അര്‍ച്ചന പത്മനിയുടെ വെളിപ്പെടുത്തല്‍: ഷെറിന്‍ സ്റ്റാന്‍ലിയെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: ഡബ്ല്യുസിസി അംഗം അര്‍ച്ചന പത്മനിയുടെ പീഡന വെളിപ്പെടുത്തലില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്
ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്‌പെന്റ് ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരേയും നടപടിക്ക് സാധ്യത. ഷെറിന്‍ സ്റ്റാലിനെ ജോലിയില്‍ തിരിച്ചെടുത്തതില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെ ഫെഫ്ക നേതൃത്വം നേരത്തെ വിമര്‍ശിച്ചിരുന്നു. ഫെഫ്കയുടെ അറിവോടെയല്ല ഷെറിന്‍ സ്റ്റാന്‍ലിക്ക് യൂണിയന്‍ വീണ്ടും ജോലി നല്‍കിയതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് ഫെഫ്ക വിശദീകരണം തേടി.
2017 ഏപ്രില്‍ 16 ന് അര്‍ച്ചന പത്മിനി നല്‍കിയ പരാതിയില്‍ ഇരുഭാഗങ്ങളുടേയും വിശദീകരണം കേട്ട ശേഷം ഷെറിന്‍ സ്റ്റാന്‍ലിയെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു ഫെഫ്കയുടെ തീരുമാനം. ലൈംഗിക അതിക്രമം നടന്നെന്ന് ബോധ്യപ്പെട്ടതിനാല്‍ ഷെറിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫെഫ്ക നേതൃത്വം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ബാദുഷ, ഷെറിന്‍ സ്റ്റാന്‍ലിയെ വീണ്ടും ജോലിക്ക് എടുത്തതെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഭവം വീണ്ടും വിവാദമായതോടെയാണ് ഷെറിന്‍ സ്റ്റാലിനെതിരെ നടപടിയെടുത്തത്.