സംഗീതത്തില്‍ വ്യത്യസ്തത തേടി സുജിത്; ബെന്റ്‌ലിയില്‍ നിന്നും തേടിയെത്തിയത് അപൂര്‍വ്വ ഭാഗ്യം

സംഗീതത്തില്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനാണ് സുജിത് എന്നും ശ്രമിച്ചിട്ടുള്ളത്. അത്തരത്തില്‍ ചെയ്ത ഒരുട്രാക്ക് കേട്ട് ഇഷ്ടപ്പെട്ടാണ് ബെന്റ്‌ലി കമ്പനി അധികൃതര്‍ സുജിതിനെ സമീപിച്ചത്

Update: 2022-01-15 09:29 GMT

ഇത് സുജിത് കുര്യന്‍.ബിടെക് ബിരുദധാരിയാണ്.സംഗീതം നെഞ്ചിലേറ്റിയ യുവാവ്.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല.എന്നാല്‍ സംഗീതജ്ഞര്‍ക്ക് അപൂര്‍വ്വമായ ലഭിക്കുന്ന ഭാഗ്യമാണ് സുജിതിനെ തേടിയെത്തിയത്.ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത മ്യൂസിക്ക് റെക്കാര്‍ഡ് കമ്പനിയായ ബെന്റ്‌ലിയുമായി സഹകരിക്കാനുള്ള ഭാഗ്യമാണ് സുജിതിനെ തേടിയെത്തിയിരിക്കുന്നത്.സംഗീതത്തില്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനാണ് സുജിത് എന്നും ശ്രമിച്ചിട്ടുള്ളത്. അത്തരത്തില്‍ ചെയ്ത ഒരുട്രാക്ക് കേട്ട് ഇഷ്ടപ്പെട്ടാണ് ബെന്റ്‌ലി കമ്പനി അധികൃതര്‍ സുജിതിനെ സമീപിച്ചത്.സൗണ്ട് റെക്കാര്‍ഡര്‍ ഉപയോഗിച്ച് വ്യതസ്തങ്ങളായ ശബ്ദങ്ങളും താളങ്ങളും റെക്കാര്‍ഡ് ചെയ്താണ് സുജിത് ട്രാക്ക് ഉണ്ടാക്കിയത്.ഈ ട്രാക്ക് ഫേസ്ബുക്ക് പേജിലും മറ്റും ഇട്ടുവെങ്കിലും ആര്‍ക്കും മനസിലാകുകയോ പരിഗണിക്കുകയോ ചെയ്തില്ല.ഇതെന്താണെന്നാണ് പലരും തന്നോട് ചോദിച്ചതെന്ന് സുജിത് പറഞ്ഞു.തുടര്‍ന്ന് ഈ ട്രാക്ക് സുജിത് റിവര്‍ബിനാഷന്‍ എന്ന സൈറ്റില്‍ അപ് ലോഡ് ചെയ്തു.ഇതില്‍ വിദേശികള്‍ അടക്കമുള്ളവര്‍ ഉണ്ട്.വിദേശികളായിട്ടുള്ള കലാകാരന്മാര്‍ ഇത് ഇഷടപ്പെട്ട് സന്ദേശം അയച്ചു. ഇതിനു പിന്നാലെയാണ് ബെന്റ്‌ലി റെക്കോര്‍ഡ്‌സിന്റെ മെയില്‍ ലഭിക്കുന്നത്.


ആദ്യം തനിക്ക് ഇത് വിശ്വസിക്കാന്‍ സാധിച്ചില്ല.കാരണം ബെന്റലി പോലുള്ള വലിയ കമ്പനി ഇത്തരത്തില്‍ വരുമോയെന്നായിരുന്നു സംശയം.എന്നാല്‍ താന്‍ ചെയ്ത വര്‍ക്കുകള്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞ് വീണ്ടും ബെന്റ്്‌ലിയില്‍ നിന്നും മെയില്‍ എത്തി.ഇതോടെ ഇത് യഥാര്‍ഥമാണോയെന്ന് അറിയാന്‍ അവരുടെ ഒദ്യോഗിക വെബ് സൈറ്റില്‍ കയറി തനിക്ക് ലഭിച്ച മെയിലിന്റെ കാര്യം സത്യമാണോയെന്ന് അവരോട് തന്നെ ചോദിച്ച് ഉറപ്പാക്കിയെന്ന് സുജിത് പറഞ്ഞു.തുടര്‍ന്നാണ് ഇവരുമായി കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.തന്റെ ആശയം അനുസരിച്ച് ട്രാക്ക് ചെയ്യാം. ഫൈനല്‍ മാസ്റ്ററിംഗും ഫിനിഷിംഗ് ടച്ചും ബെന്റിലിയായിരിക്കും ചെയ്യുക,ടൂറിംഗ് ഓപ്ഷനും സുജിതിന് നല്‍കിയിട്ടുണ്ട്.ഒരു വര്‍ഷത്തിനുള്ളില്‍ ആറ് ട്രാക്ക് ചെയ്യണം.ഇതിനായി എവിടെ വേണമെങ്കിലും പോകാമെന്നും സുജിത് പറഞ്ഞു.ഒപ്പം ലൈവായി സ്‌റ്റേജ് പ്രോഗ്രാം ചെയ്യാനും അവസരമുണ്ട്.ആദ്യ ട്രാക്ക് ചെയ്തു കഴിഞ്ഞുവെന്നും സുജിത് വ്യക്തമാക്കി.


