-കൃഷ്ണന്‍ എരഞ്ഞിക്കല്‍
അരീക്കോട്: ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സായ കുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി പത്താം ക്ലാസുകാരി ഫിദ നൗറിന്‍. അരീക്കോട് പ്രവര്‍ത്തിക്കുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സ്ഥാപനത്തില്‍ സീനിയര്‍ സെന്‍സായ് ഗിരിഷ് കുമാറിന് കീഴില്‍ ട്രെയിനര്‍മാരായ, മുബഷീര്‍, മധു മുക്കം, അഫ്നാൻ പി എന്നിവരുടെ കീഴിലാണ് കുങ്ഫുവില്‍ പരിശീലനം നേടിയത്. ഊര്‍ങ്ങാട്ടിരി കിണറടപ്പില്‍ നിന്ന് കുങ്ഫുവില്‍ ഒരു പെണ്‍കുട്ടി ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയതില്‍ നാട്ടുകാരും ആവേശത്തിലാണ്.
സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ ആയോധനകല പഠിക്കണമെന്നാണ് ഫിദ നൗറിന്‍ പറയുന്നത്. സ്വയം പ്രതിരോധത്തിന്റെ ടെക്‌നിക്കുകള്‍ പരിശീലിച്ചാല്‍ അക്രമങ്ങളില്‍ നിന്ന് പരസഹായമില്ലാതെ രക്ഷപ്പെടാന്‍ കഴിയും. മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആരംഭിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് പോകുവാന്‍ സാധിക്കുന്നില്ല. സമയപ്രശനവും കുട്ടികളുടെ അഭാവവുമാണ് സ്‌കൂളുകളില്‍ മാര്‍ഷ്യല്‍ ക്ലാസുകള്‍ നിലക്കാന്‍ കാരണം.
വെറ്റിലപ്പാറ ഗവ.സ്‌കൂളില്‍ പത്താം ക്ലാസുകാരിയാണ് ഫിദ നൗറിന്‍. കിണറടപ്പിലെ റഷീദ് കുന്നുമ്മല്‍, സൗദാബി ദമ്പതികളുടെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ഈ മിടുക്കി. മുത്ത സഹോദരി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ജസ് ല തസ്‌നിയും ഇളയ സഹോദരി ഷനാ നസ്‌റിനും കുങ്ഫുവില്‍ ബ്രൗണ്‍ ബെല്‍റ്റും കരസ്ഥമാക്കി പരിശീലനം തുടരുന്നുണ്ട്.