പരാജയം വിട്ടുമാറാതെ ജര്‍മനി; ഇത്തവണ തോറ്റത് ഫ്രാന്‍സിനോട്

Update: 2018-10-17 11:32 GMT

പാരീസ്: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തിരിച്ചടിയേറ്റ ജര്‍മനിയെ വിട്ടുമാറാതെ പരാജയ തുടര്‍ച്ച. ഇന്നലെ യുവേഫ നാഷന്‍സ് ലീഗിലെ മല്‍സരത്തില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ വിറപ്പിച്ചെങ്കിലും ഒടുവില്‍ ജര്‍മനിക്ക് അടിയറവയ്‌ക്കേണ്ടി വന്നു. ഒരു ഗോള്‍ നേടിയ ശേഷം രണ്ട് ഗോളുകള്‍ വഴങ്ങിയാണ് ജര്‍മനി പരാജയം സമ്മതിച്ചത്്. ജര്‍മനിയെ ടോണി ക്രൂസ് പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തിച്ചപ്പോള്‍ അന്റോണിയോ ഗ്രീസ്മാന്റെ ഇരട്ടഗോളാണ് ഫ്രാന്‍സിന് വിജയം നേടിക്കൊടുത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നു കളിയില്‍ നിന്നായി ഏഴു പോയിന്റാണവര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം ജര്‍മനിയെ തോല്‍പിച്ച നെതര്‍ലന്‍ഡ്‌സ് മൂന്ന് പോയിന്റുമായി രണ്ടാമതും ഉണ്ട്. മൂന്നു കളിയില്‍ വെറും ഒരു പോയിന്റുള്ള ജര്‍മനി അവസാന സ്ഥാനത്താണ്. ഇനി നെതര്‍ലന്‍ഡിനെതിരായുള്ള മല്‍സരത്തില്‍ അവരെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ജര്‍മനിക്ക് തരം താഴ്ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ.
സൂപ്പര്‍ താരം ഒളിവര്‍ ജിറൗഡിനെ മുന്നില്‍ നിര്‍ത്തി ഫ്രാന്‍സിനെ ദിദിയര്‍ ദെഷാംപ്‌സ് 4-3-2-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ തിമോ വെര്‍ണര്‍-ഗ്നാബ്രി എന്നിവരെ ആക്രമണച്ചുമതല ഏല്‍പിച്ച് 4-4-2 എന്ന ഫോര്‍മാറ്റിലാണ് ജോച്ചിം ലോ ശിശ്യന്‍മാരെ വിന്യസിച്ചത്.
കിടിലം പാസിങിലൂടെ കളം പിടിച്ച ജര്‍മനിക്ക് പന്തടക്കത്തില്‍ മുന്നിട്ടു നില്‍ക്കാനായെങ്കിലും ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ അവര്‍ പിറകോട്ട് പോയി.
ഗ്രീസ്മാന്റെ മുന്നേറ്റത്തില്‍ തുടര്‍ന്ന മല്‍സരത്തിലെ 14ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ടോണി ക്രൂസാണ് ജര്‍മനിയെ മുന്നിലെത്തിച്ചത്. ഫ്രാന്‍സ് പെനല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് ജര്‍മന്‍ മുന്നേറ്റത്തിനിടെ ഫ്രഞ്ച് താരം പ്രസ്‌നല്‍ കിംപെമ്പെയുടെ കൈയില്‍ തട്ടിയതിനാണ് റഫറി ഫ്രാന്‍സിന് പ്രതികൂലമായി പെനല്‍റ്റി വിധിച്ചത്. ടോണി ക്രൂസിന്റെ പെനല്‍റ്റി ഷോട്ട് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് വലയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് 19ാം മിനിറ്റില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് ജര്‍മനിയുടെ ഗോള്‍ നേട്ടം രണ്ടാക്കാന്‍ തിമോ വെര്‍ണറിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഫിനിഷിങിലെ പിഴവ് ടീമിനെ പിടികൂടി. 39ാം മിനിറ്റില്‍ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയ്ക്ക് ഫ്രാന്‍സിനെ സമനിലയിലെത്തിക്കാന്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകായിരുന്നു. പെനല്‍റ്റി ബോക്‌സിനടുത്തു വച്ച ലഭിച്ച പന്ത് ഒന്ന് തൊട്ടിടേണ്ട ആവശ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ. പക്ഷേ, മുന്നേറ്റം വിഫലമായി. ജര്‍മനിയുടെ ആശ്വാസം പക്ഷേ 62ാം മിനിറ്റുവരെയേ നീണ്ടുനിന്നുള്ളു. സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്റെ മികച്ചൊരു ഹെഡ്ഡറിലൂടെ ഫ്രഞ്ചുകാര്‍ ഒപ്പമെത്തി. ഇരുടീമും ഒപ്പത്തിനൊപ്പമായതോടെ പിന്നീട് വിജയഗോളിനായി പൊരുതി. എന്നാല്‍ 80ാം മിനിറ്റില്‍ ഇത്തവണ പെനല്‍റ്റി ഭാഗ്യം ഫ്രഞ്ചിനൊപ്പം നിന്നു. മിലോറാദ് മാസിച്ചിനെ വീഴ്ത്തിയതിന് ജര്‍മനിയുടെ മാറ്റ് ഹമ്മല്‍സിനെതിരേയാണ് റഫറി പെനല്‍റ്റി വിധിച്ചത്. പെനല്‍റ്റിയെടുത്ത ആദ്യ ഗോള്‍ സ്‌കോറര്‍ ഗ്രീസ്മാന്‍ ലക്ഷ്യം കണ്ടതോടെ ജര്‍മനിയുടെ വിജയമോഹം ഏറെക്കുറേ തകര്‍ന്നിരുന്നു. പിന്നീട് പ്രതിരോധക്കോട്ട കെട്ടിയ ഫ്രഞ്ച് മുഖത്തെ വിറപ്പിക്കാന്‍ ജര്‍മനിക്ക് കഴിയാതെ വന്നതോടെ നാഷന്‍സ് ലീഗിലെ രണ്ടാം തോല്‍വിയോടെ ജര്‍മനിക്ക് ബൂട്ടഴിക്കേണ്ടി വന്നു.
ഇന്നത്തെ ഫലത്തോടെ അവസാന 10 മല്‍സരങ്ങളില്‍ ആറെണ്ണവും ജര്‍മനി തോക്കുകയും ചെയ്തു.
Tags:    

Similar News