തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് പ്രവാസികളെ പിഴിയുന്ന പതിവ് വിമാന കമ്പനികള്‍ തുടരുന്നു. വേനലവധി തുടങ്ങിയതോടെ പതിവ് പോലെ വിമാനകമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഓണവും ബലി പെരുന്നാളും ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് മൂന്നിരട്ടിയിലധികം തുകയാണ് ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്.
ഈ മാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപവരെ നല്‍കണം. കുടുംബത്തോടൊപ്പം ഓണവും പെരുന്നാളും ആഘോഷിച്ച് തിരിച്ചു പറക്കണമെങ്കില്‍ നിരക്ക് ഇതിലും കൂടും. ആഗസ്ത് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബയ്, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്‌ളൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപ.
കൊള്ളയടിയില്‍ എയര്‍ ഇന്ത്യയും പിന്നിലല്ല. സപ്തംബര്‍ 29ന് കോഴിക്കോട് ബഹ്‌റയ്ന്‍ വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ മുതലാക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. ഉല്‍സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിന് പകരം തിരക്കാണെന്ന ന്യായത്തില്‍ യാത്രക്കാരെ പരമാവധി പിഴിയുകയാണ് മിക്ക വിമാന കമ്പനികളും.