ ചരിത്രതെയും സാമൂഹിക അനുവഭങ്ങളെയും കുറിച്ച് അവബോധം നല്‍കുക, സ്ത്രീധനം എന്ന സാമൂഹിക വിപത്തിനതിരെ ജാഗ്രത സൃഷ്ടിക്കുക, കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന ലിംഗസമത്വ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന മുക്ത കേരളം എന്ന പേരില്‍ സ്ത്രീധന നിരോധന ബോധവത്കരണ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഡോ.പിഎസ് ശ്രീകല അറിയിച്ചു. സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, സ്ത്രീധനത്തിന്റെ ചരിത്രതെയും സാമൂഹിക അനുവഭങ്ങളെയും കുറിച്ച് അവബോധം നല്‍കുക,സ്ത്രീധനം എന്ന സാമൂഹിക വിപത്തിനതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക, കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീധന നിരോധന നിയമത്തെകുറിച്ചുള്ള പോസ്റ്റര്‍ പ്രചരണം. പ്രഭാഷണ പരമ്പര,സ്ത്രീധന നിരോധന പ്രതിജ്ഞ, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
കാംപയില്‍ ഉദ്ഘാടനം ഈ മാസം നാലിന് രാത്രി 8ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. ജൂലൈ 5,6,7 തീയതികളില്‍ സ്ത്രീധനത്തിന്റെ ചരിത്രവശം എന്ന വിഷയത്തില്‍ ഡോ.പി ജെ വിന്‍സന്റ്,സ്ത്രീ ധനത്തിന്റെ നിയമവശം എന്ന വിഷയത്തില്‍ അഡ്വ. പിഎ ആതിര, സ്ത്രീധനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ടിഎന്‍ സീമ എന്നിവര്‍ പ്രഭാഷണം നടത്തും. ജൂലൈ 8ന് വൈകിട്ട് 5ന് സാക്ഷരതാ പഠിതാക്കളും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ട് ലക്ഷം പേര്‍ വീടുകളില്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കും. ജൂലൈ 9ന് സ്ത്രീധന വിരുദ്ധകൈപ്പുസ്തകം വിതരണം ചെയ്യും.
കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആദ്യ ഘട്ടം ഓണ്‍ലൈന്‍ കാംപയിനാണ് സംഘടിപ്പിക്കുന്നത്. സാക്ഷരതാതുല്യത കോഴ്‌സുകളുടെ പഠന പ്രവര്‍ത്തനം എന്ന നിലയിലും ജനകീയ കാംപയിന്‍ എന്ന നിലയിലും സ്ത്രീധന മുക്ത കേരളം കാമ്പയിന്‍ തുടരുമെന്നും ഡയറക്ടര്‍ ഡോ.പിഎസ് ശ്രീകല അറിയിച്ചു.