കലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട രീതിയുമായി മലപ്പുറം സ്വദേശി നസീഫ്

ഡിജിറ്റല്‍ കലാസൃഷ്ടികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ബ്ലോക്‌ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയായ എന്‍എഫ്ടിയിലൂടെയാണ് (നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) നസീഫ് തന്റെ ചിത്രങ്ങളുടെ വ്യാപാരം നടത്തുന്നത്

Update: 2022-07-22 06:37 GMT

നോടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പഴഞ്ചൊല്ല്.എല്ലാം ഡിജിറ്റലായ ഇക്കാലത്ത് കഥയും, കാര്യവും മുതല്‍ കല വരെ ഡിജിറ്റലായി മാറിക്കഴിഞ്ഞു.സിനിമ കാണലും പുസ്തക വായനയും വരെ മൊബൈലിലായ കാലമാണിത്. ഒരു ചിത്ര പ്രദര്‍ശനത്തിന് പോയാല്‍ ഇഷ്ടപ്പെട്ട ചിത്രം കാശു കൊടുത്തു വാങ്ങി വീടിന്റെ ചുവരില്‍ വയ്ക്കാം എന്നല്ലേ നമ്മള്‍ ആലോചിക്കുക. എന്നാല്‍ ഒരു ചിത്രത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പാവകാശം സ്വന്തമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അടിമുടി ഡിജിറ്റലായ ഇക്കാലത്ത് അതും സാധ്യമാണ്. എന്‍എഫ്ടി എന്ന സാങ്കേതികവിദ്യയുപയോഗിച്ച് ആ സാധ്യതകള്‍ കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍ നസീഫ്.

നസീഫിന്റെ ഡിജിറ്റല്‍ ചിത്ര പ്രദര്‍ശനം ഇപ്പോള്‍ നഗരത്തില്‍ ജനശ്രദ്ധആകര്‍ഷിക്കുന്നു.കഥാകാരനെന്ന് നസീഫിനെ വിശേഷിപ്പിക്കാം.ഒപ്പം പരസ്യ സംവിധായകനും ഫോട്ടോഗ്രാഫറുമാണണ്. നസീഫ് തന്റെ ചിത്രങ്ങളിലൂടെ മിഴിവാര്‍ന്ന കഥകളാണ് നമ്മോട് പങ്കുവയ്ക്കുന്നത്. 'ഈച്ച് ഡേ ഈസ് ഏന്‍ എസ്‌കേപ്, ജസ്റ്റ് പീപ്പ്' എന്ന പേരില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ അരങ്ങേറുന്ന ചിത്ര പ്രദര്‍ശനത്തില്‍ ഈ യുവകലാകാരന്‍ കാണികള്‍ക്ക് മുന്നില്‍ തുറന്നു വച്ചിരിക്കുന്നതും അത്തരത്തിലുള്ളവയാണ്. അതിന് സ്വീകരിച്ച പ്രദര്‍ശന രീതിയാണ് അതിനേക്കാള്‍ വ്യത്യസ്തമാകുന്നത്.


ഡിജിറ്റല്‍ കലാസൃഷ്ടികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ബ്ലോക്‌ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയായ എന്‍എഫ്ടിയിലൂടെയാണ് (നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) നസീഫ് തന്റെ ചിത്രങ്ങളുടെ വ്യാപാരം നടത്തുന്നത്. ആര്‍ട് ഗാലറികളില്‍ വില്‍ക്കുന്നതുപോലെ എന്‍എഫ്ടി അധിഷ്ഠിത മാര്‍ക്കറ്റ്‌പ്ലേസ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവിടെ വില്‍പ്പന. ഫോട്ടോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. ക്രിപ്‌റ്റോകറന്‍സികള്‍ വഴിയാണ് ഇവ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. കലാപ്രവര്‍ത്തകര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാനുള്ള രാജ്യാന്തര വിപണിയാണ് എന്‍എഫ്ടി വഴി തുറന്നുകിട്ടുന്നതെന്ന് നസീഫ് പറയുന്നു.

എന്‍എഫ്ടിയില്‍ ഇതിനോടകം അപ് ലോഡ് ചെയ്തിട്ടുള്ള തന്റെ കലാസൃഷ്ടികളാണ് നസീഫ് എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. നാല് പ്രധാന ആര്‍ട്ട് വര്‍ക്ക് പരമ്പരകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഫോട്ടോ, വീഡിയോ, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ മൂന്ന് രീതികളിലായി 21 കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.

ഒരു കലാകാരനെ സംബന്ധിച്ച് അവന്റെ സൃഷ്ടി ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നായിരിക്കും അഗ്രഹമെന്നും അത് സാധ്യമാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളെന്നും നസീഫ് പറയുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കലാകാരന്മാരുമായി ആശയങ്ങള്‍ കൈമാറാനും സര്‍ഗാത്മകമായ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുന്നു. നമ്മുടെ ആര്‍ട്ട് വര്‍ക്കുകള്‍ക്ക് നല്ല വിപണിയും നിയമാനുസൃതമായ ഉടമസ്ഥാവകാശവും എന്‍എഫ്ടി ഉറപ്പാക്കുന്നുണ്ട്. പ്രദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് വളരെ നല്ല അഭിപ്രായവും പിന്തുണയുമാണ് ലഭിക്കുന്നതെന്നും നസീഫ് പറഞ്ഞു.

കൊച്ചിയിലും ബംഗളുരുവിലും ദി വെര്‍ട്ടിക്കല്‍ സ്‌റ്റോറി എന്ന പേരില്‍ ഒരു വിഷ്വല്‍ കണ്ടന്റ് സ്റ്റുഡിയോ നടത്തുന്നുണ്ട്.  നിരവധി മുന്‍നിര കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ മുപ്പത്തിരണ്ടുകാരന്‍ . ബുധനാഴ്ച തുടങ്ങിയ ചിത്ര പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും. രാവിലെ 11 മുതല്‍ രാത്രി ഏഴുമണി വരെയാണ് കാണികള്‍ക്ക് പ്രവേശനമുള്ളത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുമലമായ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്നും, എന്‍എഫ്ടി പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ കൂടുതല്‍ കലാകാരിലേക്കും കലാസ്‌നേഹികളിലേക്കും എത്തിക്കുമെന്നും നസീഫ് പറയുന്നു.

Tags:    

Similar News