ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അനധികൃത നിയമനം: നവംബര്‍ രണ്ടിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ചു നവംബര്‍ രണ്ടിനകം റവന്യൂ അഡീഷല്‍ സെക്രട്ടറി (ദേവസ്വം) തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. നവംബര്‍ രണ്ടിനകം തീരുമാനം എടുത്തില്ലെങ്കില്‍ അഞ്ചിന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നു സെക്രട്ടറിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
അനധികൃത നിയമനം സംബന്ധിച്ചു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപണവിധേയനായ എന്‍ രാജു സമര്‍പ്പിച്ച ഹരജിയാണു കോടതി പരിഗണിക്കുന്നത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണു രാജു ഹരജിയില്‍ ആവശ്യപ്പെടുന്നത്.
പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ 20 ദിവസത്തിനകം അധികൃതര്‍ തീരുമാനമെടുക്കണമെന്നു കഴിഞ്ഞ മാസം ഒമ്പതിനു കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നു കോടതി കണ്ടെത്തി. തുടര്‍ന്നാണു രണ്ടു ദിവസം കൂടി അനുവദിച്ചത്.
1985ല്‍ ജനറല്‍ വര്‍ക്മാന്‍ ആയാണ് എന്‍ രാജു ജോലിയില്‍ പ്രവേശിച്ചത്. ഇതിനു ശേഷം കാലാകാലങ്ങളില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗമായി മാറുകയും ചെയ്തു. നിലവില്‍ ഫോര്‍മേന്‍ ഗ്രേഡ് ഒന്നായാണു പ്രവര്‍ത്തിക്കുന്നത്. അനധികൃത ഇടപെടലുകള്‍ ആരോപിച്ച് കലൂര്‍ പാവകുളം ശിവക്ഷേത്രത്തിലെ പൂജാരിയായ എന്‍ ശ്രീജേഷ് സമര്‍പ്പിച്ച പരാതിയിലാണു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഗുരൂവായൂര്‍ ദേവസ്വം കമ്മീഷണറായ വി എം ഗോപാല മേനോന്‍ ഐഎഎസ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായിരുന്ന കെ മുരളീധരന്‍, ടി വി ചന്ദ്രമോഹന്‍, മധുസൂദനന്‍ പിള്ള, ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ. എം ജനാര്‍ദനന്‍, കെ ശിവശങ്കരന്‍ എന്നിവര്‍ക്ക് അനധികൃത നിയമനങ്ങളില്‍ പങ്കുണ്ടെന്നാണു പരാതിയിലുണ്ടായിരുന്നത്.