ജിന്‍സണ്‍ ജോണ്‍സണും വി. നീനയ്ക്കും ജി.വി രാജ അവാര്‍ഡ്

Update: 2018-10-16 12:42 GMT


സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 201718ലെ ജി.വി. രാജ അവാര്‍ഡും മറ്റ് കായിക അവാര്‍ഡുകളും വ്യവസായ, കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര അത്‌ലറ്റായ ജിന്‍സണ്‍ ജോണ്‍സണാണ് പുരുഷവിഭാഗം ജി.വി. രാജ അവാര്‍ഡ്. അന്താരാഷ്ട്ര അത്‌ലറ്റായ വി. നീനയ്ക്ക് വനിതാ വിഭാഗം പുരസ്‌കാരം ലഭിച്ചു. ഇരുവര്‍ക്കും മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും.

ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനാണ് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മറ്റു പുരസ്‌കാരങ്ങള്‍ ചുവടെ: മികച്ച പരിശീലകന്‍: എസ്. മനോജ് (വോളിബോള്‍ പരിശീലകന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍) ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
മികച്ച കായികാധ്യാപകന്‍ (കോളേജ് തലം): ഡോ. മാത്യൂസ് ജേക്കബ് (മാര്‍ അത്താനേഷ്യസ് കോളേജ്, കോതമംഗലം). അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളേജ്: അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.അബിഗേയില്‍ ആരോഗ്യനാഥനാണ് (സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കൊല്ലം) സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

ജിന്‍സി ജിന്‍സണാണ് (അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി) കോളേജ് തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്‌കൂള്‍ കായിക അധ്യാപകനുള്ള അവാര്‍ഡ് തീരുമാനിച്ചിട്ടില്ല. അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ മികച്ച സ്‌കൂളിനുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. കോളേജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ (ആണ്‍കുട്ടികള്‍) അപേക്ഷകള്‍ ലഭിക്കാതിരുന്നതിനാല്‍ മികച്ച കോളേജ്, സ്‌കൂള്‍തല സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആണ്‍കുട്ടികള്‍ക്കുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar News