കോഴിക്കോട്: ബിനോ ജോര്‍ജ് ഐലീഗ് ടീമായ ഗോകുലം കേരള എഫ്‌സിയുടെ മുഖ്യപരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തി. ബിനോയായിരിക്കും വരും സീസണില്‍ ടീമിന്റെ മുഖ്യപരിശീലകനെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
വിദേശ പരിശീലകനായ ഫെര്‍ണാണ്ടോ ആന്ദ്രേ സാന്റിയാഗോ വലേരയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന വലേരയുടെ പ്രകടനത്തില്‍ ഗോകുലം മാനേജ്‌മെന്റ് തൃപ്തരായിരുന്നില്ല. പുതിയ സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്നാണ് ബിനോയുടെ പ്രതീക്ഷ. ഐലീഗില്‍ ഒന്നാമതായി എഎഫ്‌സി കപ്പില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് ബിനോ പറഞ്ഞു. അടുത്ത മാസം അവസാന ആഴ്ചയാണ്് ഐലീഗിന് തുടക്കമാവുക.