ചെറുപ്പം മുതലേ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്നു. സംഗീതത്തില്‍ ഗുരുക്കന്മാര്‍ ഇല്ലായിരുന്നുവെങ്കിലും സംഗീതമാണ് തന്റെ വഴിയെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് സുജിത് പറഞ്ഞു. ഇതിനായി ഏതെങ്കിലും ഗുരുക്കന്മാരുടെ കീഴിലോ സ്ഥാപനങ്ങളിലോ പഠിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിതാവിന്റെ സഹോദരന്റെ പിയാനോയിലായിരുന്നു സംഗീത പരീക്ഷണം നടത്തിയിരുന്നത്. അമ്മയ്‌ക്കൊപ്പം കന്യാസ്ത്രീ കോണ്‍വെന്റിലെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ പോകാറുണ്ടായിരുന്നു. അവിടെ നിന്നാണ് കീ ബോര്‍ഡ് വായിക്കാന്‍ പ്രാഥമികമായി പഠിക്കുന്നത്.സംഗീതത്തോടുള്ള താല്‍പര്യം കണ്ട് പിതാവ് കുര്യന്‍ കീ ബോര്‍ഡ് വാങ്ങി നല്‍കി.ക്രമേണ പള്ളിയിലെ ക്വയറിലേക്ക് സുജിത് മാറി.പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയ രീതിയില്‍ സുജിത് സ്വന്തമായി മ്യൂസിക് ചെയ്തു തുടങ്ങി.ഗായകന്‍ മധു ബാലകൃഷ്ണനൊപ്പം സഹകരിക്കാന്‍ തുടങ്ങിയതോടെ സംഗീതത്തിന്റെ കൂടുതല്‍ മേഖലകള്‍ മനസിലാക്കാന്‍ സാധിച്ചതായി സുജിത് പറഞ്ഞു.

സംഗീതത്തെ കുടുതല്‍ മനസിലാക്കിയതോടെയാണ് സ്വന്തമായി ഒരു ശൈലി വേണമെന്ന ചിന്ത സുജിതിനുണ്ടായത്.തുടര്‍ന്ന് ഇതിനുള്ള ശ്രമമായി. ഏതാനും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും സെമി ക്ലാസിക്കല്‍ പാട്ടുകളും സുജിത് ചെയ്തു.ഇതിനിടയിലാണ് സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവിനൊപ്പം സഹകരിക്കാന്‍ സുജിതിന് അവസരം ലഭിക്കുന്നത്. ജെറി അമല്‍ദേവിന്റെ സിങ്ങ് ഇന്ത്യാ വിത്ത് ജെറി അമല്‍ദേവ് എന്ന ട്രൂപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സുജിതും ഭാര്യ ഡയമയും ഈ ട്രൂപ്പിലെ ഗായകരുമാണ്.ഇതിനിടയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായും പരിചയപ്പെടാന്‍ സുജിതിന് അവസരം ലഭിച്ചു.

സ്വന്തമായി ചെയത് ഹയാല്‍ എന്ന ഹിന്ദു സ്ഥാനി ട്രാക്ക് യേശുദാസിന് സുജിത് അയച്ചു നല്‍കുകയും ഇത് കേട്ട് അദ്ദേഹം അഭിനന്ദിച്ച് സന്ദേശം അയച്ചതായും സുജിത് പറഞ്ഞു.ബിസിനസിനുവേണ്ടി ഒരിക്കലും കലയെ ഉപയോഗിക്കരുതെന്നും മറിച്ച് കാലാമൂല്യമുള്ള സൃഷ്ടികള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ലോകം ആരാധിക്കുന്ന ഒരു ഗായകനില്‍ നിന്നും ഇത്തരത്തിലൊരു സന്ദേശം ലഭിച്ചത് താന്‍ വലിയ അംഗീകരമായിട്ടാണ് കാണുന്നതെന്നും സുജിത് പറഞ്ഞു. സംഗീതത്തില്‍ വ്യതസ്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് സുജിത്തിന്റെ ആഗ്രഹം.വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖമായ ഒരു ആപ്പില്‍ സംഗീത അധ്യാപകനായും സുജിത് ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.

Tags:    

Similar News