ന്യൂഡല്‍ഹി: പ്രമാദമായ ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ പ്രതികളായ 16 പേര്‍ക്ക് ജീവപര്യന്തം തടവ്. അര്‍ധ സൈനിക വിഭാഗത്തില്‍പെട്ട 16 പോലിസുകാര്‍ക്കാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. നേരത്തേ വിചാരണക്കോടതി വെറുതെവിട്ട പ്രതികളെയാണ് ഡല്‍ഹി കോടതി ശിക്ഷിച്ചത്. മുസ്‌ലിംകള്‍ക്കെതിരേ സൈന്യം നടത്തിയ ആസൂത്രിത കൊലപാതകമാണ് ഹാഷിംപുരയില്‍ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. 1987 മെയില്‍ ഉത്തര്‍പ്രദേശിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്്‌ലിം യുവാക്കളെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയിലെ 19 അംഗങ്ങള്‍ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി വെടിവച്ചുകൊലപ്പെടുത്തിയെന്നാണു കേസ്. മീറത്തില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 700ഓളം മുസ്‌ലിംകളെയാണ് പിഎസി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 50ഓളം യുവാക്കളെ പോലിസ് ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിനരികെ കൊണ്ടുപോയി വെടിവച്ചുകൊന്ന് കനാലില്‍ തള്ളുകയായിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് വളപ്പിനകത്ത് ശിലാന്യാസം നടത്താന്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ കാലമായിരുന്നു. സംഘത്തില്‍ നിന്ന് അഞ്ചുപേര്‍ മാത്രമാണ് കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത്. മുഹമ്മദ് നഈം, മുജീബുര്‍റഹ്്മാന്‍, മുഹമ്മദ് ഉസ്മാന്‍, ബാബുദ്ദീന്‍ എന്നിവരും സുല്‍ഫിക്കാര്‍ നാസിറുമാണ് രക്ഷപ്പെട്ടത്. വെടിയേറ്റെങ്കിലും ഇരുട്ട് കാരണം മരിച്ചെന്ന് ഉറപ്പുവരുത്താന്‍ പിഎസി ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. പിന്നീട് ഇവര്‍ കേസിലെ സാക്ഷികളായി. ഇതോടെയാണ് നിയമപാലകര്‍ തന്നെ നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. 2000ത്തില്‍ പ്രതികളായ 16 പേര്‍ കീഴടങ്ങുകയും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്നുപ്രതികള്‍ ഇക്കാലയളവില്‍ മരണപ്പെട്ടു. 2015ല്‍ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 28 വര്‍ഷത്തെ വിചാരണയ്ക്കുശേഷം പ്രതികളായ പോലിസുകാരെ കോടതി വെറുതെവിട്ടത് വന്‍ വിവാദമായിരുന്നു. ഇരകള്‍ക്കു നീതിനിഷേധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിച്ചെന്ന് കേസന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കാളിയായ മുന്‍ പോലിസ് ഉദ്യോഗസ്ഥനും സംഭവസമയം ഗാസിയാബാദ് എസ്എസ്പി യുമായിരുന്ന വിഭൂതി നാരായണ്‍ റായ് വെളിപ്പെടുത്തിയത് ഗൂഢാലോചനയുണ്ടെന്ന വാദത്തിന് ബലമേകി.