27 ശതമാനം ഒബിസി സംവരണം നടപ്പാക്കാത്ത മധ്യപ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍: സുപ്രിംകോടതി അംഗീകരിച്ച 27 ശതമാനം ഒബിസി സംവരണം നടപ്പാക്കാത്ത മധ്യപ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനസര്‍ക്കാരിന്റെ നിസംഗത ഭരണഘടനാവിരുദ്ധമാണെന്നും ഉടന്‍ പിരിച്ചുവിടണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ജിത്തു പട്‌വാരി ആവശ്യപ്പെട്ടു. ഒബിസിക്കാര്‍ക്ക് 14 ശതമാനം മാത്രം സംവരണം നല്‍കുന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന് ജിത്തു പട്‌വാരി ആരോപിച്ചു. 2025ലെ അധ്യാപക നിയമനത്തില്‍ ഒബിസി സംവരണം 14 ശതമാനം മാത്രമേയുള്ളൂയെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ് പറയുന്നത്. നിയമസഭ പാസാക്കുകയും സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്ത 27 ശതമാനം ഒബിസി സംവരണം സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.