ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്‍ക്കാണ് അധികാരം

പിന്നാക്ക വിഭാഗങ്ങള്‍ക്കു രാഷ്ട്രീയത്തില്‍ നല്‍കുന്ന സംവരണം ഒരു നാടകം മാത്രമാണ്. സവര്‍ണ വിഭാഗങ്ങളുടെ ആജ്ഞകളും നിര്‍ദേശങ്ങളും എതിര്‍ക്കപ്പെടാതെ അനുസരിക്കുന്നവരെ മാത്രമാണ് സംവരണ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥി

Update: 2022-08-31 09:20 GMT


റഈസ് മുഹമ്മദ്



പിന്നാക്ക വിഭാഗങ്ങള്‍ക്കു രാഷ്ട്രീയത്തില്‍ നല്‍കുന്ന സംവരണം ഒരു നാടകം മാത്രമാണ്. സവര്‍ണ വിഭാഗങ്ങളുടെ ആജ്ഞകളും നിര്‍ദേശങ്ങളും എതിര്‍ക്കപ്പെടാതെ അനുസരിക്കുന്നവരെ മാത്രമാണ് സംവരണ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥിയായി നിര്‍ത്തുന്നത്. ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കുന്ന പാവകളെയാണ് അവര്‍ക്ക് ആവശ്യം. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ മാത്രമാണ് ഇതിന് അപവാദം. അദ്ദേഹം ഇത്തരം ആജ്ഞകള്‍ക്കു ചെവികൊടുത്തിരുന്നില്ല. ഇത്തരക്കാര്‍ വെറും ഒരു ശതമാനം മാത്രമാണുള്ളത്.

ഇന്നത്തെ കാലത്ത് ദലിതുകള്‍ മാത്രമല്ല, അധികാര കേന്ദ്രങ്ങളുടെ വേണ്ടാത്തരങ്ങളെ ചോദ്യം ചെയ്യുന്ന എല്ലാ ജനവിഭാഗങ്ങളും ഇരകളാണ്. ഹിന്ദുത്വ ഫാഷിസത്തെ എതിര്‍ക്കുന്ന എല്ലാവരും ഭീഷണിയിലാണ്. ഹിന്ദുത്വര്‍ എല്ലാ അധികാര കേന്ദ്രങ്ങളും അടക്കിഭരിക്കുമ്പോള്‍ മുസ്ലിംകളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തും ദലിതുകള്‍ കടുത്ത വിവേചനം നേരിട്ടിരുന്നു. അന്നത്തേതിനെക്കാള്‍ രൂക്ഷത ഏറിയിട്ടുണ്ടെന്നു മാത്രം. ഭരണകൂട ഭീകരതയെ എതിര്‍ക്കുന്നുവെന്നതിന്‍റെ പേരില്‍ നിഷ്പക്ഷ നിലപാടുള്ളവരെ പോലും ബിജെപി ഭരണകൂടം ജയിലിലടയ്ക്കുന്നു എന്നതിലേക്കു കാര്യങ്ങള്‍ മാറി. വരവര റാവുവിനെപ്പോലെ, ഹാനി ബാബുവിനെപ്പോലെ നിരവധി പേര്‍ ജയിലിലാണ്. അതുപോലെ മുസ്ലിം സമുദായത്തിലെ നിരവധി അക്കാദമിക് വിദഗ്ധരും ജയിലിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചില പ്രത്യേക വ്യക്തികള്‍ക്കു വില്‍പ്പന നടത്തുന്നതിനെ എതിര്‍ക്കുന്നവരും ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളികളാണ്. ഈ ഭരണം നിലനില്‍ക്കുന്ന കാലത്തോളം എന്തായിരിക്കും ഭാവി എന്നതു ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്.

ദലിതുകളെ പഞ്ചായത്ത് പ്രസിഡന്‍റും ജനപ്രതിനിധികളുമാക്കുന്നത് ആ സമുദായത്തെ സ്നേഹിക്കുന്നതുകൊണ്ടല്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ് ഈ സ്ഥാനങ്ങളിലേക്കു ദലിതുകള്‍ എത്തുന്നത്. ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെടേണ്ടതിനു ദലിതുകള്‍ക്കു വേണ്ട ഗുണമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ദലിതുകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനു ഭരണകൂടങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ താല്‍പ്പര്യമില്ല. ആരും അതിനു തയ്യാറാവുന്നുമില്ല. ജാതിവിവേചനം തുടരണമെന്നാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്. ഈ മനസ്ഥിതി മാറാത്ത കാലത്തോളം ദലിത് പഞ്ചായത്ത് പ്രസിഡന്‍റോ എംഎല്‍എയോ അല്ലെങ്കില്‍ രാഷ്ട്രപതി തന്നെയോ വന്നതുകൊണ്ടു മാത്രം ദലിതുകളുടെ ജീവിതാവസ്ഥ മാറില്ല.

