ചൈനയില്‍ മണ്ണിടിഞ്ഞുണ്ടായ തടാകം തകരാന്‍ സാധ്യത: അരുണാചല്‍ പ്രദേശിലും അസമിലും പ്രളയ ഭീഷണി

Update: 2018-10-20 05:59 GMT


ഗുവാഹത്തി: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ടിബറ്റന്‍ മേഖലയിലെ യാര്‍ലുങ് സാങ്‌പോ നദിയില്‍ രൂപമെടുത്ത തടാകം തകരാന്‍ സാധ്യതയുള്ളതിനാല്‍ അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ടിബറ്റില്‍നിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്‌പോ നദിയിലാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടാകം രൂപപ്പെട്ടത്. ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിലാണ് യാര്‍ലുങ് സാങ്‌പോ നദിയിലേക്ക് ഒരു ചെറിയ കുന്ന് ഇടിഞ്ഞ് തടയണ പോലെയുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ തടാകം ഇടിഞ്ഞാല്‍ വെള്ളം കുത്തിയൊലിച്ച് ബ്രഹ്മപുത്രയിലെത്തും. ഈ നദി തന്നെയാണ് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയായി അറിയപ്പെടുന്നത്.
തടാകം തകര്‍ന്നാല്‍ ബ്രഹ്മപുത്രയില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതു മുന്നില്‍ക്കണ്ട്
അസമിലെ ദിബ്രുഗഡ്, ധെമാജി, ലഖിംപൂര്‍, ടിന്‍സൂക്യ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
സാങ്‌പോ തീരത്തുനിന്ന് 6000ത്തിലേറെപ്പേരെ ചൈന മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ വെള്ളം ഒഴുകിയെത്തിയാല്‍ ഇന്നു വൈകീട്ടോടെ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യയുണ്ടെന്ന്് ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

Similar News