തൊട്ടുകൂടായ്മയല്ല ജാതിവിവേചനം

ജാതിവ്യവസ്ഥയും ജാതിവിവേചനവും എന്താണെന്നു പൂര്‍ണമായി ദലിതുകള്‍ മനസ്സിലാക്കിയിട്ടില്ല. ജാതിവിവേചനം എന്നാല്‍ തൊട്ടുകൂടായ്മയും വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിലക്കും മാത്രമാണെന്നാണ് ദലിതുകള്‍ കരുതുന്നത്. പൊതുനിരത്തില്‍ നടക്കുന്നതിനുള്ള വിലക്കോ തൊട്ടുകൂടായ്മയോ വാര്‍ത്തയാവുമ്പോള്‍ മാത്രമാണ് ജാതിവിവേചനം ചര്‍ച്ച ചെയ്യപ്പെടുന്നത്. ദലിത് സംഘടനകള്‍ പോലും ജാതിവ്യവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. ജാതിവ്യവസ്ഥയെ വളരെ ചെറിയ രൂപത്തില്‍ മാത്രമാണ് മനസ്സിലാക്കപ്പെടുന്നത്. തൊട്ടുകൂടായ്മയെ പോലെ പ്രത്യക്ഷമായ കാര്യങ്ങളാണ് ജാതിവിവേചനം എന്നാണ് പൊതുവിലുള്ള ധാരണ. പഴയ തരത്തിലുള്ള ജാതിവിവേചനത്തിനു പുറമെ പുതിയ രീതികളിലും ഇതു പ്രയോഗിക്കപ്പെടുന്നുണ്ട്. ആരാണ് ജാതിയുടെ പേരില്‍ വിവേചനം സൃഷ്ടിക്കുന്നത് എന്നതില്‍ ചര്‍ച്ചകള്‍ ഒതുങ്ങുകയാണ്. ജാതിവ്യവസ്ഥ എന്താണെന്നു ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല.

ജാതിവ്യവസ്ഥകളെ കുറിച്ചു പറയുമ്പോള്‍ അംബേദ്കറുടെ വാക്കുകളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഹിന്ദുമതത്തെ പരിഷ്കരിക്കാനോ അതില്‍ രൂഢമൂലമായ ജാതിവ്യവസ്ഥയെ ഇല്ലാതെയാക്കാനോ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞയാളായിരുന്നു ഡോ. ബി ആര്‍ അംബേദ്കര്‍. ഹിന്ദുമതത്തിനകത്തുനിന്നു ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നത് നിരര്‍ഥകമാണെന്നും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് അദ്ദേഹം ഹിന്ദുമതം വിട്ട് മറ്റൊരു മതം സ്വീകരിച്ചത്. ഹിന്ദുമതത്തിനുള്ളില്‍ നില്‍ക്കുന്ന കാലത്തോളം ദലിത് എന്ന മുദ്ര മായ്ക്കപ്പെടില്ല. അതുകൊണ്ടാണ് ദലിത് പ്രസിഡന്‍റ്, ദലിത് സ്ഥാനാര്‍ഥി, ദലിത് നിയമസഭാ മണ്ഡലം തുടങ്ങി ദലിത് മുദ്രകുത്തപ്പെട്ട പ്രയോഗങ്ങള്‍ തുടരുന്നത്. ദലിത് മണ്ഡലത്തില്‍നിന്നു വിജയിച്ച സ്ഥാനാര്‍ഥി മുഖ്യമന്ത്രിയായാല്‍ പോലും ഈ മുദ്ര മായില്ല. ദലിത് മുഖ്യമന്ത്രി എന്നാണ് പറയുക.

തോട്ടിപ്പണി ചെയ്യുന്ന ആള്‍ എന്ന ഗാന്ധിജിയുടെ സ്വയം വിലയിരുത്തലിനെ അംബേദ്കര്‍ എതിര്‍ക്കുന്നത് ആ ജോലി ചെയ്തതുകൊണ്ടു നിങ്ങള്‍ തോട്ടി ആവുന്നില്ല എന്നാണ്. എന്നാല്‍, ദലിത് സമുദായത്തില്‍ ജനിച്ച്, മറ്റേതു ജോലി ചെയ്താലും അയാളെ തോട്ടിപ്പണി ചെയ്യുന്ന/ ചെയ്യേണ്ടുന്ന ആള്‍ എന്ന തരത്തിലാണ് ജാതിവ്യവസ്ഥ വീക്ഷിക്കുന്നത്. അതുകൊണ്ട് ഗാന്ധിജിയല്ല, മറിച്ച് ദലിത് സമുദായത്തില്‍ ജനിച്ച താനാണ് തോട്ടിപ്പണിക്കാരന്‍ എന്നും അബേദ്കര്‍ പറയുന്നുണ്ട്. തോട്ടിവേലക്കാരന്‍ എന്ന മുദ്ര ദലിതുകള്‍ക്കുമേല്‍ അവരുടെ ജനനത്തോടെ തന്നെ കുത്തപ്പെടുകയാണ്.

ജാതി മേധാവിത്വത്തിന്‍റെ ഇടങ്ങള്‍

ജാതിവ്യവസ്ഥയ്ക്കു ജീവിതപരിസരവുമായി ബന്ധമുണ്ട്. അംബേദ്കറുടെ ജീവിതമെടുത്താല്‍ അദ്ദേഹം ഇന്ത്യയില്‍ ജീവിച്ച കാലത്തു മാത്രമാണ് ജാതിവിവേചനം നേരിടേണ്ടിവന്നത്. ലണ്ടന്‍, കാംബ്രിജ് എന്നിവിടങ്ങളിലെ പഠനകാലത്തൊന്നും അദ്ദേഹത്തിനു ജാതിവിവേചനം നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍, പഠനം കഴിഞ്ഞു മുംബൈയില്‍ എത്തിയതോടെ വീണ്ടും ജാതിവിവേചനമുണ്ടായി. ദലിത് വിഭാഗത്തില്‍ ജനിച്ചുവെന്നതു മാത്രമല്ല, ജീവിക്കുന്ന പരിസരവും ജാതിവിവേചനത്തിനുള്ള ഘടകമാണ്. ഇന്ത്യയില്‍ ദലിത് വിഭാഗത്തിലുള്ളയാള്‍ ഹിന്ദുവാണ്, ജാതിവ്യവസ്ഥയുടെ ഇരയാണ്. എന്നാല്‍, അയാള്‍ ഇന്ത്യക്ക് പുറത്താണെങ്കില്‍, ഹിന്ദുവാണെങ്കില്‍ പോലും പൊതുഇടങ്ങളില്‍ ജാതിവിവേചനം നേരിടേണ്ടിവരുന്നില്ല. ജാതിവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് ശരീരവും ജീവിതപരിസരവും (ഘമിറ മിറ വേല യീറ്യ) തമ്മില്‍ ബന്ധമുള്ളിടത്തു മാത്രമാണ്.

ദലിതുകള്‍ ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞതിന്‍റെ കാരണം ദലിത് സംഘടനകള്‍ ആവര്‍ത്തിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുമതത്തിനകത്തു നിന്നുകൊണ്ടു ദലിതുകള്‍ക്ക് ഒരിക്കലും നവീകരണം സാധ്യമല്ല. ഇന്ത്യയില്‍ ദലിത് സംഘടനകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ശരീരവും ജീവിതപരിസരവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാത്ത കാലത്തോളം, അതായത് ഹിന്ദുമതത്തില്‍നിന്നു പുറത്തുകടക്കാത്ത കാലത്തോളം നവീകരണം സാധ്യമാവില്ല. ദലിതുകള്‍ ബുദ്ധമതത്തിലേക്കു മാറുക എന്നതാണ് അംബേദ്കര്‍ ഇതിനു പരിഹാരമായി പറഞ്ഞത്. എന്നാല്‍, ഇതു ശരിയായ പരിഹാരമല്ലെന്നാണ് എന്‍റെ നിരീക്ഷണം. ഇന്ത്യയില്‍ ബുദ്ധമതക്കാരനായി ജീവിക്കുമ്പോഴും ശരീരവും ജീവിതപരിസരവുമായി ബന്ധമുണ്ട്. എന്നാല്‍, ഇസ്ലാം മതത്തില്‍ അങ്ങനെയില്ല. ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് ജീവിച്ചവര്‍ക്കോ ജീവിക്കുന്നവര്‍ക്കോ മാത്രമായി ഉള്ളതല്ല. ലോകത്തെവിടെയായാലും മുസ്ലിമിന്‍റെ ആചാരങ്ങളും സംസ്കാരവും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമില്‍ ശരീരവും ജീവിതപരിസരവും തമ്മില്‍ വേറിട്ടുപോവാന്‍ സാധിക്കാത്തവിധം തീവ്രമായ ബന്ധമില്ല.

മതം തന്നെയാണ് ഘടകം

ഇന്ത്യയില്‍ ഗാന്ധിജിയുടെ, അംബേദ്കറുടെ കാലം മുതലേ ജാതിവിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ധാരാളം ദലിത് സംഘടനകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. എങ്കിലും ജാതിവിവേചനവും അടിച്ചമര്‍ത്തലും പൂര്‍ണമായി ഇല്ലാതെയാക്കാന്‍ സാധിക്കാത്തത് ശരീരവും ജീവിതപരിസരവും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ശാരീരികമായി നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ചു മാത്രമാണ് ദലിതുകള്‍ ബോധവാന്മാരാവുന്നത്. അവരുടെ ജീവിതപരിസരം, നിലനില്‍ക്കുന്ന ഇടം, അല്ലെങ്കില്‍ മതം ഇതിലൊരു ഘടകമാണെന്നു തിരിച്ചറിയുന്നില്ല. ഇതുകൊണ്ടുതന്നെ ദലിത് സംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്നു പറയേണ്ടിവരും.

ദലിതുകള്‍ക്ക് എന്താണ് ഹിന്ദുമതം എന്നറിയില്ല, അല്ലെങ്കില്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല. ഹിന്ദുമതം എന്നാല്‍ അമ്പലത്തില്‍ പോവലാണ് എന്നാണ് അവര്‍ മനസ്സിലാക്കിയിട്ടുള്ളത്. അമ്പലത്തില്‍ പോയില്ലെങ്കില്‍ ഹിന്ദുവല്ലെന്ന്. നിരീശ്വരവാദി എന്നുപറയുന്ന ദലിതുകള്‍ തന്നെ അവര്‍ പിന്തുടരുന്നത് ഹിന്ദു ആചാരവും സംസ്കാരവുമാണെന്നു തിരിച്ചറിയുന്നില്ല. വീട്ടിനു പുറത്ത് ചെരിപ്പ് അഴിച്ചിടുന്നത്, ഭക്ഷണം കഴിക്കുന്നത്, കുളിക്കുന്നത്, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങി അവര്‍ പിന്തുടരുന്ന എല്ലാ ജീവിതരീതികളും ചടങ്ങുകളും ആഘോഷങ്ങളും ഹിന്ദുമതത്തിന്‍റെ ഭാഗമാണ്. അങ്ങനെയാണ് വിനായക ചതുര്‍ഥി പോലുള്ളവ ദലിതുകള്‍ ആഘോഷിക്കുന്നത്. ദലിതുകള്‍ക്കുള്ളില്‍ തന്നെ പരസ്പരം വിവേചനമുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. വിവിധ ദലിത് സംഘടനകള്‍ മാളത്തിനകത്തേക്കു കടത്തിവിടാത്ത ഞണ്ടുകളെപ്പോലെ പരസ്പരം പോരടിക്കുന്നവരുമാണ്. തമിഴ്നാട്ടില്‍ ദലിതുകള്‍ക്കിടയില്‍ തന്നെ തൊട്ടുകൂടായ്മയുണ്ട്. മായാവതി ഒരു ഉദാഹരണമാണ്. അവര്‍ ഭരിച്ച കാലത്ത് എത്ര ദലിത് സ്ത്രീകളാണ് ബലാല്‍സംഗത്തിനിരയായത്? എത്ര പേര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത്? ആര്‍ക്കാണ് വിവേചനം നേരിടേണ്ടിവരുന്നത് അവന്‍ ദലിതനാണ്. ആര്‍ക്കു വിവേചനം നേരിടേണ്ടി വരുന്നില്ല, അവന്‍ ദലിതനല്ല എന്നാണ് ഞാന്‍ പറയുക.

Similar News